മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയചിത്രങ്ങളുടെ ലിസ്റ്റില്‍
മലയാള സിനിമയില്‍ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ സ്ക്വാഡ്. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിച്ച ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബര്‍ 28 ന് ആയിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം വന്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന ചിത്രം കളക്ഷനിലും കുതിച്ചു. മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. ഇന്നലെ എത്തിയ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 64 കോടിയോളം നേടിയിരുന്നു ചിത്രം. എന്നാല്‍ ഈ സിനിമയുടെ ആകെ മുടക്കുമുതല്‍ എത്ര? സിനിമയുടെ സഹ രചയിതാവും നടനുമായ റോണി ഡേവിഡ് രാജ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ജോര്‍ജ് മാര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ ജയകുമാര്‍ എന്ന കഥാപാത്രത്തെയാണ് റോണി അവതരിപ്പിച്ചിരിക്കുന്നത്. ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലാണ് റോണി കണ്ണൂര്‍ സ്ക്വാഡിന്‍റെ ബജറ്റിനെക്കുറിച്ച് പറയുന്നത്.
"ഒറ്റ പേസില്‍ ആണ് സിനിമ ഷൂട്ട് ചെയ്തത്. ഷെഡ്യൂള്‍ ബ്രേക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഒറ്റയടിക്ക് 94 ദിവസം ഷൂട്ട് ചെയ്തതാണ്. ഡിസംബര്‍ 27 മുതല്‍ ഏപ്രില്‍ നാലോ ആറോ. ഇതിനിടയ്ക്ക് യാത്ര ചെയ്യാനെടുത്ത ദിവസങ്ങള്‍ മാത്രമാണ് ചിത്രീകരണം ഇല്ലാതിരുന്നത്. അല്ലാതെ ഇടവേള ഇല്ല. സാറും അതിനൊപ്പം നില്‍ക്കുകയാണ്. പാലായില്‍ തുടങ്ങി, എറണാകുളം വന്നു. മലയാറ്റൂര്‍, ആതിരപ്പിള്ളി, പൂനെ, ബോംബെ, വയനാട്.. സാറിന്‍റെ ഭാഗങ്ങള്‍ തീര്‍ത്തു. സാറിനെ വിട്ടു. വീണ്ടും തിരിച്ച് കണ്ണൂര്‍ പോയി. കാസര്‍ഗോഡ് പോയി. വീണ്ടും വയനാട് പാച്ച് വര്‍ക്ക് ഉണ്ടായിരുന്നു. അത് തീര്‍ത്തു. എത്ര സ്ഥലമായി? ഭയങ്കര ബജറ്റ് വന്ന സിനിമയാണ്. എല്ലാം ചേര്‍ത്ത് 30- 32 കോടിക്ക് മുകളില്‍ വന്ന സിനിമയാണ്", റോണി ഡേവിഡ് രാജ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക