ഇന്ത്യന്‍ സിനിമ 2022: ബോളിവുഡിന് വീഴ്ച; തെന്നിന്ത്യ തിളങ്ങി, മാറുന്ന ഒടിടി ട്രെന്‍റ്.!

By Web Team  |  First Published Dec 24, 2022, 9:26 AM IST

ഹിന്ദി ചലച്ചിത്ര വ്യവസായം വന്‍ ഫ്ലോപ്പുകളുടെ പടുകുഴിയില്‍ ആയപ്പോള്‍ കന്നഡ, തെലുങ്ക്, തമിഴ് സിനിമകൾ ആഗോളതലത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറി.
 


2022 ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് സുപ്രധാന വര്‍ഷം ആയിരുന്നു. രണ്ടു കൊല്ലത്തെ കൊവിഡ് ബാധയില്‍ നിന്നും നിയന്ത്രണങ്ങള്‍ ഇല്ലാതെ തീയറ്ററുകള്‍ തുറന്ന വര്‍ഷത്തില്‍ എന്നാല്‍ ഇന്ത്യന്‍ സിനിമ രംഗം മാറിയ അഭിരുചികളുടെയും, കാഴ്ചശീലത്തിന്‍റെ പുതിയ അനുഭവത്തിലേക്കാണ് ചുവടുവച്ചത്.  

ഇന്ത്യന്‍ സിനിമ സമം ബോളിവുഡ് എന്ന കാലകാലമായി ഉറപ്പിച്ച ധാരണയെ തച്ചുടച്ച വര്‍ഷം എന്ന് തന്നെയാണ് 2022നെ ഓര്‍ക്കുമ്പോള്‍ ആദ്യം മുന്നിലെത്തുന്ന കാര്യം. ഹിന്ദി ചലച്ചിത്ര വ്യവസായം വന്‍ ഫ്ലോപ്പുകളുടെ പടുകുഴിയില്‍ ആയപ്പോള്‍ കന്നഡ, തെലുങ്ക്, തമിഴ് സിനിമകൾ ആഗോളതലത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറി.

Latest Videos

സംവിധായകൻ എസ് എസ് രാജമൗലിയുടെ തെലുങ്ക് ചിത്രം ആർആർആർ ഏകദേശം 1200 കോടിയും കന്നഡ ചിത്രങ്ങളായ കെജിഎഫ് 2, കാന്താര എന്നിവ യഥാക്രമം 1200 കോടിയും 410 കോടിയും നേടി. കമൽഹാസന്റെ തമിഴ് ചിത്രം വിക്രം ഈ വർഷം 500 കോടിയോളം നേടി. അതായത് റീജിനല്‍ സിനിമ എന്ന് ഒരു കാലത്ത് ബോളിവുഡ് വിളിച്ചിരുന്ന ചലച്ചിത്ര മേഖലകളില്‍ നിന്നും പാന്‍ ഇന്ത്യ വിജയങ്ങള്‍ ഉടലെടുക്കുന്നു. പുതിയ തരംഗം ഉണ്ടാകുന്നു. 

അതേസമയം, ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ, രൺവീർ സിങ്ങിന്റെ ജയേഷ്‌ഭായ് ജോർദാർ, കങ്കണയുടെ ധാക്കഡ്, പ്രഭാസിന്റെ രാധേ ശ്യാം, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്, രൺബീർ കപൂറിന്റെ ഷംഷേര എന്നിങ്ങനെ ഇന്ത്യ തന്നെ കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തങ്ങള്‍ ഈ വര്‍ഷം ഉണ്ടായി. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്‍റെ സ്ഥിരം അച്ചുപാത്രങ്ങളെ തകര്‍ത്ത് ഭാഷാ വ്യത്യാസങ്ങളെ ഇല്ലാതാക്കി ഏതുചിത്രവും ഒരു പാന്‍ ഇന്ത്യവിപണി കണ്ടെത്തും എന്നത് ശരിക്കും 2022 ഇന്ത്യൻ സിനിമയിൽ പുതിയ മാനദണ്ഡങ്ങളും സമവാക്യങ്ങളും ഉണ്ടാക്കിയെടുത്തുവെന്ന് പറയാം. 

ഫിലിം കംപാനിയന്‍ റൌണ്ട് ടേബിളില്‍ കമലാഹാസന്‍ പറഞ്ഞത് വ്യക്തമാണ്, ഇനി റീജിനല്‍ സിനിമ എന്നത് നിലവില്‍ ഉണ്ടാകില്ല. എല്ലാം ഒറ്റ ഇന്ത്യന്‍ സിനിമ. വിവിധ സിനിമ രംഗങ്ങള്‍ സംയോജിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

കന്നടയുടെ ഉദയ വര്‍ഷം

ഒരു കാലത്ത് മറ്റുഭാഷകളിലെ മാസ് ചലച്ചിത്രങ്ങളോട് മത്സരിക്കാന്‍ കഴിയാതെ സ്വന്തം വിപണിയില്‍ ഒതുങ്ങിയ ഒരു ചലച്ചിത്ര രംഗമായിരുന്നു കന്നട. എന്നാല്‍  ഗിരീഷ് കാസറവള്ളി, സംഗീതം ശ്രീനിവാസറാവു എന്നിവർ അവരുടെ സിനിമകൾക്ക് പ്രാദേശിക, ദേശീയ അവാർഡുകൾ നേടി. കലാമൂല്യമുള്ള ഒരു ശാഖ അവര്‍ ഉണ്ടാക്കി. എന്നാല്‍ ഇന്ത്യയുടെ പൊതു ചലച്ചിത്ര രംഗത്തേക്ക് കന്നട സാന്നിധ്യം കുറവായിരുന്നു. 

എന്നാല്‍ 2022 ല്‍ ചില യുവസംവിധായകരുടെ അണിയറക്കാരുടെയും വീക്ഷണവും, സിനിമ സമീപനവും ഈ ചലച്ചിത്ര രംഗത്തേയും അതിന്‍റെ കഥപറച്ചിലിലും വീണ്ടും മാറ്റം വന്നിരിക്കുന്നു. രക്ഷിത് ഷെട്ടി, ഋഷഭ് ഷെട്ടി, പ്രശാന്ത് നീൽ, അനുപ് ഭണ്ഡാരി, പവൻ കുമാർ, ഹേമന്ത് എം റാവു, രാം റെഡ്ഡി എന്നിവരെപ്പോലുള്ള സംവിധായകര്‍ കന്നട സിനിമാ ലോകത്തെ അവരുടെ സംസ്ഥാനത്തിന് പുറത്ത് നിന്നും കൂടുതൽ വലിയ പ്രേക്ഷക സമൂഹത്തെ ഉറപ്പാക്കുന്നു. 2022-ൽ കന്നട സിനിമാ വ്യവസായത്തിൽ ഹിറ്റായത് കാന്താരയും കെജിഎഫ് 2വുമാണ്. വിക്രാന്ത് റോണ, 777 ചാർലി, ജെയിംസ് എന്നിവയും വലിയ ശ്രദ്ധ നേടി.

ഇത്തരത്തില്‍ ഒരു പുതിയ ഉണര്‍വ് കന്നട സിനിമ രംഗത്ത് ഉണ്ടായത് എങ്ങനെ എന്നതിന് വിക്രാന്ത് റോണ എന്ന ചിത്രത്തിന്‍റെ സംവിധായകൻ അനുപ് ഭണ്ഡാരി പറയുന്ന കാര്യം ഇങ്ങനെയാണ്. ഇത്തരം ഒരു ഉണര്‍വിന് മൂന്ന് പ്രധാന കാരണങ്ങളുണ്ട് - ഒന്നാമതായി, പറയപ്പെടുന്ന കഥകൾ നമ്മുടെ സംസ്കാരത്തിൽ വേരൂന്നിയതാണ്. രണ്ടാമതായി, ഈ കഥകൾ മെട്രോ പ്രേക്ഷകരെ മാത്രമല്ല, വിശാലമായ ഇന്ത്യന്‍ ജനതയെ ആകര്‍ഷിക്കാന്‍ പ്രാപ്തമാണ്. മൂന്നാമതായി, കഥപറച്ചിലിനും ചലച്ചിത്രനിർമ്മാണത്തിനും ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടായിരുന്നു. 

ഹോംബാലെ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനി ഇത്തരം മാറിയ കാഴ്ചപ്പാടില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്. കെജിഎഫ് 2, കാന്താര തുടങ്ങിയ സിനിമകള്‍ വന്‍ വിജയം ആണെങ്കിലും, മറ്റൊരു തരത്തില്‍ അവര്‍ സ്വയം അതില്‍ ഒരു റിസ്കും ഏടുത്തിട്ടുണ്ടെന്ന് കാണാം. ശക്തമായ ആഖ്യാനവും, അതിന് ഇണങ്ങുന്ന മികച്ച പ്രകടനവും, കാഴ്ചയും ഉണ്ടെങ്കിൽ, ഭാഷാഭേദമില്ലാതെ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകുമെന്ന് ഇവര്‍ തെളിയിക്കുന്നു. 

ഹോംബാലെ ഫിലിംസ് ഇന്ന് കന്നഡ സിനിമകൾ മാത്രമല്ല, തെലുങ്ക്, മലയാളം, തമിഴ് സിനിമകളും നിർമ്മിക്കാന്‍ ഒരുങ്ങുകയാണ്. നല്ല കഥകളും മികച്ച താരനിരയും. അതിനേക്കാള്‍ ഉപരി ഇറക്കുന്ന ചിത്രത്തിന്‍റെ ഗുണനിലവാരത്തിന് മുൻഗണന നൽകണമെന്നും കഥപറച്ചിലിൽ പുതിയ കാഴ്ചപ്പാട് കൊണ്ടുവരണമെന്നും ഹോംബാലെ ഫിലിംസ് സ്ഥാപകൻ വിജയ് കിർഗന്ദൂർ നേരത്തെ തന്നെ തങ്ങളുടെ കാഴ്ചപ്പാടായി വെളിപ്പെടുത്തിയിരുന്നു.

'കണ്ടന്‍റ് ഈസ് കിംഗ്'

കൊവിഡ് കാലത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകള്‍ തീയറ്റര്‍കാലത്തും സജീവമായി നിന്ന  വര്‍ഷമായിരുന്നു 2022 എന്ന് പറയാം. പലപ്പോഴും തീയറ്ററില്‍ പരാജയപ്പെടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ മികച്ച അഭിപ്രായം നേടുന്നത് ഈ വര്‍ഷം ഒരു പതിവ് കാഴ്ചയായിരുന്നു. നേരിട്ടുള്ള ഒടിടി റിലീസുകള്‍ കൊവിഡ് കാലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും. ഇന്ത്യയില്‍ മൊത്തമായി കണ്ടുവരുന്ന ട്രെന്‍റ് ചെറുചിത്രങ്ങള്‍ ഒടിടി റിലീസിനെ ആശ്രയിക്കുന്നു എന്നതാണ്. ഇന്നത്തെ കാലത്ത് ഒരു സിനിമയുടെ തീയറ്ററിലെ റണ്ണിംഗ് കാലം രണ്ടാഴ്ചയായി ഒക്കെ ചുരുങ്ങുകയാണ്. വന്‍ അഭിപ്രായം നേടിയാല്‍ മാത്രം ചില ചിത്രങ്ങള്‍ കൂടുതല്‍ തീയറ്റര്‍ ലൈഫ് ലഭിക്കുന്നു.

ചെറു ചിത്രങ്ങള്‍ തീയറ്ററില്‍ പോയി കാണേണ്ടതുണ്ടോ?, അത് ആഴ്ചകള്‍ക്കുള്ളില്‍ ഒടിടിയില്‍ വരില്ലെ എന്ന മനോഭാവത്തിലേക്ക് കാഴ്ചക്കാര്‍ മാറുന്നു എന്നാണ് 2022 ലെ ട്രെന്‍റുകള്‍ കാണിക്കുന്നത്. അതിനാല്‍ തന്നെ തീയറ്റര്‍ കാഴ്ച നിര്‍ബന്ധം എന്ന് കരുതുന്ന ചിത്രങ്ങള്‍ തീയറ്ററില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം ചെറു ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ വിജയിച്ചുവരാനുള്ള സാധ്യത വിരളവുമായി മാറുന്നു. അപ്പോള്‍ ചെറു ചിത്രങ്ങള്‍ക്ക് ഒടിടിയെ ആശ്രയിക്കേണ്ടി വരും.

എന്നാല്‍ ഒടിടി  അധികൃതര്‍ കൂടുതല്‍ ജാഗ്രതയിലാണ് എന്നതാണ് മറ്റൊരു കാര്യം. അതായത് കൊവിഡ് കാലത്തെപ്പോലെ എന്ത് കണ്ടന്‍റും ഉണ്ടാക്കി ഒടിടിയില്‍ കാണിക്കാം എന്ന രീതിയില്‍ നിന്നും അവരുടെ സെലക്ഷന്‍ പ്രൊസസ്സ് കൂടുതല്‍ കട്ടിയേറിയത് ആയിട്ടുണ്ട്. ഒരു ഒടിടി ഏറ്റെടുക്കുന്ന ചിത്രത്തിന്‍റെ തീയറ്റര്‍ ലൈഫും, കണ്ടന്‍റും കൃത്യമായി പരിശോധന നടത്താറുണ്ട് എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. എങ്കിലും താരങ്ങളുള്ള ചിത്രത്തിന് ഇപ്പോഴും വിപണി മൂല്യം ഒടിടി രംഗത്തുണ്ടെന്ന് കാണാം. 

പല പ്രദേശിക ചിത്രങ്ങളും 2022 ല്‍ ശ്രദ്ധിക്കപ്പെട്ടത് അവയുടെ ഒടിടി റിലീസിന് ശേഷമാണ്. മലയാളത്തിലെ ജനഗണമന എന്ന ചിത്രം പലയിടത്തും ചര്‍ച്ചയായത് അതിന്‍റെ ഒടിടി റിലീസിന് ശേഷമാണ്. ജൻഹിത് മേ ജാരി പോലെ ഒരു ഹിന്ദി ചിത്രം ശ്രദ്ധിക്കപ്പെട്ടതും ഒടിടി റിലീസ്  സമയത്താണ്. ഇതിനാല്‍ തന്നെ പലപ്പോഴും പല ചിത്രങ്ങള്‍ക്കും രണ്ടാം ലൈഫ് ഒടിടി നല്‍കുന്നു എന്ന ട്രെന്‍റ് 2022 ല്‍ നിലനില്‍ക്കുന്നു എന്ന് കാണാം. ഇത് ഭാഷകളുടെ അതിര്‍വരമ്പ് ഇല്ലാതെ പ്രതിഫലിക്കുകയും ചെയ്യുന്നു. 

ബോളിവുഡിന് എന്ത് പറ്റി?

എന്തുകൊണ്ടാണ് ബോളിവുഡിന് ഈ വർഷം കാര്യമായ നേട്ടം ഒന്നും നടത്താന്‍ കഴിയാത്തത്  എന്ന ചോദ്യത്തിന് അനലിസ്റ്റ് ശ്രീധർ പിള്ള നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. "കെജിഎഫ് 2, കാന്താര, ആർആർആർ – ഈ മൂന്ന് ചിത്രങ്ങളും ഹിന്ദി വിപണി തന്നെ കൈയ്യടക്കി. ഹിന്ദി ചിത്രങ്ങള്‍ക്ക് എന്നാല്‍ ഇതിന് അടുത്ത് എത്താന്‍ പോലും സാധിച്ചില്ല. ഒപ്പം തന്നെ ഇതേ ചിത്രങ്ങള്‍  മെട്രോ നഗരങ്ങളില്‍ അടക്കം വന്‍ കളക്ഷന്‍ നേടി. ഹിന്ദി ചിത്രങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്ന് അവര്‍ക്ക് തോന്നിയില്ലെന്നതാണ് ഈ തകര്‍ച്ചയുടെ കാരണം".

ഈ നിരീക്ഷണം വളരെ വിശാലമായതാണ്. എന്നാല്‍ പ്രത്യേകിച്ച് ഒരു കാരണങ്ങളില്‍ ഒന്നും ഇതാണ്. ചിലപ്പോള്‍ ജനങ്ങളുടെ ടേസ്റ്റ് മനസിലാക്കാന്‍ സാധിക്കുന്നില്ല. 2022 ന്‍റെ രണ്ടാം പാദത്തിലാണ് ബോളിവുഡ് അല്‍പ്പം എങ്കിലും തലപൊക്കിയത്. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം അവിടെ ആളുകളെ ആകര്‍ഷിച്ചു. ചെറിയ ബജറ്റില്‍ തീര്‍ത്ത ചിത്രം 200 കോടിക്കടുത്ത് കളക്ട് ചെയ്യുന്നതിന് രാഷ്ട്രീയമായ കാരണങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്നത് വിസ്മരിക്കാന്‍ കഴിയുന്നതല്ല.

അത് മാറ്റിയാല്‍ ബോളിവുഡിന് ആശ്വാസം നല്‍കിയത് 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന്‍റെ വിജയമാണ്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാബ്, നാഗര്‍ജ്ജുന വന്‍ താര നിരയുമായി വന്ന ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടി ആശ്വാസം നേടി. ഇന്ത്യന്‍ മിത്തോളജി ഇതിവൃത്തമാക്കി ഒരുക്കിയ പ്രണയകഥയാണ് അയാന്‍ മുഖര്‍ജി പറഞ്ഞത്. അവസാന മാസത്തില്‍ ദൃശ്യം 2 വന്‍ വിജയമാകുന്നതും ബോളിവുഡിന് ആശ്വസമാകുന്നുണ്ട്. അജയ് ദേവഗണിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി ദൃശ്യം 2 മാറി. എന്നാല്‍ ഈ മുന്ന് വലിയ വിജയങ്ങള്‍ക്ക് അപ്പുറം ഏതാണ്ട് 500 മുതല്‍ 700 കോടി രൂപയുടെ നഷ്ടമാണ് ബോളിവുഡ് ഈ വര്‍ഷം വരുത്തി വച്ചിരിക്കുന്നത്. യാഷ് രാജ് പോലുള്ള വന്‍ സ്റ്റുഡിയോകള്‍ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 

നിങ്ങള്‍ ഹിന്ദി മൂവിചാനലുകള്‍ ശ്രദ്ധിച്ചാല്‍ അറിയാം. അതില്‍ വരുന്ന 90ശതമാനം ചിത്രങ്ങളും ദക്ഷിണേന്ത്യന്‍ മാസ് മസാല ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകളാണ്. ഇവയാണ് ഹിന്ദി ഹൃദയഭൂമിയിലെ ദിവസേനയുള്ള സിനിമ കാഴ്ചയുടെ ഭാഗം അതിനാല്‍ തന്നെ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ഇവിടെ വന്‍ നേട്ടം കൈവരിക്കുന്നത് അത്ഭുതകരമായ കാര്യമല്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ കൂടുതല്‍ ദക്ഷിണേന്ത്യന്‍ താരങ്ങളെ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കം പുതിയ വഴികള്‍ തേടുകയാണ് ബോളിവുഡ്. 

ബോളിവുഡ് പ്രേക്ഷകരുടെ ടേസ്റ്റുകള്‍ മാറിയതിന് അനുസരിച്ച് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ മാറിയില്ല എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് തെലുങ്കിൽ നിന്ന് ഡബ്ബ് ചെയ്ത കാർത്തികേയ 2 എന്ന ചിത്രം ഹിന്ദി മേഖലയില്‍ നേടിയ അപ്രതീക്ഷിത വിജയം.  സ്വാതന്ത്ര്യ ദിന വാരത്തിൽ ഒരു പരസ്യവും ഇല്ലാതെ  ഹിന്ദിയിൽ ഈ ചിത്രം റിലീസ് ചെയ്തു. ഏകദേശം 30 കോടി രൂപയാണ് ചിത്രം നേടിയത്. കാർത്തികേയ 2 വിനൊപ്പം റിലീസ് ചെയ്ത രക്ഷാ ബന്ധനും ലാൽ സിംഗ് ഛദ്ദയും വൈഡ് റിലീസായിട്ടും 45 കോടിയും 60 കോടിയും നേടി. കാർത്തികേയ 2 ഹിന്ദിയില്‍ നിന്നും 100 കോടിയിലേറെ നേടി എന്നതാണ് അത്ഭുതം.

വിക്രത്തിന്‍റെ ചിറകില്‍ തമിഴ്

2022 ല്‍ തമിഴ് സിനിമ രംഗത്തിന്‍റെ ഗംഭീരമായ സംഭവം കമലാഹാസന്‍റെ തിരിച്ചുവരവ് തന്നെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസില്‍ നിന്നും 500 കോടിയോളം നേടി. നോര്‍ത്ത് ഇന്ത്യന്‍ വിപണിയില്‍ വിക്രം വലിയ ഓളം ഉണ്ടാക്കിയില്ലെങ്കിലും തെന്നിന്ത്യ മുഴുവന്‍ വിക്രം കീഴടക്കി എന്ന് പറയാം. അതേ സമയം തമിഴിലെ മറ്റ് വന്‍ താര ചിത്രങ്ങള്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചില്ല എന്ന് പറയാം. അജിത്ത് നായകനായ വലിമൈ പരാജയമായപ്പോള്‍, വിജയ് നായകനായ ബീസ്റ്റ് പ്രേക്ഷകരെ നിരാശപ്പെടുത്തി.  ശിവ കാര്‍ത്തികേയന്‍റെ ഡോണ്‍ വലിയ വിജയം നേടി. എന്നാല്‍ പ്രിന്‍സ് പരാജയമായി. പൊന്നിയിന്‍ ശെല്‍വന്‍‍ തമിഴില്‍ നിന്നും 2022 ലെ ബ്രഹ്മാണ്ട ചലച്ചിത്ര കാഴ്ചയായിരുന്നു. അതേ സമയം ലവ് ടുഡേ പോലെ അപ്രതീക്ഷിത ഹിറ്റുകളും തമിഴ് സമ്മാനിച്ചിട്ടുണ്ട്. 

രാജമൌലിയും തെലുങ്ക് സിനിമയും

2022 ലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരുന്നു ആര്‍ആര്‍ആര്‍. ചിത്രത്തിന്‍റെ വലിപ്പത്തിന് അനുസരിച്ചുള്ള വിജയം തന്നെ ഈ ചിത്രം തീയറ്ററില്‍ നേടി 1200 കോടിയോളം കളക്ഷന്‍. അതിനപ്പുറം ആഗോളതലത്തില്‍ തന്നെ ചിത്രം ശ്രദ്ധേയമായി. രാജമൌലി ബ്രാന്‍റ് വീണ്ടും ഇന്ത്യന്‍ സിനിമ ലോകത്ത് ഉറപ്പിച്ചു. അതേ സമയം ബാഹുബലി താരം പ്രഭാസിന് പരാജയ പരമ്പര തുടരുകയാണ്. രാധേശ്യാം വലിയ പരാജയമാണ് സമ്മാനിച്ചത്. അതേ സമയം ദുല്‍ഖറിനെ നായകനായി തെലുങ്കില്‍ നിന്നും എത്തിയ സീതരാം അപ്രതീക്ഷിത ഹിറ്റായി മാറി. മലയാളത്തിലെ ലൂസിഫര്‍ തെലുങ്കില്‍ ഗോഡ്ഫാദറായി എത്തിയപ്പോള്‍ അത് ബോക്സ് ഓഫീസ് ദുരന്തമായി. 

'പത്തൊമ്പതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയില്‍ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്‍റെ കുബുദ്ധി'; വിമര്‍ശനവുമായി വിനയന്‍

'ഗോള്‍ഡി'ന് ഒടിടി റിലീസ്; ആമസോണ്‍ പ്രൈമിലെ തീയതി പ്രഖ്യാപിച്ചു

click me!