ഒടിടിയില്‍ ആട്ടം എത്തി.
മലയാളത്തില്‍ 2023ല്‍ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു ആട്ടം. പ്രമേയത്തിലെ വൈവിധ്യത്താലും ആഖ്യാനത്തിലെ കരുത്താലും ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയടക്കം അഭിനന്ദനവുമായി എത്തുകയും ചെയ്‍തിരുന്നു. ചലച്ചിത്ര മേളകളിലും ചര്‍ച്ചയായ ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.
വിനയ് ഫോര്‍ട്ടും സെറിൻ ഷിഹാബുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ . നാടക പ്രവര്‍ത്തകനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിലുള്ള ആട്ടത്തില്‍ കലാഭവൻ ഷാജോണ്‍, അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്‍വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര്‍ ബാബു എന്നിവരും നിര്‍ണായകമായ പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു. അഭിപ്രായമുണ്ടാക്കിയ ആട്ടം ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
undefined
ഒരു നാടക സംഘത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാടകം വൻ വിജയമായതിനെ തുടര്‍ന്ന് ആഘോഷം നടക്കുന്നതിനിടയിലുണ്ടായ അനിഷ്‍ട സംഭവവും പിന്നീട് നടക്കുന്ന ചര്‍ച്ചയും നിലപാടുകളുമാണ് ആട്ടത്തില്‍ പ്രതിപാദിക്കുന്നത്. ആരാണ് യഥാര്‍ഥത്തില്‍ ആട്ടത്തിലെ വില്ലനെന്ന് പറയാതെ സമൂഹ്യത്തിലെ പുരുഷ മനശാസ്‍ത്രവും പണത്തോടുള്ള ആര്‍ത്തിയുമൊക്കെ ഗൗരവമായി വിശകലനം ചെയ്യുകയാണ് ചിത്രം. ഒരു വിഷയമുണ്ടാക്കുമ്പോള്‍ ഓരോ പുരുഷനും എന്ത് നിലപാടെടുക്കും എന്ന് പരിശോധിക്കുന്ന ആട്ടം സ്‍ത്രീപക്ഷത്തില്‍ നിന്നാണ് ആനന്ദ് ഏകര്‍ഷി അവതരിപ്പിക്കുന്നത്.
മികച്ച അഭിപ്രായങ്ങള്‍ നേടിയെങ്കിലും തിയറ്റര്‍ കളക്ഷനില്‍ അത് പ്രതിഫലിച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും മലയാളത്തിലെ എക്കാലത്തെയും വേറിട്ട ചിത്രമായി ആട്ടം അടയാളപ്പെടും എന്നാണ് അഭിപ്രായങ്ങള്‍. നാടക പശ്ചാത്തലത്തില്‍ ഉള്ളവരാണ് ആട്ടം സിനിമയില്‍ പ്രവര്‍ത്തിച്ച മിക്കവരും എന്ന പ്രത്യേകതയുമുണ്ട്. സൗഹൃദങ്ങളില്‍ നിന്ന് രൂപപ്പെട്ട ഒരു സിനിമയുമാണ് ആട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക