അല്ലുവിന്റെ അറസ്റ്റിന് പിന്നിൽ ചന്ദ്രബാബു നായിഡുവെന്ന് വൈഎസ്ആർസിപി നേതാവ് ലക്ഷ്മി

By Web Team  |  First Published Dec 13, 2024, 4:27 PM IST

നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിൽ ചന്ദ്രബാബു നായിഡുവെന്ന് വൈഎസ്ആർസിപി നേതാവ് ലക്ഷ്മി പാർവ്വതി. 


ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിൽ ചന്ദ്രബാബു നായിഡുവെന്ന് വൈഎസ്ആർസിപി നേതാവ് ലക്ഷ്മി പാർവ്വതി. പുഷ്പ 2 സിനിമയുടെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടൻ അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.  അല്ലുവിന്‍റെ അറസ്റ്റിൽ ചന്ദ്രബാബു നായിഡുവിന് പങ്കെന്ന് ലക്ഷ്മി പാർവതി ആരോപിച്ചു.

തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിന് അല്ലു എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ഇവരുടെ ചോദ്യം. അല്ലു അർജുൻ വരുന്നത് കണക്കിലെടുത്ത് സുരക്ഷ ഒരുക്കാതിരുന്ന സർക്കാരാണ് അപകടത്തിനുത്തരവാദിയെന്നും ഇവർ ആരോപിച്ചു. നായിഡുവിന്‍റെ പഴയ അനുയായിയും ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയാണ് അല്ലുവിന്‍റെ അറസ്റ്റിന് പിന്നിലെന്നും രേവന്ത് റെഡ്ഡിയുടെ ഈ നീക്കത്തിന് പിന്നിൽ ചന്ദ്രബാബു നായിഡുവാണെന്നുമാണ് ലക്ഷ്മി പാർവതിയുടെ ആരോപണം.

Latest Videos

കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് എന്തിനെന്ന് അല്ലു അർജുൻ; പൊലീസുമായി വാക്കേറ്റം, ജാമ്യമില്ലാവകുപ്പുകൾ

ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ചിത്രം കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്.

അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നതിനാല്‍ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അവര്‍ക്ക് ഒരുക്കാനായില്ല. പോരാത്തതിന് അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി സംഘം ആളുകളെ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു. തുറന്ന ജീപ്പില്‍ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അല്ലു സ്ഥലത്തേക്ക് അന്ന് എത്തിയത്. 

click me!