അധികാരമാണ് അംഗീകാരം; മേരിക്കുട്ടി ഒരു കാഴ്ചാനുഭവം

By Nanda kumar  |  First Published Jun 15, 2018, 8:05 PM IST
  • നിങ്ങളുടെ സ്വത്വമല്ല മറിച്ച് അധികാരമാണ് സാമൂഹിക അംഗീകാരത്തിന്റെ മാനദണ്ഡമെന്ന് സിനിമ പറഞ്ഞുവെക്കുന്നു. 

ഒമ്പത് വര്‍ഷത്തിനിടെ പത്താമത്തെ ചിത്രം ഞാന്‍ മേരിക്കുട്ടിയുമായാണ് 2018 ല്‍ രഞ്ജിത്ത് ശങ്കര്‍ എത്തുന്നത്. 2009 ല്‍ ആദ്യ ചിത്രം പാസഞ്ചര്‍. ജയസൂര്യയെ നായകനാക്കി 2013 ല്‍ പുണ്യാളന്‍ അഗര്‍ബത്തീസ്. പിന്നീട് ഇങ്ങോട്ട് ജയസൂര്യയെ നായകനാക്കി അഞ്ചാമത്തെ രഞ്ജിത്ത് ശങ്കര്‍ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. പൊതുസമൂഹത്തില്‍ പ്രാന്തവത്കൃത ജീവിതം നയിക്കുന്ന ട്രാന്‍സ്‌ജെന്റേഴ്‌
സിനെ കുറിച്ചുള്ള മലയാള സിനിമാ ജീവിതങ്ങള്‍ ഒട്ടുമിക്കതും തൊലിപ്പുറ ചിത്രീകരണങ്ങളായിരുന്നു. വാണിജ്യ താല്പര്യങ്ങള്‍ കണക്കിലെടുക്കാതെ, പൊതുസമൂഹത്തിന്റെ അഭിരുചികളെ തൃപ്തിപ്പെടുത്തുകയോ കുത്തിനോവിക്കുകയോ ചെയ്യാത്ത സിനിമ വിപണി വഴികള്‍ക്ക് പുറത്തായിരിക്കും. മേരിക്കുട്ടിയും ആ നിലയ്ക്ക് വിപണിയുടെ ട്രാക്കിന് പുറത്താണ്. 

Latest Videos

undefined

മലയാളസിനിമയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്റേഴ്‌സിനെ പ്രധാന കഥാപാത്രമാക്കിയ സിനിമയായിരുന്നു ചാന്ത്‌പൊട്ട്. എന്നാല്‍ ഏറ്റെടുത്ത വിഷയത്തോട് സത്യസന്ധത പുലര്‍ത്തുന്നതില്‍ ചാന്ത്‌പൊട്ട് പരാജയപ്പെട്ടെങ്കിലും സിനിമ വാണിജ്യപരമായി അത്രമാത്രം പരാജയമായിരുന്നില്ല. ഇത്തരത്തില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെ, ട്രാന്‍സ്‌സെക്ഷ്വലിനെ പ്രധാന കഥാപാത്രമാക്കിയെത്തിയ മലയാളം സിനിമയാണ് ഞാന്‍ മേരിക്കുട്ടി. മേരിക്കുട്ടിയായി ജയസൂര്യയെത്തുന്നു. ശക്തരായ ആണ്‍ വേഷങ്ങളില്‍ നിന്ന് സ്‌ത്രൈണയുള്ള പുരുഷനിലേക്കുള്ള ജയസൂര്യയുടെ മാറ്റം കാര്യമായ ചലനങ്ങളുണ്ടാക്കാനുള്ള സാധ്യത വിരളമാണ്. ചാന്ത്‌പൊട്ട് ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊതുമണ്ഡലത്തില്‍ അപനിര്‍മ്മിക്കുന്നതില്‍ പരാജയപ്പെടുന്നത് നായകനായി അഭിനയിച്ച ദിലീപിന്റെ അമിത സ്‌ത്രൈണതയാലാണെങ്കില്‍ മേരിക്കുട്ടിയില്‍ ജയസൂര്യ അതിമിതത്വം പാലിക്കുന്നു. 

ചെന്നൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗം ഉപേക്ഷിച്ച്, സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞ് സ്ത്രീയാകാനുള്ള തന്റെ ആവശ്യത്തെ ഡോക്ടറോട് മാത്തുക്കുട്ടി എന്ന ഇടുക്കിക്കാരന്‍ പറയുന്നിടത്താണ് ഞാന്‍ മേരിക്കുട്ടി ആരംഭിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ജോലി ഉപേക്ഷിച്ച് അവള്‍ ഇടുക്കിയിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഇന്നും ലിംഗസ്ഥിരതയ്ക്ക് നല്‍ക്കുന്ന പ്രധാന്യം മാത്തുക്കുട്ടി എന്ന മേരിക്കുട്ടിയെ പൊതുസമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. താന്‍ ട്രാന്‍സ്‌ജെന്ററല്ല ട്രാന്‍സ്‌സെക്ഷ്വലാണെന്ന് മേരിക്കുട്ടി സ്ഥാപിക്കുമ്പോഴും മറ്റ് ട്രാന്‍സ്‌ജെന്ററുകളാരും സിനിമയിലൊരു കഥാപാത്രമാകാതെയിരിക്കുന്നതും മേരിക്കുട്ടി മറ്റ് ട്രാന്‍സ്‌ജെന്ററുകളില്‍ നിന്നും വ്യത്യസ്തയാണെന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാക്കുന്നു. ഇതരലിംഗക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനും, പൊതുസമൂഹത്തില്‍ സ്വീകരിക്കപ്പെടുകയും വേണമെങ്കില്‍ അധികാരത്തിന്റെ ഭാഗമായിമായി തീരണമെന്ന തിരിച്ചറിവ് മേരിക്കുട്ടിക്കുണ്ടാകുന്നു.    

പൊതുസമൂഹത്തിന്റെ മാനസികനിലയുടെ പ്രതിബിംബമാണ് ഞാന്‍ മേരിക്കുട്ടിയിലെ പോലീസുകാരും. നാട്ടിലെ എല്ലാ പ്രശ്‌നങ്ങളിലും തലയിടുന്ന, എപ്പോഴും ചായ കുടിച്ചുകൊണ്ടിരിക്കുന്ന ആണ്‍രൂപങ്ങളുടെ ചിന്തതന്നെയാണ് കേരളാ പോലീസിന്റെതുമെന്ന് സിനിമ പറഞ്ഞുവെക്കുന്നു. പുരുഷന്റെ അധികാരത്തിന് കൂട്ടിരിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന് ബോധ്യത്തിലാണ് പോലീസുകാരുടെ പ്രവൃത്തികളെല്ലാം. ജോജു ജോര്‍ജ്ജിന്റെ പോലീസുകാരന്‍ എടുത്തു പറയാവുന്ന കഥാപാത്രമാണ്. പതിവുപോലെ മലയാള സിനിമയിലെ എല്ലാ കലക്ടര്‍ കഥാപാത്രങ്ങളെയും പോലെ മേരിക്കുട്ടിയെ സിസ്റ്റത്തിനകത്ത് നിന്ന് സഹായിക്കാനായി സുരാജ് വെഞ്ഞാറമൂടിന്റെ കലക്ടറെത്തുന്നു. കലക്ടറുടെ സഹായത്തോടെ മേരിക്കുട്ടി, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് താല്പര്യമില്ലാഞ്ഞിട്ട് പോലും എസ്‌ഐയാകുന്നിടത്ത് സിനിമ അവസാനിക്കുന്നു. 

പൊതുസമൂഹത്തില്‍ പോലീസ്, പള്ളിക്കമ്മറ്റി, നാട്ടുകാര്‍, അച്ഛന്‍, സഹോദരി എന്നിങ്ങനെ ഭൂരിപക്ഷവും മേരിക്കുട്ടിക്ക് എതിരുനില്‍ക്കുമ്പോള്‍ മേരിക്കുട്ടിയോടൊപ്പം നില്‍ക്കാന്‍ പള്ളിലച്ചനും കലക്ടറും ആര്‍ജെ സുഹൃത്തും പിന്നെ കളിക്കൂട്ടുകാരിയും മാത്രമേയുള്ളൂ. ട്രാന്‍സ്‌ജെന്റേഴ്‌സും സമൂഹവും തമ്മിലുള്ള അസ്വാരസ്യത്തില്‍ മാറ്റമുണ്ടാകേണ്ടത് ട്രാന്‍സ്‌ജെന്റേഴ്‌സല്ലെന്നും മറിച്ച് സമൂഹത്തിനാണെന്നും മേരിക്കുട്ടി പറയുന്നുണ്ടെങ്കിലും ട്രാന്‍ജെന്ററിന്റെ സ്വത്വത്തെ മാറ്റിനിര്‍ത്തിത്തന്നെയാണ് മേരിക്കുട്ടിയും നില്‍ക്കുന്നത്. തന്റെ സ്വത്വം ട്രാന്‍സ്സെക്ഷ്വലിന്റെതാണെന്ന് ഉറപ്പിക്കുന്നതിലൂടെ മറ്റ് ട്രാന്‍സ്ജെന്റഴ്സും  ട്രാന്‍സ് സെക്ഷ്വലായ താനും തമ്മില്‍ വലിയ അന്തരമാണുള്ളതെന്ന ബോധ്യത്തിലേക്കും സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നു.

 

ട്രാന്‍സ് സെക്ഷ്വലുകളോടുള്ള പൊതുബോധത്തില്‍ മാറ്റം സാധ്യമാകണമെങ്കില്‍ അധികാരം ഉണ്ടാകണമെന്ന തിരിച്ചറിവാണ് മേരിക്കുട്ടിയെ വ്യത്യസ്തയാക്കുന്നത്. തന്റെ കുടുംബത്തില്‍, അച്ഛന്റെ അംഗീകാരം (പിതൃകേന്ദ്രീകൃതമായ അധികാരത്തിന്റെ അംഗീകാരം) കിട്ടണമെങ്കില്‍ താന്‍ എസ്‌ഐ ആകേണ്ടത് അവശ്യമാണെന്ന മേരിക്കുട്ടിയുടെ തിരിച്ചറിവും അതിനുവേണ്ടിയുള്ള മേരിക്കുട്ടിയുടെ ഓട്ടവുമാണ് ഞാന്‍ മേരിക്കുട്ടി. അധികാരമില്ലാത്ത മേരിക്കുട്ടിയെ നാട്ടുകാര്‍ പൊതുസ്ഥലത്തും പോലീസുകാര്‍ പോലീസ് സ്‌റ്റേഷനിലും വസ്ത്രാക്ഷേപം ചെയ്യുന്നു. ഇതേ പോലീസുകാരന്‍ തന്നെ  ' എസ്‌ഐ മേരിക്കുട്ടി ' യെ കാണുമ്പോള്‍ സല്യൂട്ടടിക്കുന്നതോടെ മേരിക്കുട്ടിയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു. 

ട്രാന്‍സ്‌ജെന്റേഴ്‌സ് സ്വന്തം ജീവിതത്തിലനുഭവിക്കുന്ന ശാരീരികമോ മാനസീകമോ ആയ ഒരു പ്രശ്‌നത്തെയും സിനിമ ചര്‍ച്ച ചെയ്യുന്നില്ല. പൊതുസമൂഹം മേരിക്കുട്ടിയെ പുറന്തള്ളുന്നതും പിന്നീട് അധികാരത്തിന്റെ ഭാഗമാകുന്നതോടെ മേരിക്കുട്ടിയെ നോക്കി സല്യൂട്ടടിക്കുകയും ചെയ്യുന്ന സിനിമ, നിങ്ങളുടെ സ്വത്വമല്ല മറിച്ച് അധികാരമാണ് സാമൂഹിക അംഗീകാരത്തിന്റെ മാനദണ്ഡമെന്ന് പറഞ്ഞുവെക്കുന്നു. അതായത് നിങ്ങളുടെ സെക്ഷ്വല്‍ എബിലിറ്റിയല്ല മറിച്ച് അധികാരമുണ്ടോ ഇല്ലയോ എന്നതുമാത്രമാണ് നിങ്ങള്‍ അംഗീകരിക്കപ്പെടണോ വേണ്ടയോ എന്നതിന്റെ മാനദണ്ഡമെന്ന് സിനിമ പറയുന്നു. ട്രാന്‍സ്‌സെക്ഷാലിറ്റി, ഷിഹീറോ തുടങ്ങിയ പദപ്രയോഗങ്ങള്‍ക്കപ്പുറത്താണ് കേരളത്തിന്റെ പൊതുബോധം എന്നിടത്ത് സിനിമ ആശയപരമായി പരാജയപ്പെടുന്നു.
 

click me!