Vikram Movie : ഒടുവില്‍ ലോകേഷും സമ്മതിച്ചു; കമലിനും ഫഹദിനുമൊപ്പം സൂര്യയുമുണ്ട്

By Web Team  |  First Published May 18, 2022, 8:38 PM IST

ജൂണ്‍ 3നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക


കോളിവുഡില്‍ സമീപകാലത്ത് വിക്രം (Vikram Movie) പോലെ താരബാഹുല്യമുള്ള ഒരു ചിത്രം നിര്‍മ്മിക്കപ്പെട്ടിട്ടില്ല. കമല്‍ ഹാസന്‍ നായകനാവുന്ന ചിത്രത്തിലെ മറ്റു പ്രധാന താരനിര്‍ണ്ണയങ്ങളായി തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടത് വിജയ് സേതുപതിയുടെയും ഫഹദ് ഫാസിലിന്‍റെയും സാന്നിധ്യമായിരുന്നു. അണിയറക്കാര്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. പിന്നാലെ നരെയ്ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് എന്നിവരും വിക്രം ടീമിലേക്ക് എത്തിയതായി സ്ഥിരീകരണം എത്തി. എന്നാല്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ചിനു മുന്‍പാണ് അതിനുമൊക്കെ വലിയൊരു സര്‍പ്രൈസ് ചിത്രത്തിലുണ്ടെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തമിഴ് സൂപ്പര്‍താരം സൂര്യ (Suriya) ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു എന്ന സ്ഥിരീകരിക്കാത്ത വിവരമായിരുന്നു അത്. 

എന്നാല്‍ ട്രെയ്‍ലര്‍ ലോഞ്ചിംഗ് വേദിയില്‍ കമല്‍ ഹാസന്‍ സൂര്യയ്ക്ക് നന്ദി പറഞ്ഞതോടെ ആരാധകര്‍ അത് ഉറപ്പിച്ചു. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ട്രെയ്‍ലറില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടുകള്‍ സൂര്യയുടെ സാന്നിധ്യമെന്ന തരത്തില്‍ പ്രചരിക്കുകയും ചെയ്‍തു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജും അത് സ്ഥിരീകരിച്ചിരിക്കുകയാണ്. തനിക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള സൂര്യയുടെ ചിത്രമാണ് ലോകേഷ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിക്രത്തിന്‍റെ ലോകത്തേക്ക് സൂര്യ സാറിനെ സ്വീകരിക്കാന്‍ ഒരുപാട് സന്തോഷം എന്നാണ് ചിത്രത്തിനൊപ്പം സംവിധായകന്‍റെ വാക്കുകള്‍.

Latest Videos

READ MORE : റിലീസിനു മുന്‍പേ 100 കോടി ക്ലബ്ബില്‍! ഒടിടി റൈറ്റ്സില്‍ വന്‍ നേട്ടവുമായി 'വിക്രം'

ജൂണ്‍ മൂന്നിന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.  

More than Happy to welcome Sir 🤗 Into the World of 🔥 pic.twitter.com/39mLATqaTv

— Lokesh Kanagaraj (@Dir_Lokesh)

വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍, പിആര്‍ഒ പ്രതീഷ് ശേഖർ.

click me!