റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചിത്രം മാത്രമാണ് ചര്‍ച്ച
കോളിവുഡില്‍ നിന്ന് ഈ വര്‍ഷമുള്ള റിലീസുകളില്‍ പ്രേക്ഷകരുടെ കാത്തിരിപ്പ് ഏറ്റവുമധികം ഉയര്‍ത്തിയ ഒന്ന് തിയറ്ററുകളിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനാവുന്ന ലിയോ ആണ് ആ ചിത്രം. റിലീസിന് ആറ് ദിവസം മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചിത്രം മാത്രമാണ് ചര്‍ച്ച. അതേസമയം ഈ ഹൈപ്പ് അല്‍പം ഓവര്‍ അല്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്. ലിയോയ്ക്ക് ഇത്രയധികം ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.
ലിയോ കാത്തിരിപ്പ് ഏറ്റിയ 10 കാരണങ്ങള്‍
1. തൊട്ടതെല്ലാം പൊന്നാക്കിയ ലോകേഷ് കനകരാജ് എന്ന സംവിധായകന്‍റെ ചിത്രം. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഇതുവരെ പുറത്തെത്തിയ നാല് ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകള്‍. കോളിവുഡിലെ നിര്‍മ്മാതാക്കള്‍ ഇന്ന് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിക്കുന്ന സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
2. വിക്രം എന്ന കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം. തന്‍റെ വര്‍ക്ക് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് ഒരു സംവിധായകന് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. വിക്രമെന്ന വമ്പന്‍ വിജയം നല്‍കിയ ആത്മവിശ്വാസത്തിന്‍റെ സ്വാതന്ത്ര്യബോധത്തില്‍ ലോകേഷ് ഒരുക്കിയ ചിത്രമാണ് ലിയോ.
3. എത്ര വലിയ താരവും സംവിധായകനുമാണെങ്കിലും ആദ്യമായി ഒരു ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു ബന്ധം ഉടലെടുക്കാന്‍ അല്‍പം സമയമെടുക്കും. ഒരു സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് എത്രതന്നെ വ്യക്തിബന്ധം ഉള്ളവരാണെങ്കിലും ചിത്രീകരണഘട്ടം എന്നത് നിരവധി പ്രതിസന്ധികള്‍ വന്നുചേരുന്നതും അതിനാല്‍ത്തന്നെ ഈഗോ ക്ലാഷുകളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ സൃഷ്ടിക്കുന്നതുമാണ്. എന്നാല്‍ വിജയിയും ലോകേഷും ഇത് ആദ്യമായല്ല പ്രവര്‍ത്തിക്കുന്നത് എന്നതും ലിയോയ്ക്ക് പോസിറ്റീവ് ആവുന്ന ഘടകമാണ്. ഇരുവരും ആദ്യമായി ഒരുമിച്ച മാസ്റ്ററും ബോക്സ് ഓഫീസില്‍ വിജയം നേടിയ സിനിമയാണ്.
4. അനിരുദ്ധ് രവിചന്ദര്‍ എന്ന മജീഷ്യന്‍റെ സാന്നിധ്യം. നിലവില്‍ തമിഴ് വാണിജ്യ സിനിമയില്‍ വിജയത്തിനായി ഒഴിവാക്കാനാവാത്ത ഘടകമാണ് അനിരുദ്ധ് രവിചന്ദര്‍. മാസ്റ്റര്‍, വിക്രം എന്നിങ്ങനെ ലോകേഷിന്‍റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെയും സംഗീത സംവിധാനം അനിരുദ്ധ് ആയിരുന്നു. ഒപ്പം ജയിലര്‍ നല്‍കിയ വന്‍ സ്വീകാര്യതയുടെ ആവേശത്തിലുമാവാം അനിരുദ്ധ്. പാട്ടുകള്‍ക്കൊപ്പമോ അതിന് മേലെയോ ആയി അനിരുദ്ധ് നല്‍കുന്ന പശ്ചാത്തലസംഗീതം എങ്ങനെയുണ്ടാവും എന്നതും കാണികള്‍ക്ക് ലിയോയോട് താല്‍പര്യം ഉയര്‍ത്തുന്ന ഘടകമാണ്.
5. തമിഴ് സിനിമയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്ന് ഇന്ന് തമിഴ് സിനിമയുടേതാണ്. തെലുങ്കിനേക്കാളും ബോളിവുഡിനേക്കാളും എണ്ണത്തിലധികം തുടര്‍ച്ചയായി വിജയചിത്രങ്ങള്‍ കൊണ്ടുവരുന്നു എന്നതാണ് കോളിവുഡിന്‍റെ നിലവിലെ പ്രത്യേകത. അതിനാല്‍ത്തന്നെ ബോക്സ് ഓഫീസില്‍ എത്ര കളക്റ്റ് ചെയ്യും എന്നത് സിനിമാമേഖലയ്ക്കൊപ്പം അതത് താരാരാധക സംഘങ്ങള്‍ക്കും ചര്‍ച്ച ചെയ്യാന്‍ ആവേശമുള്ള കാര്യമാണ്. കോളിവുഡിലെ നമ്പര്‍ 1 സംവിധായകനൊപ്പം തങ്ങളുടെ ദളപതി എത്തുമ്പോള്‍ ലിയോ എത്ര നേടും എന്നത് വിജയ് ആരാധകരെ ആവേശം കൊള്ളിക്കുന്ന കാര്യമാണ്.
6. മികച്ച ബാനറിന്‍റെ പിന്തുണ. മാസ്റ്ററും മഹാനും കോബ്രയുമൊക്കെ നിര്‍മ്മിച്ച സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ വിപണിമൂല്യം എന്താണെന്ന് പൂര്‍ണ്ണമായി മനസിലാക്കിയാണ് ഇവര്‍ ലിയോയുടെ കാര്യത്തില്‍ ഓരോ ചുവടും വെച്ചിട്ടുള്ളത്. അതത് മാര്‍ക്കറ്റുകളില്‍ ആവശ്യപ്പെട്ട വിതരണാവകാശ തുക തന്നെ ഉദാഹരണം. തമിഴ്നാട്ടില്‍ നിന്ന് മാത്രം 101 കോടി രൂപയാണ് റിലീസിന് മുന്‍പ് നിര്‍മ്മാതാക്കള്‍ ഈ രീതിയില്‍ സമാഹരിച്ചത്.
7. പാന്‍ ഇന്ത്യന്‍ താരനിര. വിവിധ ഭാഷകളിലെ താരങ്ങളെ കൊണ്ടുവരുന്നത് ഒരു ചിത്രത്തിന്‍റെ വിജയത്തെ എത്രത്തോളം സ്വാധീനിക്കും എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണം ജയിലര്‍ ആണ്. സഞ്ജയ് ദത്ത്, അര്‍ജുന്‍, മാത്യു തോമസ്, ബാബു ആന്‍റണി എന്നിങ്ങനെ പോകുന്നു ചിത്രത്തിന്‍റെ കാസ്റ്റിംഗ്.
8. 15 വര്‍ഷത്തിന് ശേഷമെത്തുന്ന വിജയ്- തൃഷ കോമ്പോ. 2008 ലാണ് ഇരുവരും അവസാനം ഒന്നിച്ചത്. ധരണി സംവിധാനം ചെയ്ത കുരുവിയായിരുന്നു ചിത്രം.
9. അന്‍പറിവിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫി. ഈ ഇരട്ട സഹോദരന്മാര്‍ ഫൈറ്റ് മാസ്റ്റര്‍മാരായി വന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ എത്രത്തോളം മികവുറ്റതാവുമെന്നതിന് കെജിഎഫ് 2, വിക്രം, ആര്‍ഡിഎക്സ് തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. കൈതിക്ക് ശേഷം ഇവര്‍ സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിക്കുന്ന ലോകേഷ് ചിത്രം കൂടിയാണ് ലിയോ.
10. മനോജ് പരമഹംസയുടെ ഛായാഗ്രഹണം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനിലൂടെയാണ് മലയാളികള്‍ ആദ്യമായി ഈ ഛായാഗ്രാഹകനെ കണ്ടറിഞ്ഞത്. രാധേ ശ്യാം, ബീസ്റ്റ് തുടങ്ങി വന്‍ കാന്‍വാസ് ചിത്രങ്ങളൊക്കെ ഫിലിമോഗ്രഫിയില്‍ ഉണ്ടെങ്കിലും കഴിവിനനുസരിച്ചുള്ള ഒരു പ്രേക്ഷകാംഗീകാരം ഈ ഛായാഗ്രാഹകന്‍ ലഭിച്ചിട്ടില്ല. വിഷ്വല്‍ ലാംഗ്വേജില്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തുന്ന ലോകേഷ് കരിയറിലെ ഏറ്റവും വലിയ പ്രൊഡക്ഷന് ഈ ഛായാഗ്രാഹകനെ കൊണ്ടുവന്നത് വെറുതെയാവില്ല.