Vivek Oberoi : അജിത്ത്, മോഹന്‍ലാല്‍, പൃഥ്വിരാജ്; വിവേക് ഒബ്റോയ് ഇനി വിജയിയുടെ വില്ലന്‍?

By Web Team  |  First Published Mar 10, 2022, 5:33 PM IST

വിജയിയുടെ കരിയറിലെ 66-ാം ചിത്രം. Vivek Oberoi in Thalapathy 66


തെന്നിന്ത്യന്‍ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങുകയാണ് ബോളിവുഡ് താരം വിവേക് ഒബ്റോയ് (Vivek Oberoi). സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ അജിത്ത് കുമാര്‍ ചിത്രം വിവേകമായിരുന്നു അതിന് തുടക്കം. ചിത്രത്തിലെ പ്രതിനായക കഥാപാത്രം ആര്യന്‍ സിംഘ ശ്രദ്ധിക്കപ്പെട്ടു. ലൂസിഫറില്‍ മോഹന്‍ലാലിന്‍റെ പ്രതിനായകനായാണ് വിവേക് പിന്നീട് എത്തിയത്. ചിത്രത്തിലെ ബോബി എന്ന കഥാപാത്രം അദ്ദേഹത്തിന് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. പുറത്തെത്താനുള്ള ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കടുവയിലും പ്രധാന വില്ലനെ അവതരിപ്പിക്കുന്നത് ഒബ്റോയ് ആണ്. ഇപ്പോഴിതാ വരാനിരിക്കുന്ന ഒരു ശ്രദ്ധേയ തമിഴ് പ്രോജക്റ്റിലും അദ്ദേഹമാണ് പ്രതിനായകനെന്ന് റിപ്പോര്‍ട്ടുകള്‍.

വിജയിയെ (Vijay) നായകനാക്കി തമിഴിലും തെലുങ്കിലുമായി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിവേക് ഒബ്റോയ് വില്ലനായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയിയുടെ കരിയറിലെ 66-ാം ചിത്രമാണിത് (Thalapathi 66). ഇമോഷണല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രം ഏറെ പ്രാധാന്യമുള്ള ഒന്നാണെന്നാണ് അറിയുന്നത്. ശക്തനായ വില്ലന്‍ കഥാപാത്രത്തിനായി ഒരു മികച്ച അഭിനേതാവ് വേണമെന്നുള്ള ആലോചനയിലാണ് വിവേക് ഒബ്റോയിയുടെ പേര് അണിയറക്കാര്‍ ഉറപ്പിച്ചത്. 

Latest Videos

undefined

പുറത്തിറങ്ങാനിരിക്കുന്ന ബീസ്റ്റിനു ശേഷം വിജയ് നായകനാവുന്ന ചിത്രമാണിത്. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം.ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. 

അതേസമയം മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന 'ബീസ്റ്റ്' സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നെല്‍സണ്‍ ഒരുക്കുന്ന ചിത്രമാണിത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തിന്‍റെ ജോര്‍ജ്ജിയയിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചിരുന്നു. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു വിജയ് നായകനായ മാസ്റ്റര്‍. പോസ്റ്റ് തിയട്രിക്കല്‍ റിലീസ് ആയി ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലും ചിത്രം എത്തിയിരുന്നു. 

അതേസമയം വംശി പൈഡിപ്പള്ളി ചിത്രത്തില്‍ ഇരട്ട വേഷങ്ങളിലാണ് വിജയ് എത്തുന്നത്. സമീപകാലത്ത് ഇറങ്ങിയ എല്ലാ വിജയ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തതയുള്ള കഥാപാത്രവും ചിത്രവുമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. രശ്മിക മന്ദാനയാവും നായിക. തമന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും. 

click me!