തമിഴ് സിനിമയിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ലിയോ
എത്ര ചിത്രങ്ങളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും ചില വമ്പന്‍ പ്രോജക്റ്റുകളുടെ ഭാഗമാവുന്നത് പുതുതലമുറ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം നല്‍കുന്ന ബ്രേക്ക് വലുതാണ്. മലയാളി താരം മഡോണ സെബാസ്റ്റ്യനെ സംബന്ധിച്ച് ലിയോയിലെ വേഷവും അത്തരത്തിലുള്ള ഒന്നായിരുന്നു. തമിഴ് സിനിമാപ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍ സാധ്യതയുള്ള ഒരു ചിത്രത്തിലെ, ഏത് അഭിനേത്രിയും കൊതിക്കുന്ന ഒരു വേഷം. ഇപ്പോഴിതാ എലീസ ദാസ് എന്ന കഥാപാത്രമായി മഡോണയെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനം വന്ന വഴിയെക്കുറിച്ച് പറയുകയാണ് ലോകേഷ് കനകരാജ്. ചിത്രത്തില്‍ ലിയോയുടെ ഇരട്ട സഹോദരിയാണ് മഡോണയുടെ എലീസ. എന്തുകൊണ്ട് മഡോണ എന്ന ചോദ്യത്തിന് ലോകേഷിന്‍റെ മറുപടി ഇങ്ങനെ.
"എന്തുകൊണ്ട് മഡോണ സെബാസ്റ്റ്യന്‍ എന്ന് ചോദിച്ചാല്‍ അവരുടെ പ്രകടനം എനിക്ക് മുന്‍പേ ഇഷ്ടമാണ് എന്നതാണ് ആദ്യ ഉത്തരം. രണ്ടാമത്തെ കാര്യം വിജയ് അണ്ണന്‍റെ ഉയരം, നൃത്തം ഇതുമായൊക്കെ ചേര്‍ന്നുനില്‍ക്കുന്ന ഒരാള്‍ ആര് എന്ന ആലോചനയിലുമാണ് മഡോണയുടെ പേര് വന്നത്", സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു.
ലിയോയുടേത് ഇരട്ട സഹോദരന് പകരം ഇരട്ട സഹോദരി ആവാനുള്ള കാരണത്തെക്കുറിച്ച് ലോകേഷ് പറയുന്നത് ഇങ്ങനെ- "ഇരട്ട സഹോദരന്‍ പറ്റുമായിരുന്നില്ലേ എന്ന ചോദ്യത്തിന് അത് സിനിമയില്‍ ഒരുപാട് തവണ മുന്‍പ് കണ്ടിട്ടുള്ളതാണെന്ന് തോന്നി. ഒപ്പം ഇരട്ട സഹോദരന്‍ ആണെങ്കില്‍ ചിത്രത്തിന്‍റെ കഥ സംബന്ധിച്ച് ഇനിയും ചില സംശയങ്ങളും ആശയക്കുഴപ്പങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് വന്നുചേരും. ജീവനോടെ ഇരുന്നത് ആര്? ഇപ്പുറത്ത് പാര്‍ഥിപനും ലിയോയും നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. സിനിമ പാര്‍ഥിപനും ലിയോയും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ചുരുക്കണമായിരുന്നു. അതുകൊണ്ടാണ് ഒരു ഇരട്ട സഹോദരി ആകാമെന്ന് വച്ചത്", ലോകേഷ് പറഞ്ഞവസാനിപ്പിക്കുന്നു. അതേസമയം തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ലിയോ. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 500 കോടി ക്ലബ്ബ് പിന്നിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക