എന്താണ് 'ഡങ്കി' എന്ന വാക്കിന്‍റെ അര്‍ഥം? ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രത്തിന് ഈ പേര് ഇടാനുള്ള കാരണം

By Web Team  |  First Published Nov 4, 2023, 9:30 AM IST

ക്രിസ്‍മസ് റിലീസ് ആണ് ചിത്രം


ഒരു സിനിമയുടെ ആദ്യ ഐഡന്‍റിറ്റി അതിന്‍റെ പേരാണ്. സംവിധായകനും നായകനും നായികയുമൊക്കെ പ്രധാനമാണെങ്കിലും ഒരു ചിത്രത്തിന്‍റെ പേരിന് അത്രതന്നെ പ്രാധാന്യമുണ്ട്. ഒറ്റ കേള്‍വിയില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ചില പേരുകളുണ്ട്. അത്തരത്തിലൊന്നാണ് ഷാരൂഖ് ഖാന്‍റെ അടുത്ത റിലീസ് ആയി എത്താനിരിക്കുന്ന ഡങ്കി. മുന്നാഭായി എംബിബിഎസും 3 ഇഡിയറ്റ്സും പികെയും അടക്കമുള്ള കള്‍ട്ട് ചിത്രങ്ങള്‍ ഒരുക്കിയ രാജ്‍കുമാര്‍ ഹിറാനിയാണ് ഡങ്കിയുടെയും സംവിധായകന്‍. ഡങ്കി എന്ന് കേട്ടാല്‍ ആദ്യം കഴുത എന്നതിന്‍റെ ഇംഗ്ലാഷ് വാക്കായ ഡോങ്കി ആവും പലരുടെയും മനസിലേക്ക് സാമ്യതയുടെ പേരില്‍ എത്തുക. എന്നാല്‍ ഡങ്കി എന്ന പേരിന്‍റെ യഥാര്‍ഥ അര്‍ഥമെന്താണ്? എന്തുകൊണ്ടാണ് ഷാരൂഖ് നായകനാവുന്ന ചിത്രത്തിന് രാജ്‍കുമാര്‍ ഹിറാനി ആ പേര് ഇട്ടിരിക്കുന്നത്?

കുടിയേറ്റം കഥാപശ്ചാത്തലമാക്കുന്ന, ഇമിഗ്രേഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഡങ്കി എന്നാണ് കരുതപ്പെടുന്നത്. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട മറ്റൊരു പ്രയോഗത്തില്‍ നിന്നാണ് രാജ്‍കുമാര്‍ ഹിറാനി സിനിമയുടെ പേര് രൂപപ്പെടുത്തിയിരിക്കുന്നത്. ഡോങ്കി ഫ്ലൈറ്റ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ഒരു അനധികൃത കുടിയേറ്റ രീതിയുണ്ട്. വിസ നിയമങ്ങള്‍ ശക്തമായ യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ അതിന് സാധിക്കാത്തവരില്‍ ഒരു വിഭാഗം പരീക്ഷിക്കുന്ന, വലിയ റിസ്ക് ഉള്ള മാര്‍ഗമാണ് ഡോങ്കി ഫ്ലൈറ്റ്. ഉദാഹരണത്തിന് യുകെയില്‍ എത്താനായി ഷെങ്കന്‍ സോണില്‍ പെടുന്ന ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിലേക്ക് ഇവരെ എത്തിക്കുകയാണ് ഏജന്‍റുമാര്‍ ചെയ്യുന്നത്. ഇങ്ങനെ എത്തുന്നവരില്‍ നിന്ന് പണം പിടുങ്ങാന്‍ അവിടെയും ആളുകള്‍ ഉണ്ടാവും. ആവശ്യപ്പെടുന്ന തുക മുടക്കാന്‍ തയ്യാറുള്ളവര്‍ക്ക് റെസിഡന്‍റ് പെര്‍മിറ്റും ഡ്രൈവിംഗ് ലൈസന്‍സും അടക്കമുള്ള വ്യാജ രേഖകള്‍ ഇവര്‍ നിര്‍മ്മിച്ച് നല്‍കും. അത് ഉപയോഗിച്ച് കുടിയേറ്റക്കാര്‍ ഇംഗ്ലണ്ടിലേക്ക് കടക്കുന്നു. ഇനി വലിയ തുക മുടക്കാനില്ലാത്തവരെ കാത്തും ഏജന്‍റുമാര്‍ ഉണ്ട്. ഷെങ്കന്‍ സോണ്‍ രാജ്യങ്ങളില്‍ നിന്ന് ബസുകളിലും ലോറികളിലും കാറിന്‍റെ ഡിക്കിയില്‍ വരെ ഇരുത്തി കുടിയേറ്റം ആഗ്രഹിക്കുന്നവരെ ലണ്ടനിലേക്ക് എത്തിക്കാറുണ്ട്.

Latest Videos

ഡോങ്കി ഫ്ലൈറ്റ് എന്ന പ്രയോഗത്തില്‍ നിന്നാണ് ഡങ്കി എന്ന പേരിലേക്ക് രാജ്‌കുമാര്‍ ഹിറാനി എത്തിയത്. ഇന്ത്യയിലെ കാര്യമെടുത്താല്‍ പഞ്ചാബ് ആണ് ഡോങ്കി ഫ്ലൈറ്റ് ഏര്‍പ്പെടുത്തുന്ന  ഏജന്‍റുമാരുടെ പ്രധാന കേന്ദ്രം. ഡോങ്കി എന്ന വാക്ക് പഞ്ചാബികള്‍ പൊതുവെ ഉച്ചരിക്കുന്നത് ഡങ്കി എന്നാണ്. ഷാരൂഖ് ചിത്രത്തിന് ഡങ്കി എന്ന ടൈറ്റില്‍ വന്നത് ഇങ്ങനെയാണ്. ഷാരൂഖ് ഖാന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസറിലും ചിത്രത്തിന്‍റെ വിഷയം അനധികൃത കുടിയേറ്റമാണെന്ന് വ്യക്തമാണ്.

 

മുന്‍ ചിത്രങ്ങളിലും വളരെ ഗൌരവമുള്ള വിഷയങ്ങള്‍ തെളിഞ്ഞ നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് രാജ്‍കുമാര്‍ ഹിറാനി. ഷാരൂഖ് ഖാന്‍ കരിയറിന്‍റെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. ഈ രണ്ട് കാരണങ്ങളാലും വന്‍ പ്രേക്ഷകപ്രതീക്ഷയുള്ള ചിത്രമാണ് ഡങ്കി. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം പഠാനും ജവാനുമൊക്കെപ്പോലെ 1000 കോടി ബോക്സ് ഓഫീസില്‍ നേടാന്‍ സാധ്യതയുള്ള ചിത്രമാണിത്. ക്രിസ്‍മസ് റിലീസ് ആണ് ചിത്രം.

ALSO READ : ഇനി ടെലിവിഷനിലെ 'മാളികപ്പുറ'ത്തെ കാണാം; ഏഷ്യാനെറ്റില്‍ പുതിയ സീരിയല്‍ ആരംഭിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

tags
click me!