'ആ സിനിമകളുടെ യഥാര്‍ഥ കളക്ഷന്‍ 30 ലക്ഷവും 10 ലക്ഷവുമൊക്കെയാണ്'; ധവളപത്രം പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍

By Web Team  |  First Published Apr 26, 2023, 9:00 AM IST

"ജിഎസ്‍ടി വന്നതിനു ശേഷം കളക്ഷന്‍റെ ഇന്‍വോയ്സ് ആണ് ഞങ്ങള്‍ കൊടുക്കുന്നത്"


തിയറ്ററുകളില്‍ എത്ര ദിവസം ഓടി എന്നത് അതത് ചിത്രങ്ങളുടെ മാര്‍ക്കറ്റിംഗിനായി മുന്‍പ് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇന്ന് അതിനായി ഉപയോഗിക്കുന്നത് ചിത്രങ്ങളുടെ കളക്ഷനാണ്. മറുഭാഷാ സിനിമകളുടെയത്ര ഇല്ലെങ്കിലും കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതായി മലയാള ചിത്രങ്ങളും ഇന്ന് പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പരാജയപ്പെട്ട ചിത്രങ്ങള്‍ പോലും വിജയിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റുമായ എം രഞ്ജിത്ത്. താരങ്ങളുടെ പ്രതിഫലവും മറ്റും നിശ്ചയിക്കുന്ന കാര്യം വരുമ്പോള്‍ നിര്‍മ്മാതാക്കള്‍ പോലും ഈ ഇല്ലാത്ത വിജയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്നും രഞ്ജിത്ത് പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എം രഞ്ജിത്തിന്‍റെ പ്രതികരണം.

"10 ലക്ഷം രൂപ പോലും തികച്ച് കളക്റ്റ് ചെയ്യാത്ത സിനിമകളില്‍ അഭിനയിക്കുന്ന ആളുകള്‍ ഇവിടെ ഒരു കോടി രൂപ വാങ്ങുന്നുണ്ട്. നിര്‍മ്മാതാക്കള്‍ പറ്റിക്കപ്പെടുന്നതാണ്. ഈ പടങ്ങളെല്ലാം വലിയ വിജയം ആണെന്നു പറഞ്ഞാണ് ഇവിടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. എല്ലാ തിയറ്ററിലും ഇപ്പോള്‍ ഒരു ബേക്കറി തുടങ്ങുന്നത് നല്ലതാണ്. പരാജയപ്പെട്ട ചിത്രങ്ങള്‍ക്കും അവിടെ കേക്ക് മുറിക്കുന്നത് കാണാം. ഒരു ബേക്കറി കൂടി അവിടെ തുടങ്ങാമെങ്കില്‍ കേക്ക് എളുപ്പം വാങ്ങാന്‍ പറ്റും. ഒരു ഷോ പോലും നടക്കാത്ത സിനിമകള്‍ക്കും കേക്ക് മുറിക്കുന്നുണ്ട്", രഞ്ജിത്ത് പറയുന്നു.

Latest Videos

"ഞങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരും ജിഎസ്‍ടി വന്നതിനു ശേഷം കളക്ഷന്‍റെ ഇന്‍വോയ്സ് ആണ് കൊടുക്കുന്നത്. മുന്‍പത്തെപ്പോലെ ഡിസിആര്‍ അല്ല. എല്ലാ നിര്‍മ്മാതാക്കളും വിതരണക്കാരും ആ ഇന്‍വോയ്സ് ഇവിടെ നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരു മൂന്ന് മാസം കൂടുമ്പോള്‍ ധവളപത്രം ഇറക്കും. ഇതായിരുന്നു ആ സിനിമയുടെ കളക്ഷന്‍ എന്ന്. ഇവിടെ കൊട്ടിഘോഷിക്കപ്പെട്ട സിനിമയുടെ കളക്ഷന്‍ 30 ലക്ഷമാണെന്ന് തിരിച്ചറിയട്ടെ", 10 ലക്ഷമാണെന്ന് തിരിച്ചറിയട്ടെ, എം രഞ്ജിത്ത് പറഞ്ഞവസാനിപ്പിക്കുന്നു.

ALSO READ : മണ്‍ഡേ ടെസ്റ്റ് പാസ്സായോ സല്‍മാന്‍? 'കിസീ കാ ഭായ്' ഇന്നലെ നേടിയത്

click me!