ഭർത്താവുമായി ഡിവോഴ്സ് ആയോ എന്നുവരെയായി ആരാധകരുടെ ചോദ്യങ്ങൾ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി നിയ രഞ്ജിത്ത്. നിരവധി ശ്രദ്ധേയ പരമ്പരകളുടെ ഭാഗമായിട്ടുള്ള നിയ, കല്യാണി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും നിയ തിളങ്ങിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് താരം. വിവാഹശേഷം കുടുംബസമേതം വിദേശത്തേക്ക് പോയതോടെയാണ് നിയ അഭിനയവും അവതരണവുമെല്ലാം വിട്ടത്.
അടുത്തിടെ ലണ്ടൻ ജീവിതം അവസാനിപ്പിച്ച് നിയ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇതിന്റെ വിശേഷങ്ങളും നിയ പങ്കുവെക്കുകയുണ്ടായി. ഇതിനു പിന്നാലെ നിരവധി പേരാണ് കാരണം തിരക്കി എത്തിയത്. എല്ലാവരും യുകെയിലേക്ക് പോകുമ്പോൾ നിയ അവിടം വിട്ട് കേരളത്തിലേക്ക് വന്നത് പലരെയും ആശ്ചര്യപ്പെടുത്തി. ഭർത്താവുമായി ഡിവോഴ്സ് ആയോ എന്നുവരെയായി ചോദ്യങ്ങൾ. ഇപ്പോഴിതാ അതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നിയ. പുതിയ വീഡിയോയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം നിയ മറുപടി നൽകിയത്. മാനസികമായി കുറച്ച് വിഷാദാവസ്ഥയിലേക്ക് എത്തിയപ്പോഴാണ് നാട്ടിലേക്ക് പോരാം എന്ന് തീരുമാനിച്ചതെന്ന് നിയ പറയുന്നു.
"നാടിന്‍റെ മണവും അന്തരീക്ഷവുമൊക്കെയാണ് എനിക്ക് ഇഷ്ടം. പിന്നെ വീട്ടുകാരെയൊക്കെ മിസ് ചെയ്തു. അതൊക്കെയാണ് നാട്ടിലേക്കുള്ള മടക്കത്തിന്റെ പ്രധാന കാരണം. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടിയായി. പലതവണ ഞാനത് പറഞ്ഞിട്ടുണ്ട്. എനിക്ക് ആകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കിൽ കുക്കറി ഷോ ചെയ്യാനോ ഒക്കെയാണ്. മറ്റു ജോലികൾ കിട്ടുമായിരിക്കും. പക്ഷേ അതിൽ സന്തോഷം കിട്ടുമോ എന്ന് അറിയില്ല", നിയ പറയുന്നു.
"മുപ്പത്തിനാല് വർഷത്തോളം കേരളത്തിൽ തന്നെ വളർന്നയാളാണ് ഞാൻ. ഇവിടെ ആയിരുന്നപ്പോഴാണ് കരിയറിലും ജീവിതത്തിലുമെല്ലാം മാറ്റങ്ങൾ വന്നത്. ലണ്ടനിലെ ജീവിതം ഇവിടുത്തേതിലും നല്ലത് തന്നെയാണ്. എങ്കിലും കേരളത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം", നിയ കൂട്ടിച്ചേർക്കുന്നു.