പാട്ടിന്‍റെ വരികളില്‍ നിന്നും രണ്ടക്ഷരം മാറ്റിയപ്പോള്‍ ഈണം സ്വന്തമായി!

By Prashobh Prasannan  |  First Published Dec 10, 2018, 7:17 PM IST

കോപ്പിയടി വിവാദങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്ന കാലമാണ്. ഈ ബഹളങ്ങള്‍ക്കിടിയില്‍ നമ്മള്‍ കേള്‍ക്കുന്ന, താളം പിടിക്കുന്ന സിനിമാപ്പാട്ടുകളൊക്കെ പൂര്‍ണമായും മൗലികമായ സൃഷ്‍ടികളാണോയെന്ന് എപ്പോഴെങ്കിലും നിങ്ങള്‍  ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഈ പ്രിയഗാനങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് അറിയുമോ? പ്രശോഭ് പ്രസന്നന്‍ എഴുതുന്ന പരമ്പര ആരംഭിക്കുന്നു. ഇന്ത്യന്‍ പാട്ടുകള്‍; പക്ഷേ പാക്കിസ്ഥാനി ഈണം!


കോപ്പിയടി വിവാദങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്ന കാലമാണ്. ഈ ബഹളങ്ങള്‍ക്കിടിയില്‍ നമ്മള്‍ കേള്‍ക്കുന്ന, താളം പിടിക്കുന്ന സിനിമാപ്പാട്ടുകളൊക്കെ പൂര്‍ണമായും മൗലിക സൃഷ്‍ടികളാണോയെന്ന് എപ്പോഴെങ്കിലും നിങ്ങള്‍  ചിന്തിച്ചിട്ടുണ്ടോ? സിനിമാപ്പാട്ടുകളുടെ പകര്‍പ്പവകാശത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ചിലരെങ്കിലും മറന്നുകാണില്ല. ഈയൊരു സാഹചര്യത്തിലാണ് പല ബോളിവുഡ് ഗാനങ്ങളും മലയാളം ഗാനങ്ങളും തമിഴ് ഗാനങ്ങളുമൊക്കെയെടുത്ത് വെറുതെ കേട്ടു നോക്കുന്നത്. കോപ്പിയടിച്ചതെന്ന് മുമ്പേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന ചില ഗാനങ്ങളില്‍ തുടങ്ങിയ അന്വേഷണം അറിയാതെ മറ്റു പലതിലേക്കും നീണ്ടു. 

Latest Videos

undefined

പാട്ടുകളങ്ങനെ കേട്ടുകൊണ്ടിരുന്നപ്പോള്‍ കൗതുകം തോന്നി. പലതും പലതിന്‍റെയും പകര്‍പ്പുകളായിരുന്നു. കൊടുക്കല്‍ വാങ്ങലുകളും പ്രചോദിത സൃഷ്ടികളുമൊക്കെ ഒരുപാടുണ്ടായിട്ടുണ്ട് സിനിമാസംഗീതത്തില്‍. പക്ഷേ അതുപോലെയല്ലല്ലോ ഈച്ചക്കോപ്പി. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ ഇങ്ങനെ പരസ്പരം അടിച്ചുമാറ്റലുകള്‍ നടന്നിട്ടുണ്ട്. വിദേശഭാഷകളില്‍ നിന്നും ഈണങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.  രാജ്യത്തെ പ്രമുഖരായ പലസംഗീത സംവിധായകരുടെയും നിരവധി ഈണങ്ങള്‍ ഇങ്ങനെ ഉണ്ടാക്കിയവയാണ്.

എന്നാല്‍ ബോളിവുഡ് ഗാനങ്ങളിലെ കോപ്പിയടിക്ക് മറ്റൊരു കൗതുകം കൂടിയുണ്ട്. അയല്‍രാജ്യമായ പാക്കിസ്ഥാനിലെ ഹിറ്റ് ഗാനങ്ങളുടെ പകര്‍പ്പുകളായിരുന്നു പലതും. ഇവിടെ ഇപ്പോള്‍ പരിശോധിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും അത്തരം ചില ഗാനങ്ങള്‍ മാത്രമാണ്. ഒരുകാലത്ത് രാജ്യം തകര്‍ത്താഘോഷിച്ച പല ഗാനങ്ങളും അയല്‍ക്കാരന്‍റെ സൃഷ്ടികളായിരുന്നു എന്നറിയുമ്പോള്‍ ചിലരെങ്കിലും ഞെട്ടിയേക്കും; പ്രത്യേകിച്ചും ദേശസ്നേഹികള്‍.

വിഭജനത്തിനും മുമ്പും ശേഷവുമൊക്കെയുള്ള ഇന്ത്യന്‍, പാക്കിസ്ഥാനി സിനിമാസംഗീതത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ശക്തമായ സാനിധ്യമുണ്ട്. ഗസലിന്‍റെയും ഖവാലിയുടെയുമൊക്കെ സ്വാധീനവുമുണ്ട്. ഓര്‍ക്കസ്ട്രേഷനിലും ഇത്തരം സാദൃശ്യങ്ങള്‍ കാണാം. ഒരുപക്ഷേ ഉപകരണസംഗീതത്തിലെ സമാനത മൂലമാവാം ഇത്. ഖവാലിയും ഗസലും സൂഫി സംഗീതവുമെല്ലാം ഉപഭൂഖണ്ഡത്തിലെ മിക്ക സംഗീതസംവിധായകരും പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ വിഭജനത്തിനു മുമ്പുള്ള ആദ്യകാല ബോളീവുഡ് ഗാനങ്ങളില്‍ പരമ്പരാഗത ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനം ശക്തമായിരുന്നെങ്കിലും ഭൂരിപക്ഷം സൃഷ്ടികളും മൗലികമായിരുന്നു.

എന്നാല്‍ എണ്‍പതുകളുടെ തുടക്കത്തില്‍ ഈ രീതിക്ക്‌ മാറ്റം വന്നു. ഖവാലികളും ആദ്യകാല പാക്കിസ്ഥാനി ചലച്ചിത്ര ഗാനങ്ങളും അതേപടി പകര്‍ത്തുകയായിരുന്നു പല ഇന്ത്യന്‍ സംഗീത സംവിധായകരും. അനുമാലിക്കും നദീം ശ്രാവണും ആര്‍ ഡി ബര്‍മ്മനും ആനന്ദ്‌ മില്ലിന്ദുമൊക്കെ പകര്‍പ്പെടുക്കാന്‍ വേണ്ടിയായിരുന്നു മത്സരിച്ചതെന്ന് തോന്നുന്നു. പാക്ക് സംഗീത സംവിധായകരായ എം അഷ്റഫും നഷാദുമൊക്കെ അറുപതുകളിലും എഴുപതുകളിലും പാക്കിസ്ഥാനി - ഉറുദു ചിത്രങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച ഈണങ്ങള്‍ അതേപടി ഖൈബര്‍ ചുരം കടന്ന് ഇന്ത്യയിലെത്തിക്കുകയായിരുന്നു പല ഇന്ത്യന്‍ സംഗീത സംവിധായകരും. ഇക്കാര്യത്തില്‍ ഈണക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് എത്രമാത്രം ശരിയാണെന്നൊരു ചോദ്യവും ഉയര്‍ന്നേക്കാം. കാരണം കോപ്പിയടിയെപ്പറ്റി ചോദിക്കുമ്പോള്‍ നിര്‍മ്മാതാവിന്‍റെയും സംവിധായകന്‍റെയുമൊക്കെ സമ്മര്‍ദ്ദമാണെന്നാവും അവര്‍ പറയുന്ന മറുപടി. എന്നാല്‍ പാട്ടുകളുടെ ക്രെഡിറ്റ് അവരുടെ പേരില്‍ വരുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം അവര്‍ക്കാണെന്ന് പറയാതെ വയ്യ. 

അതൊക്കെ അവിടെ നില്‍ക്കട്ടെ. ദേശീയതയെക്കുറിച്ച് പലരും വല്ലാതെ ഊറ്റം കൊള്ളുന്ന കാലമാണല്ലോ ഇത്. അതുകൊണ്ട് ഖവാലിയിലേക്കും ഗസലിലേക്കുമൊക്കെ വരുന്നതിനു മുമ്പ് രണ്ടക്ഷരം വീതം മാറ്റിയെഴുതി ദേശീയത പോലും പരസ്‌പരം പകര്‍ത്തിയ ഒരു ഗാനത്തില്‍ നിന്നു തന്നെ തുടങ്ങാം.

ഷഹലുദ്ദീന്‍ പര്‍വേസ് സംവിധാനം ചെയ്ത യാദോം കാ മോസം(1991) ആണ് ചിത്രം . സംഗീതം ആനന്ദ്‌ മില്ലിന്ദ്‌. വേദിയില്‍ വേദിയില്‍ കിരണ്‍കുമാറും ഒപ്പം ഇന്ത്യയുടെ തിളങ്ങുന്ന ഭൂപടവും. 'ദില്‍ ദില്‍ ഹിന്ദുസ്ഥാന്‍' എന്നു തുടങ്ങുന്ന ദേശീയത തുളുമ്പുന്ന ഗാനം ആലപിച്ചത് വിജയ്‌ ബനഡിക്ട്‌.

ഇനി പാക്കിസ്ഥാനിലെ പോപ്പ്‌ ബാന്‍ഡ്‌ വിറ്റല്‍ സിന്‍സിന്റെ മെഗാഹിറ്റ്‌ ഗാനം 'ദില്‍ ദില്‍ പാക്കിസ്ഥാന്‍' ഒന്നു കേട്ടു നോക്കൂ. ഞെട്ടരുത്. ഒരേ ഈണം. പക്ഷേ രാജ്യനാമം മാത്രം വ്യത്യസ്തം. ഷൊഹൈബ്‌ മന്‍സൂര്‍ രചിച്ച ഒരു ഉറുദു കാവ്യമാണ് 'ദില്‍ദില്‍ പാക്കിസ്ഥാന്‍'. ഇസ്ലാമാബാദ്‌ കേന്ദ്രകഥാപാത്രമായി വരുന്ന ഈ  വീഡിയോ സോങ്ങ് 1987ല്‍ പാക്കിസ്ഥാന്‍ ടെലിവിഷനായ പിടിവിയാണ്‌ ആദ്യമായി സംപ്രേക്ഷണം ചെയ്യുന്നത്‌. പാക്കിസ്ഥാന്റെ അനൗദ്യോഗിക ദേശീയ ഗാനം എന്നാണിത് അറിയപ്പെടുന്നത്.  2003ല്‍ ബിബിസി ജനപ്രിയ ഗാനങ്ങളിലൊന്നായി തിരഞ്ഞെടുത്ത ഈ ഗാനത്തിന്‍റെ റീമേക്ക്‌ വേര്‍ഷന്‍ 2014ല്‍ പുറത്തിറങ്ങിയിരുന്നു.

 

നാളെ - തൂ ചീസ് ബഡീ ഹെ മസ്‍ത് ഉണ്ടാക്കിയത് ഇങ്ങനെയാണ്!

click me!