ജിംഗിള്‍ ബെല്‍സിന്‍റെ കിലുക്കത്തിന് 161 വയസ്..!

By Prashobh Prasannan  |  First Published Dec 24, 2018, 8:02 PM IST

ബ്രിട്ടീഷ് - അമേരിക്കന്‍ കംപോസര്‍ ജയിംസ്‌ ലോഡ്‌ പീര്‍പോണ്ടാണ് ജിംഗിള്‍ ബെല്‍സിന്‍റെ ശില്‍പ്പി. 1852- നും 1857- നും ഇടയിലാണ് ഗാനം എഴുതപ്പെടുന്നതെന്നാണ് കരുതുന്നത്. അക്കാലത്ത് ജോര്‍ജിയയിലെ സാവന്നയില്‍ ഓര്‍ഗനിസ്‌റ്റും മ്യൂസിക്‌ ഡയറക്‌ടറുമൊക്കെയായി ജോലി ചെയ്യുകയായിരുന്ന  ജയിംസ്‌  പിയര്‍പോണ്ട്‌. പള്ളിയിലെ സണ്‍ഡേ സ്‌കൂളിന്‍റെ ഒരു പരിപാടിക്കായാണ് പിയര്‍പോണ്ട് ഈ ഗാനമുണ്ടാക്കുന്നത്.


ജിംഗിള്‍ ബെല്‍സ് കേള്‍ക്കാത്തവരുണ്ടാകില്ല. ഒരുവരിയെങ്കിലും മൂളാത്തവരുമുണ്ടാകില്ല. പലരുടെയും നെഞ്ചകങ്ങളിലേക്ക് ഈ ഗാനം പലപല ക്രിസ്‍മസ് രാവുകളുടെ ഓര്‍മ്മപ്പുഴകളെയാവും ഒഴുക്കിക്കൊണ്ടു വരുന്നത്. എന്നാല്‍ ആദ്യകാലത്ത് ജിംഗിള്‍ ബെല്‍സ് ഒരു ക്രിസ്തുമസ് ഗാനമേ ആയിരുന്നില്ലെന്നതാണ് രസകരം. ഇതൊരു അമേരിക്കന്‍ ക്ലാസിക് പാട്ടുമാത്രമായിരുന്നു. പറഞ്ഞുവരുന്നത് അതിനെക്കുറിച്ചൊന്നുമല്ല, ജിംഗിള്‍ ബെല്‍സ് പുറത്തിറങ്ങിയിട്ട് ഈ മഞ്ഞുകാലത്ത് 160 വര്‍ഷം പിന്നിട്ടിരിക്കുന്നു.

Latest Videos

ബ്രിട്ടീഷ് - അമേരിക്കന്‍ കംപോസര്‍ ജയിംസ്‌ ലോഡ്‌ പീര്‍പോണ്ടാണ് ജിംഗിള്‍ ബെല്‍സിന്‍റെ ശില്‍പ്പി. 1852- നും 1857- നും ഇടയിലാണ് ഗാനം എഴുതപ്പെടുന്നതെന്നാണ് കരുതുന്നത്. അക്കാലത്ത് ജോര്‍ജിയയിലെ സാവന്നയില്‍ ഓര്‍ഗനിസ്‌റ്റും മ്യൂസിക്‌ ഡയറക്‌ടറുമൊക്കെയായി ജോലി ചെയ്യുകയായിരുന്ന  ജയിംസ്‌  പിയര്‍പോണ്ട്‌. പള്ളിയിലെ സണ്‍ഡേ സ്‌കൂളിന്‍റെ ഒരു പരിപാടിക്കായാണ് പിയര്‍പോണ്ട് ഈ ഗാനമുണ്ടാക്കുന്നത്.

പിന്നീട് പാട്ടുമായി അദ്ദേഹം പലരേയും സമീപിച്ചു. പക്ഷേ ആരും ഗാനം റെക്കോര്‍ഡ്‌ ചെയ്യാനോ മാര്‍ക്കറ്റ്‌ ചെയ്യാനോ തയ്യാറായില്ല. അലച്ചിലുകള്‍ക്കൊടുവില്‍ ബോസ്‌റ്റണിലെ ഡിക്‌സണ്‍ മ്യൂസിക്‌ കമ്പനി മുന്നോട്ടു വന്നു. അങ്ങനെ 1857 സെപ്തംബറില്‍ പിര്‍പോണ്ടിന്‍റെ 35 ആം വയസില്‍ ഗാനം പുറത്തിറങ്ങി.  'വണ്‍ ഹോഴ്‌സ്‌ ഓപ്പണ്‍ സ്ലേ' എന്നായിരുന്നു അക്കാലത്ത് ഈ ഗാനം അറിയപ്പെട്ടിരുന്നത്.

 

എന്നാല്‍ ആ ആല്‍ബം വിപണിയില്‍ ഒരു ചലനവും സൃഷ്‌ടിച്ചില്ല. 1859- ല്‍ വീണ്ടും വിപണിയിലെത്തിച്ചെങ്കിലും എന്തുകൊണ്ടോ ഒറ്റക്കുതിരയെ പൂട്ടിയ ആ പാട്ടു വണ്ടിയെ ജനം അപ്പോഴും ശ്രദ്ധിച്ചില്ല. 1889 ല്‍ എഡിസണ്‍ സിലിണ്ടറില്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടു ജിംഗിള്‍ ബെല്‍സ്. വരികളിലെ വണ്ടിക്കുതിരകളെപ്പോലെ തന്‍റെ പാട്ടും ലോകത്തിന്‍റെ നെറുകിലേക്ക് കുതിച്ചു തുള്ളിപ്പായുന്നതും കാത്ത് ജെയിംസ് പിര്‍പോണ്ടിരുന്നു. പക്ഷേ അതിനൊക്കെ മുമ്പേ, മറ്റൊരു ശരത് കാലം തുടങ്ങുന്നതിനു തൊട്ടു മുമ്പേ, 71 ആം വയസില്‍ പിര്‍പോണ്ട് മരണത്തിലേക്കു നടന്നു പോയി. 

ഗാനം പിറന്നിട്ട് ഇപ്പോള്‍ ഒന്നര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പാട്ടിന്‍റെ മണിയും കിലുക്കി ആ കുതിരവണ്ടി തുള്ളിക്കുതിച്ചങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു. ഭാഷകളുടെയും രാജ്യങ്ങളുടെയുമൊക്കെ സകല അതിര്‍വരമ്പുകളും ഭേദിച്ച്, ബഹിരാകാശത്തു വച്ച് പാടിയ ആദ്യഗാനമെന്ന നേട്ടമുള്‍പ്പടെ വിഖ്യാത ഗാനമായി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ഓരോ മഞ്ഞുകാലത്തും ജയിംസ്‌ ലോഡ്‌ പിര്‍പോണ്ടിന്‍റെ ആത്മാവും ജിംഗിള്‍ ബെല്‍സിന്‍റെ താളത്തിനൊത്ത് തുള്ളിത്തുടിക്കുന്നുണ്ടാകും, ക്രിസ്മസ് അപ്പൂപ്പനെപ്പോലെ!

click me!