തിയറ്ററുകളില്‍ ഒരു വാരം പിന്നിട്ട ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്
മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡിനെ പ്രശംസിച്ച് വിനീത് ശ്രീനിവാസനും കല്യാണി പ്രിയദര്‍ശനും. ചിത്രം കണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അഭിപ്രായം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് കല്യാണി കണ്ണൂര്‍ സ്ക്വാഡ് തനിക്ക് ഏറെ ഇഷ്ടമായെന്ന കാര്യം അറിയിച്ചത്. സിനിമയുടെ പേര് എഴുതിയതിന് ശേഷം തീയുടെ ഇമോജി ഇടുകയായിരുന്നു കല്യാണി. കണ്ണൂര്‍ സ്ക്വാഡിന്‍റെ എക്സ് ഹാന്‍ഡില്‍ ഇത് പങ്കുവച്ചത് കല്യാണി ഷെയര്‍ ചെയ്തിട്ടുമുണ്ട്. പടം പൊളി എന്നാണ് എക്സില്‍ കല്യാണ് കുറിച്ചിരിക്കുന്നത്.
അതേസമയം ഫേസ്ബുക്കില്‍ വിശദമായ കുറിപ്പുമായാണ് വിനീത് ശ്രീനിവാസന്‍ എത്തിയിരിക്കുന്നത്. ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ പ്രകടനത്തെയും വിനീത് പ്രശംസിച്ചിട്ടുണ്ട്. വിനീതിന്‍റെ വാക്കുകള്‍- "കണ്ണൂര്‍ സ്ക്വാഡ്! എന്തൊരു സിനിമ! മമ്മൂട്ടി അങ്കിള്‍, നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും തുടരുകയാണ്. നിങ്ങളുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അടുത്തിടെയായുള്ള നിങ്ങള്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്ന വിധവും ഇത്രയും മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ബ്രാന്‍ഡ് ആയി മമ്മൂട്ടി കമ്പനിയെ രൂപപ്പെടുത്തിയെടുക്കുന്ന രീതിയും.. റോബീ, റോണിച്ചേട്ടാ.. ജീവിതത്തിലെ മനോഹരമായ ചില വേളകളില്‍ നമ്മള്‍ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ട്. നിങ്ങളൊരുമിച്ച് ഇത്തരത്തിലൊരു സിനിമ എടുത്തത് കാണുമ്പോള്‍ വലിയ സന്തോഷം. പ്രിയ സുഷിന്‍, നിന്നോട് ഫോണില്‍ പറഞ്ഞതുപോലെ, മലയാള സിനിമയുടെ ഒരു യഥാര്‍ഥ സാമൂഹികപ്രവര്‍ത്തകനാണ് നീ. ഒരുപാട് പേരെക്കുറിച്ച് പറയാനുണ്ട്. പക്ഷേ വാക്കുകള്‍ ചുരുക്കുകയാണ്. ഈ മനോഹര സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍", വിനീത് കുറിച്ചു.
അതേസമയം തിയറ്ററുകളില്‍ ഒരു വാരം പിന്നിട്ട ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമയാണ്. ഒരു കേസിലെ പ്രതികളെ പിടിക്കാന്‍ കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് പോകുന്ന ഒരു പൊലീസ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക