'സിസിഎല്‍ ഫൈനലില്‍ അവരെ തോല്‍പ്പിക്കണം', കാരണവും തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബൻ

By Web Team  |  First Published Feb 26, 2023, 7:16 PM IST

കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകള്‍ കേരള സ്‍ട്രൈക്കേഴ്‍സിന്റെ ആരാധകരെ തീര്‍ച്ചയായും ആവേശത്തിലാക്കുന്നതാണ്.


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‍ട്രൈക്കേഴ്‍സ് രണ്ടാം തവണയും പരാജയപ്പെട്ടിരിക്കുകയാണ്. കര്‍ണാടക ബുള്‍ഡോസേഴ്‍സാണ് രണ്ടാം മത്സരത്തില്‍ കേരള താരങ്ങളെ പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനായിരുന്നു കര്‍ണാടകയുടെ ജയം. ഫൈനലില്‍ ഏത് ടീമിനെ തോല്‍പ്പിക്കണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ കുഞ്ചാക്കോ ബോബൻ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കര്‍ണാടക ബുള്‍ഡോസേഴ്‍സുമായുള്ള മത്സരം പുരോഗമിക്കുന്നതിനിടയിലായിരുന്നു കേരളത്തിന്റെ ക്യാപ്റ്റൻ കൂടിയായ കുഞ്ചാക്കോ ബോബനോട് സെലിബ്രിറ്റ് ക്രിക്കറ്റ് ലീഗ് ആങ്കര്‍ സംസാരിച്ചത്. താങ്കള്‍ക്ക് ഏത് ടീമിനോട് ഏറ്റുമുട്ടണം എന്നാണ് ആഗ്രഹം എന്നായിരുന്നു ആദ്യ ചോദ്യം. അത് ഒരുപക്ഷേ കേരള സ്‍ട്രൈക്കേഴ്‍സിനോട് തന്നെയായിരിക്കും എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. കേരള സ്‍ട്രൈക്കേഴ്‍സിന് മികച്ച താരങ്ങളുണ്ട്. ടീമെന്ന നിലയില്‍ ഒത്തിണക്കമുണ്ട് ഞങ്ങള്‍ക്ക്. കഴിഞ്ഞ തവണ നിര്‍ഭാഗ്യമായിരുന്നുവെങ്കിലും ഇത്തവണ തിരിച്ചുവരും എന്നും കര്‍ണാടകയുമായുള്ള മത്സരം പുരോഗമിക്കവേ കുഞ്ചാക്കോ ബോബൻ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ ആ ചോദ്യത്തില്‍ താൻ ഒരു ട്വിസ്റ്റു വരുത്തുകയാണ് എന്ന് ആങ്കര്‍ പറഞ്ഞു. ഫൈനലില്‍ എത്തുകയാണെങ്കില്‍ ഏത് ടീമിനോട് വിജയിക്കണം എന്നാണ് ആഗ്രഹമെന്ന് ആങ്കര്‍ ചോദിച്ചു. ചിരിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. തെലുങ്ക് വാരിയേഴ്‍സ് ടീമിനോട് ജയിക്കണം. അവര്‍ കടുപ്പമേറിയ ഒരു അനുഭവമായിരുന്നു കഴിഞ്ഞ തവണ ഞങ്ങള്‍ക്ക്. അത് തിരിച്ചു നല്‍കണം എന്നും ആയിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. കേരള സ്‍ട്രൈക്കേഴ്‍സ് രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതിനാല്‍ മുന്നോട്ടുള്ള പോക്ക് എങ്ങനയെന്ന് വ്യക്തമല്ലെങ്കിലും കുഞ്ചാക്കോ ബോബന്റെ പോരാട്ട വീര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

Latest Videos

തെലുങ്ക് വാരിയേഴ്‍സ് 64 റണ്‍സിനാണ് കേരള സ്‍ട്രൈക്കേഴ്‍സിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. തങ്ങളുടെ രണ്ടാം ഇന്നിംഗ്‍സില്‍ ഒന്നാം ഇന്നിംസ്‍സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സ് തെലുങ്ക് വാരിയേഴ്‍സിനെതിരെ വിജയിക്കാന്‍ വേണമായിരുന്നു കേരള സ്‍ട്രൈക്കേഴ്‍സിന്. എന്നാല്‍ പത്ത് ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 105 റണ്‍സ് നേടാനെ കേരള സ്‍ട്രൈക്കേഴ്‍സിന്  സാധിച്ചുള്ളു. തെലുങ്ക് വാരിയേഴ്‍സിന് എതിരെയുള്ള വമ്പൻ തോല്‍വി സ്‍ട്രൈക്കേഴ്‍സ് ആരാധകരെ നിരാശരാക്കിയിരുന്നു.

കര്‍ണാടകയ്‍ക്കെതിരെ ഇന്ന് കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 101 റണ്‍സായിരുന്നു ആദ്യ സ്പെല്ലില്‍ എടുത്തത്. ഇതിന് മറുപടിയായി ബാറ്റ് ചെയ്‍ത കര്‍ണാടക  10 ഓവറില്‍  124 റണ്‍സ് നേടി. ഇതോടെ 23 റണ്‍സിന്‍റെ ലീഡ് കര്‍ണാടക നേടി. തുടര്‍ന്ന് വീണ്ടും പത്തോവര്‍ ബാറ്റിംഗിന് ഇറങ്ങിയ കേരളം 105 റണ്‍സ് നേടി. ഇതോടെ 83 റണ്‍സ് ആയി കര്‍ണാടക ബുള്‍ഡോസേഴ്‍സിന്റെ വിജയലക്ഷ്യം. രണ്ട് വിക്കറ്റ് മാത്രം നഷ്‍ടപ്പെടുത്തി കര്‍ണാടക വിജയലക്ഷ്യം മറികടക്കുകയും ചെയ്‍തു.  കര്‍ണാടകയുടെ പ്രദീപായിരുന്നു മാൻ ഓഫ് ദ മാച്ച്.

Read More: ഉദ്വേഗം നിറച്ച് 'പകലും പാതിരാവും', ട്രെയിലര്‍ പുറത്തുവിട്ടു

click me!