ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം
തിയറ്ററുകളില്‍ ഓടുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ നിര്‍മ്മാതാക്കള്‍ക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പുതിയ ചിത്രങ്ങളുടെ പ്രിന്‍റുകള്‍ വീണ്ടും പ്രചരിക്കുകയാണ് ഇപ്പോള്‍. അക്കൂട്ടത്തില്‍ വന്‍ വിജയം നേടി തിയറ്ററുകളില്‍ തുടരുന്ന മലയാള ചിത്രം മാര്‍ക്കോയുടെ പ്രിന്‍റും ഉണ്ട്. ഇപ്പോഴിതാ പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍.
ഈ വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് പറയുന്നു ഉണ്ണി മുകുന്ദന്‍. "ദയവായി സിനിമകളുടെ വ്യാജ പതിപ്പുകള്‍ കാണാതിരിക്കൂ. ഞങ്ങള്‍ നിസ്സഹായരാണ്. എനിക്ക് നിസ്സഹായത തോന്നുന്നു. നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാവുക. ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുന്നതിലൂടെ. ഇതൊരു അപേക്ഷയാണ്", ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ റിലീസ് ഇന്ന് ആയിരുന്നു. ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സിയാണ് ആദ്യ ദിനം ലഭിച്ചത്. തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടം നേടാനായാല്‍ ബോക്സ് ഓഫീസില്‍ ഇനിയും കാര്യമായ മുന്നേറ്റം നടത്താനാവും ചിത്രത്തിന്. ഒപ്പം ചിത്രത്തിന്‍റെ തമിഴ് പതിപ്പ് 3 ന് തിയറ്ററുകളില്‍ എത്തുന്നുണ്ട്.
ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 20 ന് ആയിരുന്നു. മലയാളത്തിനൊപ്പം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. ഹിന്ദി പതിപ്പ് വലിയ ജനപ്രീതിയാണ് നേടിയത്. ഇതേത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ട് കാര്യമായി വര്‍ധിച്ചിരുന്നു. മാര്‍ക്കോ ഹിന്ദി പതിപ്പ് ജിസിസിയിലും റിലീസ് ചെയ്തിട്ടുണ്ട്. തമിഴ് പതിപ്പ് കൂടി എത്തുന്നതോടെ ഈ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
ALSO READ : സംഗീതം നവനീത്; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനമെത്തി