ആ ദിവസം സംഭവിച്ചതെന്ത്? ഭാവന തുറന്നു പറയുന്നു

By Web Desk  |  First Published Apr 14, 2017, 1:22 AM IST

ലോകത്തെ തന്നെ വെറുത്തുപോകുന്ന സംഭവങ്ങളാണ് തന്റെ ജീവിതത്തില്‍ ഉണ്ടായതെന്ന് നടി ഭാവന. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു ബോധം തരാന്‍ സമൂഹത്തിന് കഴിഞ്ഞതുകൊണ്ടാണ് അത്തരമൊരു അവസ്ഥയില്‍ നിന്ന് താന്‍ രക്ഷപെട്ടതെന്നും ഭാവന പറയുന്നു. ഏതോ ഒരുത്തന്‍ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിന് താന്‍ വിഷമിച്ചാല്‍ അത് മനഃസാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കുമെന്നും താനല്ല തെറ്റുചെയ്തവരാണ് വിഷമിക്കേണ്ടതെന്നും വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറയുന്നു.

അന്ന് തൃശ്ശൂരിലെ വീട്ടില്‍ നിന്ന് സന്ധ്യകഴിഞ്ഞാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ വാഹനത്തില്‍ ഇടിക്കുന്നതും ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടുപേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശത്തുമായി കയറി. കൈയ്യില്‍ ബലമായി പിടിച്ചു. 'എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കുവേണ്ടത്, എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടുപോകും' എന്നൊക്കെയാണ് ആദ്യം പറഞ്ഞത്.  ഇടയ്ക്ക് ഡ്രൈവറോട് പറഞ്ഞ് കാര്‍ നിര്‍ത്തിച്ച് ചിലര്‍ ഇറങ്ങുകയും മറ്റു ചിലര്‍ കയറുകയും ചെയ്തതോടെ എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയത് പോലെ. പിന്നീട് പയ്യെപ്പയ്യെ മനഃസ്സാന്നിദ്ധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ച് മനസിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണെന്ന് തിരിച്ചറിയാന്‍ ചുറ്റുമുള്ള സൈന്‍ ബോര്‍ഡുകളും മറ്റ് കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ പറയുന്ന സംഭാഷണങ്ങളൊക്കെ ഓര്‍മ്മയിലേക്ക് റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ അവര്‍ ആരെയൊക്കെയോ വിളിച്ചു. പാലാരിവട്ടത്ത് നിന്ന് ലാല്‍ മീഡിയയിലേക്ക് തിരിയാതെ കാര്‍ നേരെ വിടാന്‍ നിര്‍ദ്ദേശം വന്നപ്പോള്‍ കൂടുതല്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്ന് തോന്നിത്തുടങ്ങി.

Latest Videos

undefined

പിന്നീട് പ്രധാന വില്ലനും കാറില്‍ കയറി. ഷൂട്ടിങിന് ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. കാറില്‍ വെച്ച് അയാളാണ്, ഇത് തനിക്കെതിരായ ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നുമൊക്കെ പറഞ്ഞത്. ഞങ്ങള്‍ക്ക് വീഡിയോ എടുക്കണമെന്നും ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞു. ഇതിലും ഭേദം മരണമാണെന്ന് തോന്നിപ്പോയി. വണ്ടി ലോക്കായിരുന്നു. നിലവിളിച്ചാല്‍ പോലും പുറത്ത് കേള്‍ക്കില്ല. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്ലാറ്റില്‍ കൊണ്ടുപോകും അവിടെ അഞ്ച് പേര്‍ കാത്തിരിക്കുന്നുണ്ട്,  മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും, അതു വീഡിയോയില്‍ പകര്‍ത്തും, പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല എന്നിങ്ങനെയായിരുന്നു ഭീഷണി. പല ചിന്തകളും മനസ്സില്‍ കയറിയിറങ്ങിപ്പോകുന്നതിനിടയില്‍ പലതരത്തിലും അവന്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവ വികാസങ്ങള്‍ ആ വണ്ടിയ്ക്കുള്ളില്‍ നടന്നു. താന്‍ ശരിക്കും നിസ്സഹായായിരുന്നു. എല്ലാം കഴിഞ്ഞ്  ഫോണ്‍ നമ്പര്‍ തരൂ ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന് അവന്‍ പറഞ്ഞു. ഇതൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസമെന്ന് തിരിച്ചുചോദിച്ചുവെന്നും ഭാവന പറയുന്നു.

വാസ്തവ വിരുദ്ധമായ പല വാര്‍ത്തകളും പല മാധ്യമങ്ങളിലും വരുന്നുണ്ടെന്നും പ്രധാന കേസിന്റെ നടപടികള്‍ അവസാനിക്കുന്ന മുറയ്ക്ക് അത്തരം മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭാവന അഭിമുഖത്തില്‍ പറയുന്നു. കേസ് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കേസ് പിന്‍വലിക്കുന്നു ഒത്തുതീര്‍പ്പാക്കുന്നു എന്നൊക്കെയുള്ള തരത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും ഭാവന വ്യക്തമാക്കുന്നു.

 

 

കടപ്പാട്: വനിത

click me!