മുടക്കിയത് കോടികള്‍, 'ഗെയിം ചേഞ്ചറി'ലെ ഏറ്റവും ഹിറ്റ് പാട്ട്; പക്ഷേ തിയറ്ററില്‍ ഗാനമില്ല, എന്താണ് സംഭവിച്ചത്?

By Web Desk  |  First Published Jan 10, 2025, 4:58 PM IST

തമന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരേയൊരു മെലഡി ഗാനമായിരുന്നു ഇത്


കാലങ്ങള്‍ക്ക് മുന്‍പേ ഗാനചിത്രീകരണങ്ങളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. ആ ഗാനങ്ങളില്‍ പലതും ഇന്നും നാം കേള്‍ക്കാറുമുണ്ട്. ഏറ്റവും പുതിയ ചിത്രം ഗെയിം ചേഞ്ചറിലും ഗാന ചിത്രീകരണത്തിനായി ഷങ്കര്‍ വന്‍ തുകയാണ് മുടക്കിയിട്ടുള്ളത്. ചിത്രത്തിന്‍റെ മ്യൂസിക് ബജറ്റ് നേരത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നാല് ഗാനങ്ങളുടെ ചിത്രീകരണത്തിനായി 75 കോടിയാണ് ഷങ്കര്‍ ചെലവാക്കിയത്. ഈ പാട്ടുകളുടെയൊക്കെ ലിറിക്കല്‍ വീഡിയോ സിനിമയുടെ റിലീസിന് മുന്‍പേ പുറത്തുവിട്ടിരുന്നു. അവ വലിയ ആസ്വാദകപ്രീതിയും നേടിയിരുന്നു. നാനാ ഹൈരനാ എന്ന മെലഡി ഗാനമായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രിയം. എന്നാല്‍ ഗെയിം ചേഞ്ചര്‍ ഇന്ന് തിയറ്ററുകളില്‍ എത്തിയപ്പോള്‍ ഈ ഗാനം മാത്രം കാണാനില്ല! ഇപ്പോഴിതാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അണിയറക്കാര്‍.

തമന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരേയൊരു മെലഡി ഗാനമായിരുന്നു നാനാ ഹൈരനാ. ഇന്‍ഫ്രറെഡ് ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമാ ഗാനമാണ് ഇതെന്ന് അണിയറക്കാര്‍ അവകാശപ്പെട്ടിരുന്നു. വെസ്റ്റേണ്‍, കര്‍ണാടിക് അംശങ്ങളുള്ള ഈ ഗാനം ചിത്രീകരിച്ചത് ന്യൂസിലന്‍ഡില്‍ ആയിരുന്നു. ഇക്കാരണങ്ങളാല്‍ത്തന്നെ ബിഗ് സ്ക്രീനില്‍ ഈ ഗാനം കാണാനുള്ള വലിയ കാത്തിരിപ്പ് പ്രേക്ഷകരില്‍ ഉണ്ടായിരുന്നു. 

Latest Videos

സാങ്കേതിക കാരണങ്ങളാലാണ് ഈ ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ ഇരുന്നതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ആദ്യ പ്രിന്‍റുകളിലെ ഇന്‍ഫ്രാറെഡ് ദൃശ്യങ്ങള്‍ പ്രോസസ് ചെയ്യുന്നതിലെ പ്രശ്നമാണ് വെല്ലുവിളി തീര്‍ത്തത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും 14-ാം തീയതി മുതല്‍ തിയറ്ററുകളില്‍ കളിക്കുന്ന ചിത്രത്തില്‍ ഈ ഗാനം ലഭ്യമായിരിക്കുമെന്നും അണിയറക്കാര്‍ അറിയിക്കുന്നു. ഇന്ത്യന്‍ 2 ന്‍റെ പരാജയത്തിന് ശേഷം എത്തിയിരിക്കുന്ന ഷങ്കര്‍ ചിത്രമാണ് ഗെയിം ചേഞ്ചര്‍. അതിനാല്‍ത്തന്നെ ഷങ്കറിനെ സംബന്ധിച്ച് ഏറെ പ്രധാനമാണ് ഈ ചിത്രം. രാം ചരണ്‍ ആണ് നായകന്‍. 

ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്

click me!