'റഹ്മാന്‍ ഷോ അലമ്പാക്കിയതിന് ഉത്തരവാദി': ആരോപണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിജയ് ആന്‍റണി

By Web Team  |  First Published Sep 16, 2023, 2:27 PM IST

ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്ത ചിലര്‍ക്ക് പോലും സദസ്സിലേക്ക് എത്താനായില്ലെന്നായിരുന്നു പരാതി. 


ചെന്നൈ : കഴിഞ്ഞ ഞായറാഴ്ച ചെന്നൈയില്‍ നടന്ന എആര്‍ റഹ്മാന്‍ ഷോ വലിയ വിവാദത്തിലാണ് അവസാനിച്ചത്. മറകുമാ നെഞ്ചം' എന്ന് പേരിട്ട് നടത്തിയ പരിപാടിയില്‍ വിഐപി ടിക്കറ്റ് എടുത്തവര്‍ക്ക് പോലും പരിപാടി കാണാന്‍ സാധിച്ചില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. മോശം സംഘാടനം പരിപാടിയെ മൊത്തത്തില്‍ ബാധിക്കുകയായിരുന്നു.  

ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്ത ചിലര്‍ക്ക് പോലും സദസ്സിലേക്ക് എത്താനായില്ലെന്നായിരുന്നു പരാതി. തിക്കിലും തിരക്കിലും സ്ത്രീകളെ അപമാനിക്കാന്‍ ശ്രമം നടന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. 

Latest Videos

എന്നാല്‍ പരിപാടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ടിക്കറ്റ് എടുത്തിട്ടും സംഗീത നിശ കാണാന്‍ സാധിക്കാത്തവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് റഹ്മാന്‍ തന്നെ എക്സ് പോസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ അടുത്തിടെ വന്ന ഒരു യൂട്യൂബ് വീഡിയോയാണ് പുതിയ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. എആര്‍ റഹ്മാന്‍ ഷോയിലെ സംഭവം ആസൂത്രിതമാണെന്നും സംഗീതസംവിധായകനും നടനും നിര്‍മ്മാതാവുമൊക്കെയായ വിജയ് ആന്റണിക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള വീഡിയോയുമായി ഒരു യൂട്യൂബ് ചാനൽ രംഗത്തെത്തിയത്. 

വീഡിയോയ്ക്ക് പിന്നാലെ വിജയ് ആന്‍റണി ഇതിനെതിരെ പ്രതികരിക്കുകയും ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അറിയിച്ചിരിക്കുകയാണ്. 

"വളരെ സങ്കടത്തോടെ, ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് അവസാനം ഉണ്ടാക്കാനാണ് ഈ കത്ത്. ഒരു സഹോദരി, അവളുടെ യൂട്യൂബ് ചാനലിൽ, എന്നെയും എന്‍റെ സഹോദരനായ എആർ റഹ്മാനെയും കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുണ്ട്.  നുണകളാണ് അതെല്ലാം. ഞാൻ അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ പോവുകയാണ്" - എക്സില്‍ പോസ്റ്റ് ചെയ്ത കത്തില്‍ വിജയ് ആന്‍റണി പറയുന്നു.

அது முற்றிலும் பொய்யே! pic.twitter.com/x7sRGOu4tu

— vijayantony (@vijayantony)

അതേ സമയം എആര്‍ റഹ്മാന്‍ ഷോയില്‍ നടന്ന സംഭവങ്ങളില്‍ ചെന്നൈ താമ്പറം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്ന് ഡ്യൂട്ടില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. 

ചെന്നൈ സംഗീത നിശ: റഹ്മാനെ ക്രൂശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി റഹ്മാന്‍റെ മകള്‍ ഖദീജ

റഹ്മാന്‍ ഷോ അലമ്പായി: നെയ്യാറ്റിന്‍കര ഗോപനെ വിളിച്ചൂടെ എന്ന ചോദ്യവുമായി മലയാളികള്‍.!

click me!