സിംഹാസനം ഉപേക്ഷിച്ച് വിജയ്, പകരക്കാരൻ ആര്?, 2024ല്‍ ഉത്തരം ആ നടൻ

By Web Team  |  First Published Dec 26, 2024, 12:43 PM IST

ആരായിരിക്കും വിജയ്‍യുടെ പകരക്കാനായേക്കാവുന്ന താരം?.


തമിഴകത്ത് രജനികാന്തിന്റെ പകരക്കാരനാരാകും എന്ന ചോദ്യത്തിന് ഒരുകാലത്ത് പ്രസക്തിയുണ്ടായിരുന്നില്ല. രജനികാന്ത് സ്റ്റൈലും മാസുമായി മുന്നോട്ടുപോയപ്പോള്‍ തമിഴ് സിനിമയില്‍ നടന വിസ്‍മയത്തിന്റെ മറുവാക്കാകാനാകാനായിരുന്നു മറുവശത്ത് കമല്‍ഹാസൻ ശ്രമിച്ചത്. എന്നാല്‍ ആരാധകര്‍ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു ഓരോ കാലത്തും. അങ്ങനെ കിട്ടിയ ഉത്തരമായിരുന്നു വിജയ്.

രജനികാന്ത് ദളപതിയായി നിറഞ്ഞാടിയപ്പോള്‍ പുത്തൻ താരമായ വിജയ് ആരാധകര്‍ക്ക് ഇളയദളപതിയായി മാറി. ദളപതിയില്‍ നിന്ന് പ്രമോഷൻ കിട്ടി തമിഴ് സിനിമയില്‍ രജനികാന്ത് തലൈവരായി. അപ്പോള്‍ വിജയ്‍യ്ക്കും കിട്ടി പ്രമോഷൻ. ഇളയ എന്നത് ഒഴിവാക്കി ദളപതിയായി. ഇനി തമിഴകത്തിന്റെ ദളപതിയെന്ന വിശേഷണത്തിന് ആരായിരിക്കും അര്‍ഹൻ. ഇപ്പോള്‍ തമിഴ് സിനിമയുടെ നെറുകയില്‍ ചോദ്യം തറച്ചിരിക്കുകയാണ്. കാരണം വിജയ് സിനിമ മതിയാക്കുന്നു.

Latest Videos

undefined

കരിയറിന്റെ വിജയത്തിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോഴാണ് സിനിമ ഉപേക്ഷിക്കുന്നുവെന്ന് വിജയ് പൊടുന്നനെ പ്രഖ്യാപിച്ചത്. അതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയെങ്കിലും വിജയ്‍യുടെ പ്രഖ്യാപനം ആരാധകര്‍ക്ക് ആഘാതമായതായിരുന്നു. വിജയ് രാഷ്‍ട്രീ പാര്‍ട്ടി പ്രഖ്യാപിച്ചതിനാലാണ് സിനിമ വിടുന്നത്. വിജയയ്‍യുടെ എക്കാലത്തെയും വിജയമായ ലിയോയുടെ ആഘോഷങ്ങള്‍ നടക്കവേയാണ് നടന്റെ പ്രഖ്യാപനമുണ്ടായത്. ദളപതി 69 അവസാന സിനിമയാകുമെന്നും താരം പ്രഖ്യാപിച്ചു. ദളപതി 69ഉം പ്രദര്‍ശനത്തിന് എത്തിക്കഴിഞ്ഞാല്‍ ആരാകും തമിഴകത്തിന്റെ പുതിയ ദളപതി?.

എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. എന്തായിരിക്കും പ്രമേയമെന്നതില്‍ ആരാധകര്‍ ആകാംക്ഷയിലാണ്. വിജയ് രാഷ്‍ട്രീയം പറയുന്ന ഒരു സിനിമയാകുമോ എന്നാണ് എല്ലാവരും നിലവില്‍ ഉറ്റുനോക്കുന്നത്. വമ്പൻ വിജയത്തോടെ തന്നെ തന്റെ സിനിമ ജീവിതത്തില്‍ നിന്ന് മാറാനാകും വിജയ്‍യുടെ ശ്രമവും.

അതവിടെ നില്‍ക്കട്ടേ. അടുത്ത ദളപതിയുടെ കസേരയ്‍ക്ക് യുവ താരങ്ങളില്‍ പലരും ശ്രമം നടത്തുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. രജനികാന്തും കമല്‍ഹാസനുമെന്ന പോലെ തമിഴ് സിനിമയില്‍ നിറഞ്ഞുനിന്നവരായിരുന്നു വിജയ്‍യും അജിത് കുമാറും. പക്ഷേ റേസിംഗ് അടക്കമുള്ള താല്‍പര്യങ്ങളാല്‍ സിനിമയില്‍ നിന്ന് ശ്രദ്ധ പോയതിനാല്‍ തലപ്പൊക്കത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ വിയര്‍പ്പൊഴുക്കണം.

ചിമ്പു, ശിവകാര്‍ത്തികേയൻ, വിജയ് സേതുപതി തുടങ്ങിയവരാണ് പുതു തലമുറ തമിഴ് നായക താരങ്ങളില്‍ പ്രതീക്ഷയുള്ളവര്‍. അതില്‍ ചിമ്പുവും വിവാദങ്ങളില്‍ പെട്ടൊക്കെ സിനിമ കുറഞ്ഞു. മാനാട് വൻ വിജയമായെങ്കിലും ചിമ്പു താര പദവി നിലനിര്‍ത്താൻ ശ്രമിച്ചിട്ടില്ല. വിജയ് സേതുപതിയാകട്ടെ കഥാപാത്രങ്ങള്‍ക്കും ആകെ സിനിമയ്‍ക്കും പ്രധാന്യം നല്‍കുകയും കമല്‍ഹാസന്റെ വഴിയേ പോകാൻ ശ്രമിക്കുന്ന നടനാണ്.

സൂര്യയും വിക്രമുമുണ്ടെങ്കിലും തമിഴ് സിനിമാ താരങ്ങളില്‍ തലപ്പൊക്കത്തില്‍ വിജയ്‍യ്‍ക്കൊപ്പം മാസായി നില്‍ക്കാനാകുന്നില്ല. വിക്രമും പ്രകടനത്തിന്റെ സാധ്യതകളാണ് അന്വേഷിക്കുന്നത്. വിജയ്‍യ്ക്ക് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് 2024 നല്‍കിയ ഉത്തരം ശിവകാര്‍ത്തികേയനാണ്. അമരന്റെ വമ്പൻ വിജയമാണ് അങ്ങനെ ഒരു ഉത്തരത്തിലെത്തിച്ചത്.

അടിമുടി എന്റര്‍ടെയ്‍നറുമാണ് നടനായും നായക താരമായും ശിവകാര്‍ത്തികേയൻ. സമീപകാലത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരവുമാണ് ശിവകാര്‍ത്തികേയൻ. ദളപതി വിജയ്‍യുടെ ചിത്രം ദ ഗോട്ടില്‍ തോക്ക് (തുപ്പാക്കി) കൈമാറുന്നത് ശിവകാര്‍ത്തികേയനാണ്. നടൻ വിജയ് തന്റെ സ്ഥാനം താരത്തിന് കൈമാറുന്നതായാണ് അത് അന്ന് വ്യാഖ്യാനിക്കപ്പെട്ടതും.  ശിവകാര്‍ത്തികേയന്റെ അമരൻ കളക്ഷനില്‍ വിജയ്‍യുടെ ദ ഗോട്ടിന്റെ തൊട്ടുപിന്നിലും ആണെന്നതും പ്രധാനമാണ്. തമിഴകത്ത് 2024ല്‍ അമരൻ ആഗോള കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും നേട്ടമാണ്. എന്തായാലും നിലവില്‍ ശിവകാര്‍ത്തികേയനാണ് തമിഴ് സിനിമയില്‍ വിജയ്‍യ്‍ക്ക് പകരക്കാരൻ.

Read More: 'എന്റെ എംടി സാർ പോയല്ലോ', വേദനയോടെ മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!