'പത്തൊമ്പതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയില്‍ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്‍റെ കുബുദ്ധി'; വിമര്‍ശനവുമായി വിനയന്‍

By Web Team  |  First Published Dec 23, 2022, 9:25 PM IST

"ശ്രീ രഞ്ജിത്തിന്‍റെ "പലേരിമാണിക്യം" അന്തരിച്ച ടി പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരൻെറ ട്രിബ്യൂട്ടായി കാണിച്ചതു പ്രശംസനീയം തന്നെ.."


താന്‍ സംവിധാനം ചെയ്‍ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനം സാധ്യമാകാതിരുന്നതിനു പിന്നില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെ കുബുദ്ധിയാണെന്ന് വിനയന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍റെ വിമര്‍ശനം. രഞ്ജിത്തിന്‍റെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഒരു വേദിയില്‍ വിനയന്‍ സംസാരിച്ചിരുന്നു. ഈ വീഡിയോ പങ്കുവച്ചുകൊണ്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണ്‍ വിനയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അരുണിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് വിനയന്‍ ഇതില്‍ തനിക്ക് പറയാനുള്ളത് വിശദീകരിക്കുന്നത്.

വിനയന്‍റെ കുറിപ്പ്

Latest Videos

സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റുമായ ശ്രീ എൻ അരുൺ പത്തൊൻപതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി.. എൻെറ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്.. അക്കാദമി ചെയർമാൻ എന്ന നിലയിൽ ബഹു: സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും "പത്തൊൻപതാം നൂറ്റാണ്ട്" എന്നസിനിമ IFFK യിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബൈലോ അനുവദിക്കുന്നില്ല എന്ന ചെയർമാൻെറ വാശിയേക്കുറിച്ചാണ് ഞാൻ പറഞ്ഞത്.. 

ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയെ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു: മന്ത്രീ ശ്രീ വി എൻ വാസവൻ പറഞ്ഞത്, ഔദ്യോഗിക വിഭാഗത്തിൽ ഇല്ലെങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺമറഞ്ഞ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്ന നിലയിലും കലാമൂല്യത്തിലും ടെക്നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും IFFK യിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യും എന്നാണ്.. അദ്ദേഹം ആ നിർദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു.. പക്ഷേ അക്കാദമിയുടെ ബൈലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയെ പറ്റിയാണ് ഞാൻ പറഞ്ഞത്.. ഇത്തരം അനൗദ്യോഗിക പ്രദർശനങ്ങളൊക്കെ അക്കാദമിയുടെ കമ്മിറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളൂ എന്നാണ് എൻെറ അറിവ്.. 

ALSO READ : 'ഗോള്‍ഡി'ന് ഒടിടി റിലീസ്; ആമസോണ്‍ പ്രൈമിലെ തീയതി പ്രഖ്യാപിച്ചു

ശ്രീ രഞ്ജിത്തിന്‍റെ "പലേരിമാണിക്യം" അന്തരിച്ച ടി പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരൻെറ ട്രിബ്യൂട്ടായി കാണിച്ചതു പ്രശംസനീയം തന്നെ.. അതുപോലെ തന്നെ ചരിത്രത്തിൻെറ ഏടുകൾ തമസ്കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു. പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകൾ പാടിപ്പുകഴ്ത്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്.. വിനയനെ തമസ്കരിക്കാനും സിനിമ ചെയ്യിക്കാതിരിക്കാനും ഒക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന എൻെറ ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു..

click me!