ഇതുപോലൊരു സിനിമാ ടീസര്‍ നിങ്ങള്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല, തീര്‍ച്ച!

By കെ.പി റഷീദ്  |  First Published Oct 29, 2016, 10:06 AM IST

താരങ്ങളില്ല, അഭിനേതാക്കളില്ല, മനുഷ്യരോ മൃഗങ്ങളോ ജീവനുള്ള എന്തെങ്കിലുമോ ഇല്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു സിനിമയുടെ ടീര്‍ ചെയ്യാനാവുമോ? ഇല്ലെന്നാണ് മറുപടിയെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി. ഇതൊന്നുമില്ലാതെ ഒരു സിനിമാ ടീസര്‍ സാദ്ധ്യമാണ് എന്ന് തെളിയിക്കുകയാണ് ചിത്രകാരനും എഴുത്തുകാരനും സംരംഭകനുമായ റാസി റൊസാരിയോ. ഉണങ്ങാത്ത കളിമണ്ണില്‍ തീര്‍ത്ത രൂപങ്ങള്‍ മാത്രം വെച്ചാണ് താന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയ്ക്ക് റാസി ഒരു ഗംഭീര ടീസര്‍ തീര്‍ത്തത്. 

Latest Videos

undefined

'ഇടിമിന്നല്‍ ഈനാശു' എന്നാണ് റാസി ചെയ്യാന്‍ പോവുന്ന സിനിമയുടെ പേര്. കോമഡി ത്രില്ലര്‍ എന്നാണ് അതിനെ റാസി വിശേഷിപ്പിക്കുന്നത്. ഇടിമിന്നല്‍ ഈനാശു എന്ന കഥാപാത്രത്തിന്റെ സ്വഭാവവും സവിശേഷതകളും ഈ ടീസറിലൂടെ രസകരമായി അടയാളപ്പെടുത്തുകയാണ് റാസി. ബിജു മേനോന്‍ നായകനായ ഒരു സിനിമയാണ് റാസിയുടെ മനസ്സില്‍. പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയാണ്. താരങ്ങളുടെ ഡേറ്റ് അനുസരിച്ച് ചിത്രീകരണം ആരംഭിക്കും. 

 

ഇതാണ് ആ ടീസര്‍

റാസിയുടെ കഥ
എറണാകുളം സ്വദേശിയായ റസാഖ് അകാലത്തില്‍ മരിച്ചുപോയ കൂട്ടുകാരന്‍ റൊസാരിയോയയുടെ  ഓര്‍മ്മയ്ക്കായാണ് റാസി റൊസാരിയോ എന്ന പേരിലേക്ക് മാറിയത്. അടിസ്ഥാനപരമായി ഒരു കലാകാരനാണ്. പഠന കാലത്തേ ചിത്രം വരയില്‍ സജീവമായി.പെയിന്റിംഗ്, ഇല്ലസ്‌ട്രേഷന്‍, ക്ലേ മോഡലിംഗ്, പോസ്റ്റര്‍ ഡിസൈന്‍, കൊളാഷ് എന്നിങ്ങനെ പല ഇനങ്ങളിലും ഏറെ സമ്മാനങ്ങള്‍ നേടി.  നന്നായി എഴുതുന്ന റാസി എഴുത്തിലും സജീവമായിരുന്നു. പഠനകാലത്തുതന്നെ ചെറുതും വലുതുമായി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. പലയിടങ്ങളിലും എഴുതി. 

പഠനം കഴിഞ്ഞപ്പോഴും റാസി കലാരംഗത്തു തന്നെ ഉറച്ചു നിന്നു. ചിത്രം വരച്ച് ജീവിതം പുലര്‍ത്താന്‍ കഴിയാത്ത നാട്ടില്‍ മറ്റാരും പരീക്ഷിക്കാത്ത മാര്‍ഗങ്ങള്‍ തേടി. ചിത്രകലയെ സാധാരണ മനുഷ്യരിലേക്ക് എത്തിക്കാനാണ് റാസി ശ്രമിച്ചത്. അമൂര്‍ത്തമായ രചനകളും ആര്‍ക്കും മനസ്സിലാവാത്ത സൈദ്ധാന്തിക ജാര്‍ഗണുകളും കൊണ്ട് മുഖരിതമായ സമകാലീന കലാരീതികളില്‍നിന്ന് വിട്ടുമാറി  എല്ലാ തലത്തിലുള്ള ആളുകളുമായി സംവദിക്കാവുന്ന  തരത്തില്‍, കുറച്ചു കൂടി ജനകീയമായ ഒരു രചനാരീതിയാണ് റാസി സ്വീകരിച്ചത്. കൊമേഴ്‌സ്യല്‍ എന്നു പറഞ്ഞ് കലാരംഗം വിളിപ്പാടകലെ നിര്‍ത്തിയ രചനാവഴികളെ സര്‍ഗാത്മകമായ തന്റെ പരീക്ഷണങ്ങളുമായി വിജയകരമായ രീതിയില്‍ വിളക്കിയെടുക്കുകയായിരുന്നു റാസി. കലാസാക്ഷരത തീരെയില്ലാത്ത നാട്ടില്‍ ജനങ്ങളിലേക്ക് എത്താന്‍ അത്തരമൊരു വഴിമാറ്റം അനിവാര്യമായിരുന്നു. 

ഓരോ വീട്ടിലും ഓരോ ചിത്രം എന്ന മോഹസാക്ഷാല്‍ക്കാരം കൂടി അതിനുപിന്നിലുണ്ടായിരുന്നു. സാമ്പ്രദായിക കലാകാരന്‍മാര്‍ മാറ്റി നിര്‍ത്തിയ മാര്‍ക്കറ്റിംഗ്, വിപണന രീതികള്‍ തന്റെ ചിത്രങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ റാസി ഫലപ്രദമായ ഉപയോഗിച്ചു. അതിനു ഫലവും കണ്ടു. കലാപ്രവര്‍ത്തനങ്ങളിലൂടെ മാത്രം ജീവിക്കാനുള്ള അവസ്ഥ റാസി നിരന്തര ശ്രമങ്ങളിലൂടെ സൃഷ്ടിച്ചെടുത്തു. സാധാരണക്കാരും സെലബ്രിറ്റികളും റാസിയുടെ ചിത്രങ്ങള്‍ കാണാനും ഇഷ്ടപ്പെടാനും വാങ്ങാനും തുടങ്ങി. ഏറ്റവും കുറഞ്ഞ ചെലവില്‍ തന്റെ രചനകളുടെ മനോഹരമായ പ്രിന്റുകള്‍ ലഭ്യമാക്കി അതു വിപണനം ചെയ്യാനുള്ള വ്യത്യസ്തമായ വഴികളും റാസി ആരാഞ്ഞു. 200 രൂപ മുതല്‍ വിലയിട്ട ഈ പ്രിന്റുകള്‍ ഇപ്പോള്‍ ഒബ്‌റോണ്‍ മാളിലെ റാസിയുടെ ഔട്ട്‌ലറ്റില്‍ ലഭ്യമാണ്. ആലുവ പുളിഞ്ചുവടിലെ ഗാലറിയിലും ഈ ചിത്രങ്ങള്‍ ലഭ്യം. പ്രിയപ്പെട്ടവര്‍ക്ക് ഉപഹാരമായി ചിത്രങ്ങള്‍ നല്‍കാനുള്ള വ്യത്യസ്തമായ മറ്റൊരു വിപണന രീതിയും റാസി നടപ്പാക്കി. നിരവധി വീടുകളിലും ഓഫീസുകളിലും ഇപ്പോള്‍ റാസിയുടെ ചിത്രങ്ങളുണ്ട്. 

സിനിമയിലേക്കുള്ള വഴി
അടുത്ത കാലത്താണ് റാസി എഴുത്തില്‍ വീണ്ടും സജീവമായത്. കവിതയുടെയും ചിത്രങ്ങളുടെയും സമാഹാരമായ 'ഉഴുതുമറിച്ച ആകാശം' എന്ന പുസ്തകം നേരത്തെ ഇറങ്ങിയിരുന്നു. ഇക്കഴിഞ്ഞ മഴക്കാലത്തെ മടുപ്പ് തീര്‍ക്കാന്‍ പഴയ ഓര്‍മ്മകള്‍എഴുതി വെച്ചു തുടങ്ങിയ റാസി സോഷ്യല്‍ മീഡിയയിലൂടെ അവ സുഹൃത്തുക്കളില്‍ എത്തിച്ചു. നര്‍മ്മമധുരമായ രീതിയില്‍ സ്വന്തം അനുഭവങ്ങള്‍ എഴുതി ഫലിപ്പിച്ച ആ കുറിപ്പുകള്‍ പിന്നെയൊരു പുസ്തകമായി. പ്രമുഖ പ്രസാധകര്‍ തിരിച്ചയച്ച പുസ്തകം എന്നതായിരുന്നു പുസ്തകത്തിന്റെ ടാഗ്‌ലൈന്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖരുടെ പിന്തുണയോടെ 'ഞാന്‍ വാശിക്കാരനാ' എന്ന ആ പുസ്തകം ഈയടുത്ത് പുറത്തിറങ്ങി. സംവിധായകന്‍ സിദ്ദിഖിന് നല്‍കി മമ്മൂട്ടിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. അതിനു പിന്നാലെയാണ് സിനിമയിലേക്കുള്ള ക്ഷണമെത്തിയത്. പുസ്തകം വായിച്ച ചില സുഹൃത്തുക്കള്‍ അവയിലെ കഥകകള്‍ സിനിമയാക്കാമല്ലോ എന്ന് താല്‍പ്പര്യപ്പെട്ടു വന്നു. എങ്കില്‍, രസകരമായ മറ്റൊരു കഥ ആവാമെന്നായിരുന്നു റാസിയുടെ മറുപടി. അങ്ങനെയാണ് ഇടിമിന്നല്‍ ഈനാശുവിന്റെ പിറവി. കുട്ടിക്കാലത്ത് പരിചയപ്പെട്ട ഒരാളുടെ കഥയാണത്. ഇടിമിന്നല്‍ പേടിയുള്ള ഈനാശുവിന്റെ കഥ. ആളുകള്‍ കാണുന്ന, ഇഷ്ടപ്പെടുന്ന ഒരു കോമഡി ത്രില്ലര്‍ ആയാണ് അതിന്റെ തിരക്കഥ തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിരക്കഥ പൂര്‍ത്തിയായി. 

കാര്യമൊക്കെ ശരി. ചിത്രകാരനാണ്. വിപണന തന്ത്രങ്ങളറിയാം. എങ്കിലും സിനിമയില്‍ അതൊന്നും പോരല്ലോ? സിനിമ മറ്റൊരു മീഡിയമാണ്. അതില്‍ എന്തെങ്കിലും ചെയ്തു കാണിക്കണ്ടേ? അടുത്ത കടമ്പ ഇതായിരുന്നു. വിജയിയായ കലാകാരന്‍ എന്ന നിലയില്‍ റാസിയില്‍ വിശ്വാസമുണ്ടെങ്കിലും സിനിമ വിജയിക്കാനുള്ള ഉറപ്പ് നിര്‍മാതാക്കള്‍ തേടുന്നത് സ്വാഭാവികമാണ്. ആ കടമ്പ കടക്കാന്‍ റാസി സ്വീകരിച്ച ആദ്യവഴി ഒരു ചെറു സിനിമയായിരുന്നു. മൊബൈല്‍ ഫോണില്‍ വീട്ടില്‍വെച്ച് മക്കളെയും വീട്ടിലെ പൂച്ചക്കുഞ്ഞുങ്ങളെയും അഭിനേതാക്കളാക്കി എടുത്ത ആ ചിത്രം ഫേസ്ബുക്കില്‍ ഏറെ പേര്‍ കണ്ടു. പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു കുഞ്ഞു സിനിമയാണത്.എന്നാല്‍, കഥപറയാന്‍ ദൃശ്യമാധ്യമത്തെ ഉപയോഗിക്കാന്‍ അറിയുന്ന ഒരാളുടെ മിന്നലാട്ടങ്ങള്‍ അതിലുണ്ട്. 

 

ഇതാണ് രണ്ടര മിനിറ്റുമാത്രമുള്ള ആ കുഞ്ഞുചിത്രം: 

ഈ സിനിമയെക്കുറിച്ച് റാസി ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി: 'നായിക നടിമാര്‍ക്ക്, രണ്ടു കിന്റര്‍ ജോയിയും ഒബ്രോണ്‍ മാളിലെ ഒരു ഈവനിങ്ങ് വിസിറ്റിങ്ങും ഓഫര്‍ ചെയ്താണ് അഭിനയിപ്പിച്ചത്. സഹ നടികളുടെ പ്രതിഫലം കാല്‍ക്കിലോ ചാള മീനില്‍ ഒതുക്കി'

ടീസര്‍, ടീസര്‍!

ഇതു കഴിഞ്ഞായിരുന്നു ടീസറില്‍ എത്തിയത്. ഇക്കാലത്ത് സിനിമകള്‍ക്ക് ടീസര്‍ നിര്‍ബന്ധമാണ്. ഷൂട്ട് ചെയ്തു കഴിഞ്ഞ റഷസ് ഉപയോഗിച്ചാണ് പലപ്പോഴും അതു തയ്യാറാക്കുക. ഷൂട്ട് തുടങ്ങാത്ത സ്ഥിതിക്ക് എങ്ങനെ ഒരു ടീസര്‍ തയ്യാറാക്കും? അങ്ങനെയാണ് തന്റെ ചിന്ത കളിമണ്‍ രൂപങ്ങളില്‍ എത്തിയതെന്ന് റാസി asianetnews.tvയോട് പറഞ്ഞു. ചെറുപ്പത്തില്‍ ക്ലേ മോഡലിംഗ് ചെയ്ത അനുഭവം അതിനു തുണയായി. 

പക്ഷേ, ചലിക്കാത്ത കളിമണ്‍ രൂപങ്ങള്‍ വെച്ച് എങ്ങനെ ചലിക്കുന്ന ടീസറുണ്ടാക്കും? ഗ്രാഫിക്‌സ് ഉപയോഗിക്കാം. പക്ഷേ, അതിനു സാങ്കേതികമായി കുറേച്ചറെ മുതല്‍മുടക്ക് വേണം. ഉറക്കാത്ത കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ തീര്‍ത്ത് സ്വന്തം മേശയ്ക്കു മുകളില്‍ വെച്ച് സ്വന്തം മൊബൈല്‍ ഫോണില്‍ റാസി ഒരു ചെറിയ ടീസര്‍ തയ്യാറാക്കി. സിനിമാ രംഗത്തെ ചില സുഹൃത്തുക്കളെ അതു കാണിച്ചപ്പോള്‍ വഴി ക്ലിയറായി. ഇതുപോലൊന്ന്, കുറച്ചു കൂടി സാങ്കേതിക തികവോടെ, നല്ല ക്യാമറയില്‍, നന്നായി ലൈറ്റപ്പ് ചെയ്ത് ടീസര്‍ ചെയ്യാം.  റാസിയുടെ ഓഫീസ് മേശ ലൊക്കേഷനായി. സുഹൃത്തുക്കളായ രാജേഷ് ഗുരുകൃപ ക്യാമറ ചലിപ്പിച്ചു. എഡിറ്റിംഗും രാജേഷ് ചെയ്തു. ജിനോയ് ജനാര്‍ദ്ദനന്‍ സഹായിയായി. അങ്ങനെ ഈ ടീസര്‍ സംഭവിച്ചു. 

എങ്ങനെ ഈ കളിമണ്‍ രൂപങ്ങളെ ചലിപ്പിച്ചു? ഗ്രാഫിക്‌സ് ആണോ? ക്യാമറാ മൂവ്‌മെന്റ് ആണോ? ഈ ടീസര്‍ കണ്ടാല്‍ ആരും ചോദിക്കും? ഗ്രാഫിക്‌സും ക്യാമറാ മൂവ്‌മെന്റുമല്ല, ചില സാദാ നമ്പറുകള്‍ മാത്രമെന്ന് റാസി മറുപടി  പറയുന്നു. ലോറിയും ജീപ്പും ഒന്നിച്ചു നില്‍ക്കുന്ന ദൃശ്യം ചെയ്തത് ലോറിയില്‍ ഒരു കുഞ്ഞു നൂല്‍ വെച്ച് അനക്കിയിട്ടാണ്. കൈകള്‍ ചലിപ്പിച്ചതും ഇടിയുണ്ടാക്കിയതും വാഹനം നീക്കിയതുമെല്ലാം ഇങ്ങനെ ചില്ലറ പൊടിക്കൈകള്‍ ചെയ്താണ്. 

ഈ ടീസര്‍ ഓണ്‍ലൈനില്‍ ഇതിനകം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ടീസറിന്റെ ലിങ്കുമായി റാസി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് നിരവധി പേര്‍ ഷെയര്‍ ചെയ്തു. യൂ ട്യൂബില്‍ ഈ ടീസര്‍ നിരവധി പേര്‍ കാണുന്നു. ടീസറിന് ലഭിക്കുന്ന സ്വീകാര്യതയില്‍ ഏറെ സന്തോഷവാനാണ് റാസി. 'സിനിമ എടുക്കാനുള്ള കോണ്‍ഫിഡന്‍സ് കൂടി; എനിക്കുമാത്രമല്ല,  നിര്‍മാതാക്കള്‍ക്കും!' -റാസി പറയുന്നു. 

അങ്ങനെ ടീസറായി. ഇനി സിനിമയാണ്. അതിനുള്ള ഓട്ടങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമിടയിലാണ് റാസിയിപ്പോള്‍. എസ്എസ്എല്‍സി പരീക്ഷ നാലുവട്ടമെഴുതിയ, ജീവിതത്തില്‍, നിരന്തരം തിരിച്ചടികള്‍ നേരിട്ട, അധ്വാനത്തിലൂടെയും പോരാട്ടങ്ങളിലൂടെയും സ്വന്തം ഇടം കണ്ടെത്തിയ ഈ ചെറുപ്പക്കാരന്‍ സിനിമയിലും സ്വന്തം മുദ്രപതിപ്പിക്കുമെന്നുറപ്പാണ്. 
 

click me!