വൈക്കം മുഹമ്മദ് ബഷീറും പ്രേമലേഖനവും മലയാളികള്‍ക്ക് സുപരിചിതമാണ്. ആ പേരാണ് സിനിമയ്‍ക്കും. എന്താണ് ബഷീറിന്റെ പ്രേമലേഖനവുമായി സിനിമയ്ക്കുള്ള ബന്ധം?
undefined
ഇത് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം അല്ല. 85-90കളില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ഒരു നാട്ടില്‍ ആദ്യമായി ടിവി വരികയും അതുമായി ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. നായകന്റെ പേര് ബഷീര്‍ എന്നാണ്. ടിവി നന്നാക്കുന്ന ജോലി ചെയ്യുന്ന ആളാണ് ബഷീര്‍. ഇയാളുടെയടക്കം മൂന്ന് പ്രണയങ്ങളാണ് സിനിമയില്‍ പറയുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന പുസ്തകം ഒരു കഥാപാത്രമായി സിനിമയില്‍ വരുന്നുമുണ്ട്. അപ്പോള്‍ അങ്ങനെയൊരു പേരാണ് ഏറ്റവും ചേരുന്നത് എന്ന് തോന്നി.
പഴയ കാലഘട്ടത്തെ എങ്ങനെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്?
ഇന്ന കാലഘട്ടമാണ് എന്നൊന്നും കൃത്യമായി പറയുന്നില്ല. ഇപ്പോള്‍ ഒരു 35 വയസ്സൊക്കെ ഉള്ള ആള്‍ക്കാരുടെ ഓര്‍മ്മയിലുള്ള കാലമാണെന്ന് മാത്രം. അതിന് ആര്‍ട്ടിസ്റ്റുകളുടെ ഗെറ്റപ്പാണ് പ്രധാനമായും പരിഗണിച്ചത്. കോസ്റ്റ്യൂംസും. സിനിമയില്‍ കുറച്ച് സ്ഥലങ്ങളില്‍ മാത്രം നടക്കുന്ന കഥയാണ്. ഒരു പഴയ വീട് കിട്ടി. പഴയ പ്രോപ്പര്‍ട്ടികളും കിട്ടി. അതൊക്കെയാണ് കാലഘട്ടത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. പാലക്കാടായിരുന്നു ലൊക്കേഷന്‍.
അപ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ അനുഭവം തരുന്ന സിനിമയായിരിക്കുമോ? ജയന്റെ ഡയലോഗും ഷീലയുടെ സിനിമാ രംഗങ്ങളും ഒനിഡാ ടിവിയുമൊക്കെ ഗാനങ്ങളിലുണ്ടല്ലോ?
അതെ. ഞാന്‍ പറഞ്ഞില്ലേ ഇപ്പോള്‍ ഒരു 35 വയസ്സുള്ള ആളിന്റെ ചെറുപ്പമായിരിക്കും. നമ്മുടെ ഓര്‍മ്മയില്‍ നാട്ടില്‍ ആദ്യമായി ടിവി വരുന്നതൊക്കെയുണ്ട്. ഒരു നാട്ടില്‍ ഒരു വീട്ടിലൊക്കെയെ ടിവി ഉണ്ടാകു. അവിടെ എല്ലാവരും ടിവി കാണാന്‍ പോകുകയാണ്. മഹാഭാരതവും രാമായണമൊക്കെ കാണാന്‍ പോയതൊക്കെയാ എന്റെ ഓര്‍മ്മയില്‍. അന്നത്തെ ടിവി പ്രോഗ്രാമുകളും സിനിമാരംഗങ്ങളും ഒക്കെ നമ്മുടെ സിനിമയുടെയും ഭാഗമാണ്.
ഞാന്‍ സ്റ്റീവ് ലോപ്പസിലെ നിഷ്കളങ്കനായ ചെറുപ്പക്കാരനായി സിനിമയിലെത്തിയ ഫര്‍ഹാന്‍ രണ്ടാമത് അഭിനയിക്കുന്ന സിനിമയാണ് ഇത്. എങ്ങനെയാണ് ഫര്‍ഹാന്‍ ബഷീറാകുന്നത്?
പുതിയ ആള്‍ക്കാരെ വച്ച് ചെയ്യാവുന്ന സിനിമയാണ് ഇത്. പഴയ കാലഘട്ടത്തിലെ രൂപം ഓര്‍മ്മിപ്പിക്കുന്ന നടനെയും വേണമായിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഫര്‍ഹാന്‍ തന്നെയായിരുന്നു ആദ്യത്തെ ഒപ്ഷന്‍. ഫര്‍ഹാന്‍ അത് നല്ല രീതിയില്‍ ചെയ്യുകയും ചെയ്‍തു.
കമ്മട്ടിപ്പാടമെന്ന ആദ്യ സിനിമയിലൂടെ തന്നെ നമ്മളെക്കൊണ്ട് കയ്യടിപ്പിച്ച നടനാണ് മണികണ്ഠന്‍. മണികണ്ഠന്റെ പ്രണയരംഗങ്ങളൊക്കെ ഇതിനകംതന്നെ ഗാനങ്ങളിലൂടെ പ്രേക്ഷകര്‍ കണ്ടു. എന്താണ് മണികണ്ഠന്റെ കഥാപാത്രം?
കമ്മട്ടിപ്പാടത്തിനു ശേഷം മണികണ്ഠന്‍ ചെയ്യുന്ന സിനിമയാണ് ഇത്. സമരമൊക്കെ കാരണം നമ്മുടെ സിനിമ റിലീസ് വൈകിയതാണ്. കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇതിലെ വേഷം. നാട്ടില്‍ നിന്ന് ആദ്യമായി ഗള്‍ഫില്‍ പോകുന്ന ഉസ്മാന്‍ എന്ന കഥാപാത്രമാണ് മണികണ്ഠന്റേത്. ഉസ്മാന്‍ ആണ് നാട്ടില്‍ ആദ്യമായി ടിവി കൊണ്ടുവരുന്നത്. പാട്ടുപാടി പ്രണയിക്കുകയൊക്കെ ചെയ്യുന്ന ഒരു കഥാപാത്രവുമാണ് മണികണ്ഠന്റേത്.
മധുവും ഷീലയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണല്ലോ?
സിനിമയിലെ നായികയായ സനയുടെ ഉമ്മൂമ്മയുടെ വേഷമാണ് ഷീലാമ്മയ്ക്ക്. വളരെ ചുറുചുറുക്കുള്ള, സുന്ദരിയായ, പ്രണയമുള്ള ഉമ്മൂമ്മയാണ്. ഒരു ഫ്രഷ്നസും വേണം. അങ്ങനെ ആലോചിച്ചപ്പോള്‍ ഷീലാമ്മയെക്കുറിച്ചാണ് ഓര്‍മ്മ വന്നത്. കുറച്ച് കാലത്തിനു ശേഷമാണല്ലോ അവര്‍ വീണ്ടും അഭിനയിക്കുന്നത്. അവരെ പോയി കണ്ടപ്പോള്‍ അവര്‍ നമ്മളെ കുറിച്ച് എല്ലാം മനസ്സിലാക്കി വച്ചിരുന്നു. നമ്മള്‍ മുമ്പ് ചെയ്ത സിനിമയെ കുറിച്ച് ഒക്കെ പറഞ്ഞു. ഷീലാമ്മ സിനിമയുടെ ഭാഗമായപ്പോള്‍ അവരുടെ ജോഡി ആരാകണമെന്നാകുമല്ലോ ചര്‍ച്ച. ആദ്യം മനസ്സില്‍ വരിക നസീര്‍ സാറിനെയാണ്. അദ്ദേഹം ഇന്നില്ല. പിന്നെ മധുസാറാണ്. എനിക്ക് തോന്നുന്നു ചെമ്മീനു ശേഷം ഇരുവരും പ്രണയജോഡികളായി അഭിനയിക്കുന്ന സിനിമയായിരിക്കും ഇതെന്നാണ്. എന്നെപ്പോലെ പുതിയ തലമുറയിലെ ആളിന് ഇവരെയൊക്കെ വച്ച് സിനിമ ചെയ്യാന്‍ പറ്റുന്നതു തന്നെ ഒരു ഭാഗ്യവും ആണ്.
ഒരു ഗാനരംഗത്ത് അഭിനയിക്കുകയും ചെയ്‍തിട്ടുണ്ടല്ലോ? അഭിനയരംഗത്തും ഒരു കൈനോക്കാന്‍ ആലോചനയുണ്ടോ?
അയ്യോ, നമ്മള്‍ ഇങ്ങനെയങ്ങ് പോകുന്നതല്ലേ നല്ലത്. ആ ഗാനരംഗം ഏറ്റവും അവസാനം ചെയ്‍തതാണ്. അപ്പോള്‍ വേണ്ട ആളില്ലാത്തതിനാല്‍ ചെയ്തുവെന്നേ ഉള്ളൂ.
പാട്ടുകളില്‍ നിറയെ പ്രണയമാണ്. സിനിമയുടെ പരസ്യം തന്നെ ഗാനങ്ങളുമാണ്. എല്ലാം സിനിമയിറങ്ങും മുന്നേ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പാട്ടുകളെ കുറിച്ച്?
നമ്മുടെ സിനിമയുടെ വിഷയം ഒരുപാട് ഗാനങ്ങള്‍ ആവശ്യപ്പെടുന്നതാണ്. പ്രമേയത്തിനാവശ്യമായ രീതിയില്‍ തന്നെയാണ് പാട്ടുകള്‍ ഉപയോഗിച്ചത്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതസംവിധാനം ചെയ്തത്. വിഷ്ണുവിന്റെ അച്ഛന്‍ മോഹന്‍ സിത്താരയാണ് എന്റെ ആദ്യ സിനിമയ്ക്ക് സംഗീതം നല്‍കിയത്. ആ സിനിമയുടെ ഷൂട്ടിംഗിനിടെ വിഷ്ണു കമ്പോസ് ചെയ്ത ഒരു മ്യൂസിക് ഞാന്‍ കേട്ടിരുന്നു. അത് ഇഷ്‍ടപ്പെട്ടതിനാല്‍ അതില്‍ ഉപയോഗിക്കുകയും ചെയ്തു. മറ്റ് സിനിമകള്‍ക്കൊന്നും മ്യൂസിക് ചെയ്തില്ലെന്നു തോന്നുന്നു. ഇപ്പോള്‍ വീണ്ടും നമ്മുടെ സിനിമയുടെ ഭാഗമായി. വിഷ്ണു വിദ്യാര്‍ഥിയാണ്.
സക്കറിയയുടെ ഗര്‍ഭിണിയായാലും കുമ്പസാരമായാലും വ്യത്യസ്തമായ ജോണറിലുള്ള സിനിമകളാണ്. സീരിയസായ സിനിമകളാണ്. രണ്ടും വ്യത്യസ്തവും. ഇപ്പോള്‍ ഒരു പ്രണയസിനിമയും. ബോധപൂര്‍വമുള്ള വ്യത്യസ്തതയാണോ?
അങ്ങനെയല്ല. നേരത്തെയുള്ള രണ്ടു സിനിമകളുടെയും രചന നിര്‍വഹിച്ചത് ഞാന്‍ തന്നെയാണ്. ഇത് വേറെ രണ്ടുപേരാണ് എഴുതിയിരിക്കുന്നത്. ഞാന്‍ മറ്റൊരു സിനിമയുടെ ചര്‍ച്ചയിലായിരുന്നു. ഇത് എന്നിലേക്ക് വന്നതാണ്. ഞാന്‍ ത്രില്ലര്‍ സിനിമകളൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ്. ആക്ഷന്‍ സിനിമകളും. ജോഷി സാറിന്റെയൊക്കെ അടുത്തു നിന്നാണ് ഞാന്‍ വരുന്നത്. അപ്പോള്‍ സ്വാഭാവികമായും അത്തരം സിനിമകളും ചെയ്യും.
സക്കറിയയുടെ ഗര്‍ഭിണികളിലും ഇപ്പോള്‍ ബഷീറിന്റെ പ്രേമലേഖനത്തിലും സാഹിത്യവും കടന്നുവരുന്നുണ്ട്?
പണ്ട് നമുക്ക് പുസ്തകങ്ങളാണ് കൂട്ടുകാര്‍. ഇന്നത്തെപ്പോലെ ഫേസ്ബുക്കും വാട്സ് ആപ്പും ഒന്നുമല്ലല്ലോ? പദ്മരാജനും ബഷീറുമൊക്കെയാണ് നമ്മുടെ ഹീറോസ്. ആ ഓര്‍മ്മയില്‍ വളരെ പോസറ്റീവ് ആയ രീതിയില്‍ സിനിമയിലും വരുന്നുവെന്നേ ഉള്ളൂ. സക്കറിയയുടെ ഗര്‍ഭിണികള്‍ പദ്മരാജന്റെ കഥയല്ല. അതില്‍ ആ കഥ പറയുന്നുവെന്ന് മാത്രം.