മോഹന്‍‌ലാലിന്റെ വിശ്വസ്തനായി വളര്‍ന്ന ആന്റണി പെരുമ്പാവൂരിന്റെ കഥ

By Web Desk  |  First Published Nov 23, 2016, 11:23 PM IST

ആന്റണി പെരുമ്പാവൂര്‍- മലയാളത്തില്‍ ഒരു സൂപ്പര്‍താരത്തോളം തന്നെ പ്രശസ്തമായ പേരാണ് ഇന്ന് ഇത്. മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി മലയാള സിനിമാലോകത്തെ നിര്‍ണ്ണായക സ്വാധീനമുള്ള നിര്‍മ്മാതാവായി മാറിയ കഥയാണ് ആന്റണി പെരുമ്പാവൂരിന്റേത്. സ്വന്തം ജീവിതത്തേക്കാള്‍ മോഹന്‍ലാലിന് പ്രാധാന്യം കൊടുത്താണ് ആന്റണി പെരുമ്പാവൂര്‍ പൊന്നുംവിലയുള്ള നിര്‍മ്മാതാവാകുന്നത്.

Latest Videos

ആന്റണി പെരുമ്പാവൂരിന്റെ വളര്‍ച്ചയുടെ കഥ

1987ല്‍ മോഹന്‍ലാലിന്റെ പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കാലം. ഷൂട്ടിംഗ് സെറ്റില്‍ താല്‍ക്കാലിക ഡ്രൈവറാകാനുള്ള അവസരം ആന്റണിക്ക് കിട്ടി. സെറ്റില്‍ മോഹന്‍ലാലിന്റെ കാറിന്റെ ഡ്രൈവിംഗ് സീറ്റാണ് ആന്റണിക്ക് കിട്ടിയത്. 22 ദിവസത്തോളം മോഹന്‍ലാലിന്റെ സാരഥിയായി. പണ്ടുമുതലേ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ആന്റണിക്ക് കിട്ടിയ ഇരട്ടി ഭാഗ്യമായിരുന്നു അത്.

ആന്റണി മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറുന്നത് മൂന്നാംമുറയുടെ ഷൂട്ടിംഗ് മുതലാണ്. അമ്പലമുഗളില്‍ മൂന്നാം മുറയുടെ ഷൂട്ടിംഗ് കാണാന്‍ എത്തിയതായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം, ആന്റണി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ആന്റണിയെ മോഹന്‍ലാല്‍ തിരിച്ചറിഞ്ഞു, കൈവീശിക്കാണിച്ചു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ അടുത്തുവിളിച്ചു. പിറ്റേദിവസം മുതല്‍ കാറുമായി വരാന്‍ പറഞ്ഞു. അങ്ങനെ വീണ്ടും ആന്റണി മോഹന്‍ലാലിന്റെ ഡ്രൈവറായി. ആ യാത്രകള്‍ക്കിടയിലാകണം, തന്നോടുള്ള ആന്റണിയുടെ കടുത്ത ആരാധനയും വിശ്വസ്തതയും മോഹന്‍‌ലാലിന് ബോധ്യമായത്. ആന്റണിയെ ത്നെ അദ്ഭുതപ്പെടുത്തി മോഹന്‍ലാല്‍ ആ ചോദ്യം ചോദിച്ചു. പോരുന്നോ കൂടെ. ആന്റണിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. ഒപ്പംകൂടി. പിന്നീട് മോഹന്‍ലാലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായി മാറി മലയാളസിനിമാ ലോകം അറിയുന്ന  ആന്റണി പെരുമ്പാവൂരിലേക്കുള്ള വളര്‍ച്ചയായിരുന്നു സാധാരണക്കാരനായ ആ ഡ്രൈവറുടേത്.

സൂപ്പര്‍താരത്തിന്റെയും ഡ്രൈവറുടെയും സൗഹൃദം

മോഹന്‍ലാലും ഡ്രൈവര്‍ ആന്റണിയും തമ്മിലുള്ള സൗഹ-ൃദത്തിന്റെ കഥ ചിലപ്പോള്‍ ഒരു സിനിമയ്‍ക്കു പോലും പ്രചോദനമാകുന്നതായിരിക്കും. ആന്റണിക്ക് മോഹന്‍ലാലിനോടുള്ള ആരാധനയും അടുപ്പവും സിനിമാലോകത്തെ സജീവ ചര്‍ച്ചയാണ്. ആന്റണിക്ക് ഭാര്യയാണോ ലാല്‍ സാറാണോ വലുത് എന്ന് ചോദിച്ചാല്‍ പോലും ഉത്തരം ലാല്‍ സാര്‍ എന്നുതന്നെയായിരിക്കും. ഒരു അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ഇക്കാര്യം തുറന്നുപറയുന്നുണ്ട്. ഒരിക്കല്‍ ഭാര്യ ശാന്ത ആന്റണിയോട് ചോദിച്ചു. ഞാനും ചേട്ടനും ലാല്‍ സാറിനൊപ്പം ഒരു ബോട്ടില്‍ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. ഒരു അപകടത്തില്‍ പെട്ട് ലാല്‍ സാറും ഞാനും വെള്ളത്തില്‍ വീണു. ചേട്ടന്‍ രക്ഷപ്പെട്ടു. ചേട്ടന് ഒരാളെ മാത്രമേ രക്ഷിക്കാന്‍ കഴിയൂ. ആരെയായിരിക്കും ചേട്ടന്‍ രക്ഷിക്കുക. ലാല്‍ സാറിനെ എന്നായിരുന്നു ഉത്തരം


മോഹന്‍ലാലിനെ കാണാന്‍ ആന്റണി പെരുമ്പാവൂരിന്റെ സമ്മതം വേണം എന്ന് ചില സംവിധായകരും നിര്‍മ്മാതാക്കളും പരാതി പറയുന്നയിടം വരെ എത്തി പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം.


നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍

ഇങ്ങനെയൊരു ക്രെഡിറ്റ് വെള്ളിത്തിരയില്‍ തെളിയുന്നത് 2000ലാണ്. അന്ന് കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിയ നരസിംഹം എന്ന മെഗാഹിറ്റ് ചിത്രമായിരുന്നു ആദ്യ നിര്‍മ്മാണസംരഭം. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവിന്റെ കുപ്പായമിടുന്നത്. പിന്നീട് രാവണപ്രഭു, നരന്‍, ദൃശ്യം തുടങ്ങി ഒപ്പം വരെയുള്ള സൂപ്പര്‍ഹിറ്റ് സിനിമകള്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങി. ഇനി മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുക. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന സിനിമയും നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ തന്നെ.

 

click me!