മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്
സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാളത്തില്‍ ഏറ്റവും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. അവയില്‍ കഥയിലും അവതരണത്തിലുമൊക്കെ വളരെ വ്യത്യസ്തമായ പല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും മമ്മൂട്ടിയാണ്. അദ്ദേഹത്തിന്‍റെ അപ്കമിംഗ് ലൈനപ്പില്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ എത്തുന്ന കാതല്‍. ജ്യോതികയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഇതുവരെ തിയറ്ററുകളില്‍ എത്തിയിട്ടില്ല. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുമില്ല. ചിത്രത്തിന്‍റെ റിലീസ് എന്തുകൊണ്ട് വൈകുന്നു എന്നതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.
പ്രമേയത്തില്‍ വൈവിധ്യവുമായെത്തുന്ന ഒരു ചെറിയ ചിത്രമാണ് കാതല്‍ എന്ന് പറയുന്നു മമ്മൂട്ടി. വലിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി എത്തുന്നതുകൊണ്ട് റിലീസ് പ്ലാന്‍ ചെയ്യാന്‍ പ്രയാസം നേരിടുന്നുവെന്നും. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. "കാതലിനെക്കുറിച്ച് പറയുകയാണെങ്കില്‍ വേഷവിധാനങ്ങളിലോ രൂപത്തിലോ ഒക്കെ ഞാന്‍ തന്നെയാണ്. പക്ഷേ കഥാപാത്രം കുറച്ച് വേറെയാണ്. പക്ഷേ ഈ കാണുന്ന ജോണറുകളിലുള്ള സിനിമയല്ല. ശരിക്കും ഒരു കുടുംബ കഥയാണ് ചിത്രം. പക്ഷേ കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പുതിയത് ആണ്. കുടുംബ കഥ എന്ന് പറഞ്ഞാല്‍ അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ അതൊക്കെ തന്നെയാണല്ലോ. പക്ഷേ അതല്ല സിനിമയിലെ വിഷയം. സിനിമയിലെ വിഷയമാണ് പുതിയത്. അതൊന്ന് ഇറക്കണം. എപ്പോള്‍ ചെന്നാലും വലിയ വലിയ പടങ്ങള്‍ വരുന്നു. പിന്നെ എന്ത് ചെയ്യും? നമുക്ക് ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ? കുഞ്ഞ് പടമല്ലേ?", മമ്മൂട്ടി പറയുന്നു.
മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ALSO READ : ഒന്നല്ല, രണ്ട് പ്രഖ്യാപനങ്ങള്‍! ആരാധകര്‍ കാത്തിരുന്ന 'എമ്പുരാന്‍' അപ്ഡേറ്റ് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക