സെപ്റ്റംബര്‍ 28 ന് എത്തിയ കണ്ണൂര്‍ സ്ക്വാഡ് ഇതിനകം 75 കോടിയിലേറെ നേടിയിട്ടുണ്ട്
ഇതരഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നേടുന്ന വലിയ വിജയത്തിന് സമാനമായി മലയാള ചിത്രങ്ങള്‍ക്ക് ഇവിടെ ആള് കയറുന്നില്ലെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിനിമാമേഖലയില്‍ നിന്ന് ഉയര്‍ന്ന ആശങ്ക ആയിരുന്നു. എന്നാല്‍ ഈ വര്‍ഷമെത്തിയ രോമാഞ്ചം, 2018, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്ക്വാഡ് എന്നിവ ആ ആശങ്കയില്‍ കാര്യമില്ലെന്ന് ഉറപ്പോടെ സ്ഥാപിച്ചു. ഇതരഭാഷാ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഹൈപ്പോ കളക്ഷനോ പലപ്പോഴും മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. ഇതരഭാഷയില്‍ നിന്നുള്ള പുതിയ റിലീസ് വിജയ് നായകനാവുന്ന ലിയോ ആണ്. വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് കേരളത്തിലും ചിത്രം എത്തുകയെന്നത് ഉറപ്പാണ്. ആ സമയത്ത് സിനിമാപ്രേമികളില്‍ ചിലര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. തിയറ്ററുകളില്‍ തുടരുന്ന മമ്മൂട്ടിയുടെ വിജയചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ ബോക്സ് ഓഫീസിലെ മുന്നോട്ടുപോക്കില്‍ അത് മങ്ങലേല്‍പ്പിക്കുമോ എന്നതാണ് അത്. എന്നാല്‍ അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് പറയുന്നു തിയറ്റര്‍ ഉടമകള്‍.
ലിയോ വരുമ്പോള്‍ കണ്ണൂര്‍ സ്ക്വാഡിന് ഇപ്പോഴുള്ള തിയറ്ററുകളുടെ എണ്ണം സ്വാഭാവികമായും കുറയുമെന്നും എന്നാല്‍ നാലാം വാരത്തിലേക്ക് കടക്കുന്ന ഒരു ചിത്രത്തിന് അത്രയും തിയറ്ററുകള്‍ മതിയാവുമെന്നും തിയറ്റര്‍ ഉടമയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റുമായ ലിബര്‍ട്ടി ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. "ആ സമയത്ത് അത്രയും തിയറ്ററുകള്‍ മതി എന്നതാണ് വാസ്തവം. റിലീസ് സമയത്ത് മള്‍ട്ടിപ്ലെക്സുകളില്‍ മൂന്നും നാലും സ്ക്രീനുകളില്‍ കളിച്ച ചിത്രത്തിന് ഇപ്പോള്‍ ഒരു സ്ക്രീന്‍ മതിയാവും. അത്രയും ആളേ ഉണ്ടാവൂ. പണ്ട് അറുപതും എഴുപതും തിയറ്ററുകളിലായിരുന്നു റിലീസ് എങ്കില്‍ ഇന്ന് 250- 300 തിയറ്ററുകളിലാണ്. അപ്പോള്‍ അത്രയും പ്രേക്ഷകര്‍ സിനിമ കണ്ടുകഴിഞ്ഞു. മറ്റൊരു കാര്യം ഈ വാരം ലിയോ റിലീസ് ആയാലും കാണാന്‍ പുതിയ മലയാള സിനിമയൊന്നും എത്തുന്നില്ല. അതിന്‍റെ ആനുകൂല്യം മമ്മൂട്ടിപ്പടത്തിന് കിട്ടും", ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
നിലവിലെ സ്ഥിതിയില്‍ സിനിമകള്‍ 2- 3 ആഴ്ചകള്‍ക്കകം അതിന്‍റെ പരമാവധി ബിസിനസ് നടത്തുന്നുണ്ടെന്ന് തിയറ്റര്‍ ഉടമയും ഫിയോക് ട്രഷററുമായ സുരേഷ് ഷേണായ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. "ഒരു വിജയ സിനിമ നാലാം വാരത്തിലേക്കൊക്കെ പോകുമ്പോള്‍ അതിന്‍റെ കളക്ഷന്‍ കുറഞ്ഞ് വരികയാണ് ചെയ്യുക. ലിയോ വന്നാലും ഇല്ലെങ്കിലും കണ്ണൂര്‍ സ്ക്വാഡിന്‍റെ ഷോകളുടെ എണ്ണത്തില്‍ നാലാം വാരം കുറവ് ഉണ്ടാവും. നിലവിലെ സ്ഥിതിയില്‍ 2- 3 വാരമാണ് ഒരു സിനിമയുടെ പരമാവധി കളക്ഷന്‍ കാലം. സ്വാഭാവികമായും ആ കുറവ് നാലാം വാരത്തില്‍ പ്രതീക്ഷിക്കാം. ഒരു സിനിമയുടെ കളക്ഷന്‍ അടിസ്ഥാനമാക്കി ആയിരിക്കും തിയറ്ററുകാര്‍ ഷോകളുടെ എണ്ണം തീരുമാനിക്കുക. കണ്ണൂര്‍ സ്ക്വാഡ് ആദ്യവാര കളക്ഷന്‍ അതിഗംഭീരമായിരുന്നു. രണ്ടാമത്തെ ആഴ്ചയും നല്ലതായിരുന്നു. മൂന്നാം വാരത്തിലാണ് ചെറിയ ഡ്രോപ്പ് ഉണ്ടായത്. അപ്രതീക്ഷിതമായിരുന്നു ഈ സിനിമയ്ക്ക് കിട്ടിയ ജനപ്രീതി", സുരേഷ് ഷേണായ് പറയുന്നു.
ലിയോയെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ച് സുരേഷ് ഷേണായ് ഇങ്ങനെ പറയുന്നു- "ലിയോയുടെ പ്രതീക്ഷ വളരെ വലുതാണ്. ആ പ്രതീക്ഷയ്ക്കനുസരിച്ച് വരണം പടം. അങ്ങനെയെങ്കില്‍ സൂപ്പര്‍ഹിറ്റ് ആവും. പ്രതീക്ഷ കൂടുമ്പോള്‍ റിസ്ക് കൂടുകയാണ്. പ്രീ ബുക്കിംഗില്‍ കേരളത്തില്‍ ലിയോ ഇതിനകം റെക്കോര്‍ഡ് ഇട്ടിട്ടുണ്ട്", സുരേഷ് ഷേണായിയുടെ വാക്കുകള്‍. തിയറ്റര്‍ ഉടമകള്‍ക്ക് കുഴപ്പമില്ലാത്ത ഒരു വര്‍ഷമാണ് ഇതെന്ന് കൂട്ടിച്ചേര്‍ക്കുന്നു ലിബര്‍ട്ടി ബഷീര്‍. "10 മാസങ്ങള്‍ക്കുള്ളില്‍ മൂന്നാല് ഹിറ്റ് പടങ്ങള്‍ കിട്ടിയല്ലോ. വരാന്‍ പോകുന്നതും ഒന്നുരണ്ട് വലിയ പടങ്ങളാണ്", ലിബര്‍ട്ടി ബഷീറിന്‍റെ വാക്കുകള്‍.
ALSO READ : അത് ഒഫിഷ്യല്‍! വിജയ്‍ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ജയറാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക