'അജിത്ത് സാര്‍ പറഞ്ഞതാണ്, പക്ഷേ'; നടക്കാതെപോയ സിനിമയെക്കുറിച്ച് വിഘ്നേഷ് ശിവന്‍

By Web Team  |  First Published Nov 29, 2024, 2:43 PM IST

അജിത്തിന് ഏറെ പ്രിയപ്പെട്ട ചിത്രമാണ് 'നാനും റൗഡി താന്‍'


സമീപകാലത്ത് മറുഭാഷാ പ്രേക്ഷകരിലേക്കും എത്തിയ മലയാള സിനിമകളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായ ആവേശം. മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ നാലാം സ്ഥാനത്തുമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ഈ ചിത്രം. ഇപ്പോഴിതാ താന്‍ ആ​ഗ്രഹിച്ചിട്ട് നടക്കാതെപോയ സിനിമയെക്കുറിച്ചുള്ള, തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍റെ വാക്കുകളില്‍ ആവേശം എന്ന ചിത്രം കടന്നുവരികയാണ്. അജിത്ത് കുമാറിനെ നായകനാക്കി ആ ചിത്രം ഒരുക്കണമെന്നായിരുന്നു തന്‍റെ ആ​ഗ്രഹമെന്നും അത് നടക്കാതെപോയതിന്‍റെ കാരണം എന്തെന്നും വിഘ്നേഷ് ശിവന്‍ പറയുന്നു. ​ഗലാട്ട പ്ലസിന്‍ഫെ പാന്‍ ഇന്ത്യ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അജിത്ത് സാറിന് ഇഷ്ടപ്പെട്ട സിനിമയായിരുന്നു നാനും റൗഡി താന്‍ (വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം). ഒരുപാട് സിനിമകള്‍ താന്‍ കാണാറില്ലെന്നും എന്നാല്‍ ഈ ചിത്രം ഒരുപാട് വട്ടം കണ്ടെന്നും ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ അത് ചെയ്ത രീതി ഇഷ്ടമായെന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ പാര്‍ഥിപന്‍റെ കഥാപാത്രത്തെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമായതെന്നും. ആ കഥാപാത്രത്തിന്‍റെ രീതിയില്‍ ഒരു തിരക്കഥ എഴുതാവുന്നതാണെന്നും നമുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു", വിഘ്നേഷ് ശിവന്‍ പറയുന്നു.

Latest Videos

undefined

"പിന്നീട് എന്നെ അദ്ദേഹം വിളിച്ചു. ഒരുമിച്ച് ഒരു സിനിമ ചെയ്യാമെന്നും അത് നിങ്ങളുടെ രീതിയില്‍ ചെയ്തോളാനും പറഞ്ഞു. പക്ഷേ അതിന്‍റെ നിര്‍മ്മാതാവിന് തികച്ചും വ്യത്യസ്തമായ ആശയങ്ങളാണ് ഉണ്ടായിരുന്നത്. കാരണം അമാനുഷിക പരിവേഷമുള്ള താരങ്ങള്‍ എത്തുമ്പോള്‍ അവരുടെ സിനിമകളില്‍ എന്തൊക്കെയാണ് വര്‍ക്ക് ആവുക, എന്തൊക്കെ വര്‍ക്ക് ആവില്ല എന്നത് സംബന്ധിച്ച് മുന്‍നിശ്ചയത്തോടെയാണ് നിര്‍മ്മാതാക്കള്‍ എത്തുന്നത്. അതിനാല്‍ എന്നെപ്പോലെയുള്ള ഒരു സംവിധായകനും നിര്‍മ്മാതാവിനുമിടയില്‍ എപ്പോഴും ഒരു പൊരുത്തക്കേട് ഉണ്ടാവും. എനിക്ക് മനസിലാവാത്ത തിയറികളാണ് അവരുടെ കൈയില്‍. തിരക്കഥ എഴുതുന്ന സമയത്ത് അത്തരം മാതൃകകളെല്ലാം മനസില്‍ നിന്ന് പോയാല്‍ മാത്രമേ ഞാന്‍ പേനയെടുത്ത് എഴുതൂ", വിഘ്നേഷ് പറയുന്നു.

"ആവേശം കണ്ടപ്പോള്‍, ആ ​ഗണത്തില്‍ പെടുത്താവുന്ന ഒരു തിരക്കഥയായിരുന്നു (അജിത്തിനുവേണ്ടി) ഞാന്‍ എഴുതിയിരുന്നത്. മാസ് ഘടകങ്ങളൊക്കെയുള്ള വ്യത്യസ്തമായ ഒരു ചിത്രമായേനെ അത്. പക്ഷേ തിരക്കഥ കേട്ട നിര്‍മ്മാതാവ് ചോദിച്ചത് എന്തിനാണ് ഇത്രയും കോമഡി എന്നായിരുന്നു. തനിക്ക് വൈകാരികതയും പ്രേക്ഷകര്‍ക്കുള്ള സന്ദേശവുമാണ് വേണ്ടതെന്നും പറഞ്ഞു", വിഘ്നേഷ് പറഞ്ഞവസാനിപ്പിക്കുന്നു. 

ALSO READ : ഹാസ്യത്തിന് പ്രാധാന്യമുള്ള ആക്ഷന്‍ എന്‍റര്‍ടെയ്‍നറുമായി സൂര്യ; ആര്‍ ജെ ബാലാജി ചിത്രത്തിന് തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!