സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇപ്പോഴും ഉയരാറുള്ള ചോദ്യം
മോഹന്‍ലാല്‍ നായകനായെത്തിയ നിരവധി സിനിമകള്‍ കാലാതിവര്‍ത്തികളായി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ പെട്ട ചിത്രമാണ് പത്മരാജന്‍റെ സംവിധാനത്തില്‍ 1987 ല്‍ പുറത്തെത്തിയ തൂവാനത്തുമ്പികള്‍. ജീവിതത്തെ സവിശേഷമായ രീതിയില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ജയകൃഷ്ണന്‍ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്‍റേത്. ചിത്രത്തിലെ ഒരു ബാര്‍ രംഗത്തില്‍ ജയകൃഷ്ണന്‍ ഒരു നിമിഷം ഉള്‍വലിയുന്നുണ്ട്. മറ്റ് ബഹളങ്ങള്‍ക്കിടയില്‍ അയാള്‍ നിശബ്ദമായി ഇരിക്കുന്ന ഒരു നിമിഷം. ചിത്രത്തിലെ മറ്റൊരു രംഗത്തിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ജോണ്‍സണ്‍ പ്രത്യേകതരത്തിലുള്ള ഒരു പശ്ചാത്തല സംഗീതവുമാണ് ഈ രംഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ രംഗങ്ങളുടെ അര്‍ഥം എന്താണെന്നും പത്മരാജന്‍ എന്താണ് ശരിക്കും ഉദ്ദേശിച്ചിരിക്കുന്നതെന്നും ആ സമയത്ത് മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ മനസില്‍ എന്താണെന്നുമൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചോദ്യങ്ങളുമായി സിനിമാപ്രേമികള്‍ എത്താറുണ്ട്. ഇപ്പോഴിതാ പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ തന്നെ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.
സംവിധായകന്‍ ബ്ലെസിക്കൊപ്പമുള്ള ഒരു ചിത്രം അനന്തപത്മനാഭന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു ചുവടെയാണ് ഒരു പ്രേക്ഷകന്‍ തൂവാനത്തുമ്പികളിലെ ആ സംശയവുമായി എത്തിയത്. തൂവാനത്തുമ്പികളിലെ ബാര്‍ സീനില്‍ ജയകൃഷ്ണന്‍ ആലോചിക്കുന്നത് എന്താണെന്ന് ആയിരുന്നു ചോദ്യം. ഒരുപാടുനാളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സംശയം, ബ്ലെസ്സിയേട്ടനെ കൂടെ കണ്ടതുകൊണ്ടാണ് ചോദിക്കുന്നത് എന്നും സന്തോഷ് എന്നയാള്‍ കുറിച്ചു.
ഇതിന് അനന്തപത്മനാഭന്‍ കുറിച്ച മറുപടി ഇങ്ങനെ. "He is contemplating (അയാള്‍ ചിന്താമഗ്നനാവുന്നു) എന്നാണ് തിരക്കഥയുടെ ആദ്യ പതിപ്പിൽ കുറിച്ചത്. അത് തുടർപദ്ധതികൾ ആകാം.. Introspection (ആത്മപരിശോധന) ആകാം. അയാളിലെ ഗൗരവ മുഖം വെളിവാക്കുന്നത് അവിടെ മാത്രമാണല്ലൊ. അത് വരെയും പൊട്ടൻ കളി കളിച്ച് നടക്കുന്ന അത് വരെ കാണാത്ത ഒര ഒരു അകം ആണ് ആ ചിന്താ നിമിഷം കൊണ്ട് ഉദേശിച്ചത്", അനന്തപത്മനാഭന്‍റെ മറുപടി ഇങ്ങനെ.
പുതിയേടത്ത് ഉണ്ണിമേനോന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പത്മരാജന്‍ സൃഷ്ടിച്ച കഥാപാത്രമായിരുന്നു ജയകൃഷ്ണന്‍. സുമലത, പാര്‍വ്വതി, അശോകന്‍, ബാബു നമ്പൂതിരി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിനുവേണ്ടി പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഒരുക്കിയ ഗാനങ്ങളും ജോണ്‍സന്‍റെ പശ്ചാത്തലസംഗീതവും മലയാളി മറന്നിട്ടില്ല. മോഹന്‍ലാലിന്‍റെ ഏറ്റവും റിപ്പീറ്റ് വാല്യു അര്‍ഹിക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ തൂവാനത്തുമ്പികളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം