'2015 മുതല്‍ ലിജോ പറയുന്ന ഒരു കാര്യമുണ്ട്'; 'മലൈക്കോട്ടൈ വാലിബനെ'ക്കുറിച്ച് വിജയ് ബാബു

By Web Team  |  First Published Jul 25, 2023, 10:25 AM IST

"ചീഫ് അസോസിയേറ്റ് ടിനു പാപ്പച്ചന്‍ പറഞ്ഞത് ലാലേട്ടന്‍റെ എന്‍ട്രിയില്‍ തിയറ്റര്‍ ഇളകുമെന്നല്ലേ?"


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് നിര്‍മ്മിച്ചത് വിജയ് ബാബു ആയിരുന്നു. ലിജോയുമായി അടുത്ത സൌഹൃദവും സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം. ഇപ്പോഴിതാ ലിജോയുടെ വരാനിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബനെക്കുറിച്ച് വിജയ് ബാബു പറഞ്ഞ വാക്കുകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ചിത്രം ഏത് തരത്തിലുള്ളതാണെന്നും അതേക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷകളും വിജയ് ബാബു പങ്കുവെക്കുന്നു. സില്ലി മോങ്ക്‍സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബുവിന്‍റെ പ്രതികരണം.

മലൈക്കോട്ടൈ വാലിബനെക്കുറിച്ച് വിജയ് ബാബു

Latest Videos

"അതില്‍ വര്‍ക്ക് ചെയ്ത ചീഫ് അസോസിയേറ്റ് ടിനു പാപ്പച്ചന്‍ പറഞ്ഞത് ലാലേട്ടന്‍റെ എന്‍ട്രിയില്‍ തിയറ്റര്‍ ഇളകുമെന്നല്ലേ? എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ലാലേട്ടന്‍ എന്ന കംപ്ലീറ്റ് ആക്റ്ററെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. എനിക്കറിയാവുന്ന ലിജോ കുറേ വര്‍ഷങ്ങളായി പറയുന്ന ഒരു കാര്യമുണ്ട്. വിജയ്, ഒരു മാസ് അടിക്കണം. അത് ഡബിള്‍ ബാരല്‍ ആയിരുന്നു ലിജോയുടെ മനസില്‍ ഉണ്ടായിരുന്നത്. ഡബിള്‍ ബാരല്‍ കഴിഞ്ഞിട്ട് 2015 മുതല്‍ ലിജോ പറയുന്ന ഒരു കാര്യമുണ്ട്. ഒരു മാസ് എന്ന് പറഞ്ഞാല്‍, ഒരു കട്ട മാസ്.. ഞങ്ങള്‍ ഇരുന്ന് സംസാരിക്കുന്നതായ സ്ലാംഗില്‍ പറയുമ്പോള്‍ ലിജോ പറയുന്ന ഒരു രീതിയുണ്ട്. പൊടി പറക്കണം എന്നൊക്കെ. അതാണ് ഈ സാധനം (മലൈക്കോട്ടൈ വാലിബന്‍). ലിജോ പറഞ്ഞ ആ മാസ് ആണ് ഈ സാധനം. അപ്പോള്‍ എനിക്ക് പ്രതീക്ഷിക്കാം, അതില്‍ എന്തായിരിക്കും ലിജോ കൊണ്ടുവരുന്നത് എന്ന്. എന്‍റെ ഒരു അഭിപ്രായത്തില്‍ കട്ട മാസ് ആയിരിക്കും." 

അതേസമയം മലയാള സിനിമയില്‍ നിലവില്‍ ഏറ്റവുമധികം ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്നതുതന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ : ബജറ്റ് 5 കോടി; കളക്ഷനില്‍ ബോളിവുഡിനെയും ഞെട്ടിച്ച് ഈ മറാഠി ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!