നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തെ തുടർന്ന് നടി കസ്തൂരി അറസ്റ്റിൽ. ഹൈദരബാദിൽ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയിൽ ഒരു നിർമാതാവിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ബ്രാഹ്മണ സമുദായത്തിനെതിരെ തുടർച്ചയായി നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകളിൽ അപലപിച്ച് ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിൽ ഒക്ടോബര്‍ 3ന് ഒരു പ്രതിഷേധ സംഗമം നടത്തിയിരുന്നു. ബിജെപി നേതാവ് കരു നാഗരാജൻ, ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്, നടി കസ്തൂരി, മധുവന്തി എന്നിവർ ഇതില്‍ പങ്കെടുത്തിരുന്നു. ഇവിടെ പ്രസംഗിക്കുന്ന വേളയിലാണ് കസ്തൂരി വിവാദ പ്രസ്താവന നടത്തിയത്.
അമരൻ എന്ന സിനിമയിൽ മേജർ മുകുന്ദ് ത്യാഗരാജൻ ബ്രാഹ്മണ സമുദായത്തിൽ പെട്ട ആളെന്ന് കാണിച്ചില്ലെന്ന് ഈ യോഗത്തില്‍ കസ്തൂരി നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. കൂടാതെ ദ്രാവിഡ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ഡിഎംകെയെക്കുറിച്ചും കസ്തൂരി വിമർശനങ്ങൾ നടത്തിയിരുന്നു. ഒപ്പം ഇതേ പ്രസംഗത്തില്‍ തെലുങ്ക് സംസാരിക്കുന്നവരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്.
ഇതിന് പിന്നാലെ അഖിലേന്ത്യ തെലുങ്ക് ഫെഡറേഷൻ ജനറൽ സെക്രട്ടറി നന്ദഗോപാൽ എഗ്മോർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാിയിരുന്നു. തെലുങ്ക് സംസാരിക്കുന്ന ആളുകളെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നടി കസ്തൂരിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതി. പിന്നാലെ ഈ മാസം അഞ്ചിന് നടി കസ്തൂരിക്കെതിരെ നാല് വകുപ്പുകൾ പ്രകാരം എഗ്മോർ പൊലീസ് കേസെടുക്കുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8