അവരുടെ കോപ്പിയും കോപ്പിയടിച്ചു നമ്മള്‍ !

By Prashobh PrasannanFirst Published Dec 13, 2018, 4:34 PM IST
Highlights

പഞ്ചാബി, ഭോജ്‌പുരി ഗ്രാമീണ നാടോടി ഈണങ്ങളുടെ സ്വാധീനം ഇരുരാജ്യങ്ങളിലെയും ചലച്ചിത്ര ഗാനങ്ങളിലുണ്ട്‌. എന്നാല്‍ അയല്‍ക്കാരന്‍ കൈവച്ച ശേഷം മാത്രമേ പലപ്പോഴും നമ്മുടെ സംഗീത സംവിധായകരുടെ ശ്രദ്ധ ഇത്തരം പരമ്പരാഗത ഈണങ്ങളില്‍ പതിഞ്ഞിട്ടുള്ളുവെന്നതാണ്‌ യാതാര്‍ത്ഥ്യം. അതും നാടോടി ഈണങ്ങളുടെ ചുവടുപിടിച്ച് പാക്ക് സംഗീത സംവിധായകര്‍ സൃഷ്ടിച്ച ഈണങ്ങളെപ്പോലും അതേപടി പകര്‍ത്തുകയും ചെയ്തു ചിലര്‍! പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

വര്‍ഷം 1947. സ്വതന്ത്ര ഇന്ത്യയും പാക്കിസ്ഥാനും ജനിച്ച അതേ വര്‍ഷം ജനിച്ച ഫോക്ക്‌ ഗായികയാണ്‌ രേഷ്‌മ. രേഷ്‌മയുടെ ശോകം തുളുമ്പുന്ന ഒരു  നാടോടി ഗാനമാണ്‌ 'ലംബി ജുദായി'. 1983ല്‍ സുഭാഷ്‌ ഗായി ചിത്രം ഹീറോയില്‍ ലക്ഷ്‌മീകാന്ത്‌ പ്യാരേലാലിനു വേണ്ടി രേഷ്‌മ ഇതേ ഗാനം ആലപിച്ചിരുന്നു.

Latest Videos

ഇനി 2008ല്‍ പുറത്തിറങ്ങിയ ജന്നത്ത് എന്ന ചിത്രത്തിലെ ലംബി ജുദായി കേള്‍ക്കുക‌. വാദ്യോപകരണങ്ങള്‍ കുത്തിനിറച്ച്‌ റിച്ച ശര്‍മയെയെക്കൊണ്ട്‌ 'ലംബി ജുദായി' ഭീതിദമാക്കിയിരിക്കുന്നു സംഗീത സംവിധായകന്‍ പ്രിതം ചക്രബര്‍ത്തി.

സല്‍മാന്‍ ചിത്രം ദബംഗ് (2010)ല്‍ ലളിത്‌ പണ്ഡിറ്റ്‌ എഴുതി അദ്ദേഹം തന്നെ ഈണമിട്ടു എന്ന് അവകാശപ്പെടുന്ന ഒരു ഗാനമുണ്ട്.  മല്ലിക അറോറാ ഖാന്‍ തകര്‍ത്താടിയ ഹിറ്റ്‌ ഐറ്റം നമ്പര്‍ 'മുന്നി ബദ്‌നാം ഹുയി'. മംമ്ത ശര്‍മ്മയുെടയും ഐശ്വര്യയുടെയും മാദകശബ്ദം. ഗാനം വിറ്റു കാശുവാങ്ങിയത് ടി സീരീസ്.

 

ഈ ഗാനം കേള്‍ക്കുമ്പോള്‍ 'ലോണ്ടാ ബദ്നാം ഹുവാ നസീബന്‍ തേരേ ലിയേ' എന്ന ഭോജ്‌പുരി നാടോടി ഗാനം ഓര്‍മ്മകളിലെത്തും. കേട്ടു നോക്കൂ.

1993ല്‍ പുറത്തിറങ്ങിയ പാക്കിസ്ഥാനി കോമഡി ചിത്രം മിസ്‌റ്റര്‍ ചാര്‍ലിയിലും ഖവാലി ചുവയുള്ള ഈ നാടോടി ഗാനം കേള്‍ക്കാം. ചാര്‍ലിക്കു വേണ്ടി ഗാനത്തെ പരുവപ്പെടുത്തിയത്‌ കെമാല്‍ അഹമ്മദ്‌.

'ലഡ്ക്കാ ബദനാം ഹുവാ ഹസീനാ തേരേ ലിയേ' എന്നു പാടിപ്പറഞ്ഞ്‌ കാമുകിയുടെ പിന്നാലെ ഓടിനടന്ന്‌ ഒടുവില്‍ പൊലീസ്‌ പിടിക്കുന്നതു വരെ കാണികളെ ചിരിപ്പിക്കുന്ന ഒമര്‍ ഷെരീഫിനെയും കൂട്ടരെയും ഇന്ത്യക്കാരന് അറിയില്ലെങ്കിലും പാക്കിസ്ഥാന്‍കാരന്‍ മറക്കാനിടയില്ല.

കാണാത്തവര്‍ കണ്ടോളൂ

ലൗവ്‌ ആജ്‌ കല്‍ 2009ല്‍ പുറത്തിറങ്ങിയ സെയിഫ്‌ അലിഖാന്‍- ദീപികാ പദുക്കോണ്‍ ചിത്രമാണ്. ചിത്രത്തിലെ 'കദി തേ ഹസ്‌ ബോല്‍' പഞ്ചാബിലും പരിസരപ്രദേശങ്ങളിലും പാടിപ്പതിഞ്ഞൊരു നാടോടിപ്പാട്ടാണ്. പാക്ക്‌ ഗായകന്‍ ഷൗക്കത്ത്‌ അലിയുടെ മാസ്റ്റര്‍ പീസ്‌ ഗാനം. തൊണ്ണൂറുകളുടെ ആദ്യം ഈ ഈണത്തിന്റെ ചുവടുപിടിച്ച്‌ പാക്കിസ്ഥാനില്‍ ഇറങ്ങിയ ഇന്‍ഡി-പോപ്പ്‌ വീഡിയോ ആല്‍ബവും വന്‍ ഹിറ്റായിരുന്നു.

 

'ഓ സനം കുജാ ബെരി' (ഷീന്‍ 2004) വന്നത്‌ പാക്കിസ്ഥാനും അപ്പുറത്തുള്ള അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ്. 'ഓഹ്‌ ഖാനും കുജാ ബെരി' എന്ന അഫ്‌ഗാന്‍ നാടോടി ഗാനത്തിന്റെ ശീലുകള്‍ കടം വാങ്ങിയുണ്ടാക്കിയ പാട്ടാണിത്.

 

ഗബ്ബര്‍ ഈസ്‌ ബാക്കില്‍ (2015) യോ യോ ഹണിസിംഗിന്റെ 'ആവോ രാജയുടെ' ഈണത്തിന്‌ പഞ്ചാബി-പാക്ക്‌ നാടോടിപ്പാട്ടായ 'കുംഡി നാ ഖദ്‌ക്കാ സോണിയാ'യ്‌ക്ക്‌ കടപ്പാട്‌.

നാളെ - ഈ ഇന്ത്യന്‍ ഹിറ്റുകളൊക്കെ ഉണ്ടാക്കിയത് എം അഷ്റഫ് എന്ന പാക്കിസ്ഥാനിയാണ്!

click me!