എന്തുകൊണ്ട്‌ പൃഥിരാജ്‌? ആദം ജോണ്‍ സംവിധായകന്‍ പറയുന്നു

By സി.വി സിനിയ  |  First Published Sep 8, 2017, 11:56 AM IST

"എനിക്ക്‌ ഒറ്റയ്‌ക്ക്‌ പോകാന്‍ പറ്റുന്നിടത്തോളം ഞാന്‍ പോകും. ചെയ്യാന്‍ പറ്റുന്നിടത്തോളം ഞാന്‍ ചെയ്യും. എന്നിട്ടും അവളെ കൊണ്ടുവരാന്‍ പറ്റിയില്ലെങ്കില്‍ അവള്‍ക്ക്‌ ഒരു നിമിഷം മുന്‍പെങ്കിലും ഞാന്‍ ഇല്ലാതായിരിക്കും"  തിയേറ്ററുകളില്‍ ഓണച്ചിത്രമായി എത്തിയ ആദം ജോണ്‍ എന്ന സിനിമയിലെ നായകന്‍റെ വാക്കുകളാണ്. മകളെ നഷ്ടപ്പെട്ട്  അച്ഛന്‍ വേദനയോടെ അവളെ എവിടെയാണെന്ന് അന്വേഷിക്കുന്ന കഥ പറയുന്ന സിനിമ. സസ്‌പെന്‍സ്‌, പ്രണയം, വിരഹം, ആക്ഷന്‍ എന്നി വൈകാരിക ഭാവഭേദങ്ങള്‍ കോര്‍ത്തിണക്കിയ  ഈ ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ തന്‍റെ സിനിമകളില്‍  എന്തുകൊണ്ട്‌ പൃഥിരാജ്‌ മാത്രം നായകനാകുന്നുവെന്ന്‌ സംവിധായകന്‍   ജിനു അബ്രഹാം asianetnews.tv യോട് സംസാരിക്കുന്നു

ആദം ജോണിനോട്‌ പ്രേക്ഷകര്‍ക്കുള്ള സമീപനം

Latest Videos

undefined

ആളുകള്‍ നല്ല രീതിയില്‍ തന്നെ സിനിമയെ സമീപിക്കുന്നുണ്ട്‌. ആദം ജോണിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. നല്ല കളക്ഷനുമുണ്ട്‌. എല്ലാവര്‍ക്കും പോസറ്റീവായ രീതിയിലാണ്‌ സിനിമയെ സമീപിക്കുന്നത്‌. ഓണത്തിന്‌ ഇവിടെയുള്ള ആളുകള്‍ ഇത്തരം ഒരു പുതിയ ആശയം കൈകൊണ്ടു എന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്‌.

സംവിധാനം ആദ്യം

ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്‌ ആദം ജോണ്‍. ഇതിന്‍റെ തിരക്കഥയ്‌ക്ക്‌ വേണ്ടി രണ്ടുവര്‍ഷമെടുത്തു. അതുകൊണ്ടുതന്നെ പ്രീപ്രൊഡക്ഷന്‍ സമയത്ത്‌ ഇതിന്‌ വേണ്ടി മാത്രമായി ജോലിചെയ്യാന്‍ സാധിച്ചു. ഇതിന്‌ മുന്‍പ്‌ ലണ്ടന്‍ ബ്രിഡ്‌ജ്‌, മാസ്റ്റേഴ്സ്‌ എന്നിവയുടെ തിരക്കഥയാണ്‌ ചെയ്‌തിരിക്കുന്നത്‌. സംവിധാനം എന്നത്‌ നല്ല അനുഭവം തന്നെയായിരുന്നു. പ്രേക്ഷകര്‍ക്കായി മികച്ച രീതിയില്‍ സിനിമ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

 


തിരക്കഥയാണോ സംവിധാനമാണോ എളുപ്പം

സംവിധാനവും തിരക്കഥയും രണ്ടും രണ്ടുതരത്തിലുള്ള എന്‍ജോയിമെന്‍റ് നമുക്ക്‌ തരുന്നുണ്ട്‌. രണ്ടും ക്രിയേറ്റീവായ ജോലിയാണ്‌. എഴുതുമ്പോള്‍ ലഭിക്കുന്നത്‌ ഓരോ അനുഭൂതിയാണ്‌. എഴുതിയതിനെ മനസ്സില്‍ കണ്ടതുപോലെ തന്നെ മറ്റുള്ളവരിലേക്ക്‌ എത്തിക്കുകയാണല്ലോ സംവിധാനം. തിരക്കഥ എപ്പോഴും എനിക്ക്‌ ഗുണമാകുന്നുണ്ട്. എന്നെ സംബന്ധിച്ച്‌ എഴുത്താണ്‌ കൂടുതല്‍ ശ്രമകരമായ കാര്യം. കൂടുതല്‍ സമയം ചിലവഴിക്കേണ്ടതും എഴുത്തിന്‌ തന്നെയാണ്‌.

ആദം ജോണ്‍ എന്ന സിനിമ സൃഷ്ടിക്കപ്പെട്ടത്‌

ആദം ജോണിന്‍റെ കഥ 2013 ലാണ്‌ എന്‍റെ മനസ്സിലേക്ക്‌ വരുന്നത്‌. ചില ആശയങ്ങള്‍ മനസ്സിലേക്ക്‌ വരുമ്പോള്‍ തന്നെ ചിലപ്പോള്‍ നമ്മള്‍ അതിനെ ഒഴിവാക്കും. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ തന്നെ അതേ ആശയം തിരിച്ചു വരാറുണ്ട്‌. അങ്ങനെ, എഴുതണം എന്നു തോന്നിക്കുമ്പോഴാണ്‌ ഞാന്‍ അതിനായി ഇരിക്കാറുള്ളത്‌. അങ്ങനെ എന്നെ കൊണ്ട്‌ എഴുതണമെന്ന്‌ വീണ്ടും വീണ്ടും തോന്നിപ്പിച്ച ഒരു വിഷയമായിരുന്നു ഇത്‌. നമ്മള്‍ ഭൂമിയില്‍ കാണാത്ത കുറേ കാഴ്‌ചകള്‍, അത് എന്‍റെ മനസ്സില്‍ കണ്ടതുപോലെ  സിനിമയില്‍ കാണണം എന്നത്‌ എന്‍റെ വലിയ ആഗ്രഹവും ത്രില്ലുമായിരുന്നു. ഞാന്‍ മനസ്സില്‍ കണ്ടതിനേക്കാള്‍ നന്നായി പ്രേക്ഷകരുടെ മുന്നിലേക്ക്‌ സിനിമ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

 

എന്തുകൊണ്ട്‌ പൃഥിരാജ്‌

എന്‍റെ മറ്റ്‌ രണ്ട്‌ തിരക്കഥകളുടെ സിനിമയ്‌ക്കും പൃഥിരാജ്‌ തന്നെയൊയിരുന്നു നായകന്‍. ഈ സിനിമയ്‌ക്ക്‌ എനിക്ക്‌ വേറെ ചോയ്‌സ്‌ ഇല്ലായിരുന്നു. കഥ എഴുതുമ്പോള്‍ വേറെ ആളെ മനസ്സില്‍ കണ്ടില്ലായിരുന്നു. ഞാന്‍ കഥ പറഞ്ഞപ്പോള്‍ എനിക്കുണ്ടായിരുന്ന അതേ ത്രില്ലും ആവേശമൊക്കെ പൃഥിരാജിനും ഉണ്ടായിരുന്നു. അത്തരം ഒരു കഥാപാത്രം ചെയ്യാന്‍ കഴിയുന്നത്‌ പൃഥിക്കാണ്‌.

സിനിമയിലെ പാട്ടുകള്‍

പ്രീപ്രൊഡക്ഷന്‍ സമയത്ത്‌ പാട്ടുകള്‍ക്ക്‌ വേണ്ടി നാല്‌ പേര്‍ വന്നു.എന്നാല്‍ എന്‍റെ മനസ്സിലുള്ളതുപോലെയുള്ള ഒരു ഗാനം  സിനിമയ്ക്ക് ലഭിക്കാതെ വന്നു. പിന്നീട്‌ അഞ്ചാമത്‌ വന്നവരാണ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്‌. ഈ കാറ്റ്‌ എന്ന ഗാനമാണ്‌ ആദ്യം റിലീസായത്‌. കഴിഞ്ഞ മെയ്യിലായിരുന്നു അത്‌. അന്നു മുതല്‍ ഇന്നുവരെ ഒരു മടുപ്പില്ലാതെ ഞാന്‍ കേള്‍ക്കാറുണ്ട്‌. ഈ പാട്ട്‌ റിലീസാവുമ്പോള്‍ സൂപ്പര്‍ഹിറ്റായിരിക്കുമെന്ന്‌ എനിക്ക്‌ അത്രയും ആത്മവിശ്വാസം ഉണ്ടായിരുന്നു. കുറേ തവണ മാറ്റിയാണ്‌ ഈ ഗാനത്തിലേക്ക്‌ എത്തിയത്‌. ദീപക്‌ ദേവാണ്‌ സംഗീതം ഒരുക്കിയത്‌. കൈതപ്രം, റഫീഖ്‌ അഹമ്മദ്‌, സന്തോഷ്‌ വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ നാല്‌ ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌.

സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള സ്വപ്‌നം

മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിക്കണം. മികച്ച തിരക്കഥകള്‍ ചെയ്യാന്‍ സാധിക്കണം എന്ന്‌ തന്നെയാണ്‌ വലിയ ആഗ്രഹം. ആദം പ്രേക്ഷകര്‍ ഏറ്റെടുത്തതുപോലെ ഇനിയുള്ള സിനിമകളും ജനങ്ങള്‍ ഏറ്റെടുത്ത്‌ വിജയിപ്പിക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യണം. ഏത്‌ സിനിമയിലായാലും പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ കഴിയണം.

സിനിമയോടുള്ള ആഗ്രഹം

കുട്ടിക്കാലത്തൊന്നും സിനിമയോടുള്ള ആഗ്രഹം ഇല്ലായിരുന്നു. സിനിമയില്‍ എത്തുമെന്ന്‌ പ്രതീക്ഷിച്ചിരുന്നുമില്ല. പക്ഷേ ഞാന്‍ എഴുതുമായിരുന്നു. അതുപോലെ തന്നെ നന്നായി സിനിമ കാണാറുമുണ്ട്‌. എഴുത്തിലൂടെ തന്നെയാണ്‌ തിരക്കഥ എഴുതണമെന്ന ആഗ്രഹവും  ഉണ്ടാക്കിയത്. അങ്ങനെ ചില കഥകള്‍ എഴുതിയപ്പോള്‍ അതില്‍ സിനിമ ഉണ്ടെന്ന്‌ കഥ കേട്ട ആളുകള്‍ക്ക്‌ തോന്നി. അങ്ങനെയാണ്‌ തിരക്കഥ എന്നതിലേക്ക്‌ എത്തുന്നത്‌. എനിക്ക് എപ്പോഴും  ഏതെങ്കിലും ഒരു വിഷയത്തിലല്ല സിനിമ തരുന്ന അന്തരീക്ഷമാണ്‌ ഏപ്പോഴും സിനിമ ചെയ്യണമെന്ന്‌ തോന്നിപ്പിക്കുന്നത്‌.

പുതിയ ആളുകള്‍ സിനിമയിലേക്ക്‌ വരുന്നതിനെ കുറിച്ച്‌

പുതിയ ആളുകള്‍, പുതിയ ചിന്തകള്‍, ആശയങ്ങളെല്ലാം വരുന്നത്‌ കാലത്തിന്റെ അനിവാര്യതയാണ്‌. അല്ലെങ്കില്‍ ഈ കലാരൂപം തന്നെ ഇല്ലാതായിപ്പോകും. പുതിയ ആളുകള്‍ വരണം. പഴയതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ സിനിമയിലേക്ക്‌ കടുന്നു വരുന്നുമുണ്ട്‌.

പുതിയ പ്രൊജക്ട്‌
ഒന്ന്‌ രണ്ട്‌ ആശയങ്ങള്‍ എന്റെ മനസ്സിലുണ്ട്‌. അത്‌ കടലാസിലേക്ക്‌ പകര്‍ത്തണം. എപ്പോഴും പുത്തന്‍ ആശയം കൊണ്ടു വരാനാണ്‌ എനിക്കിഷ്ടം. അതുകൊണ്ടു തന്നെ പുതിയ പ്രൊജക്ടിനെ കുറിച്ച്‌ പറയാറായിട്ടില്ല. അതു സംഭവിക്കട്ടെ.

click me!