കാത്തിരിപ്പ് ചുരുങ്ങുന്നു; 'വിടാ മുയര്‍ച്ചി' അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍

By Web Team  |  First Published Jan 29, 2024, 3:49 PM IST

തൃഷയാണ് ചിത്രത്തിലെ നായിക


തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളില്‍ മുന്‍പന്തിയിലുള്ള ആളാണ് അജിത്ത് കുമാര്‍. എന്നാല്‍ സിനിമയ്ക്ക് പുറത്ത് വ്യക്തിജീവിതത്തിനും സ്വകാര്യതയ്ക്കുമൊക്കെ വലിയ പ്രാധാന്യം കൊടുക്കുന്ന ആളും. സ്വന്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍  ഇല്ലാത്ത താരമായതിനാല്‍ത്തന്നെ അജിത്ത് കുമാര്‍ ചിത്രങ്ങളുടെ അപ്ഡേറ്റുകള്‍ക്കായി ആരാധകര്‍ക്കിടയില്‍ വലിയ ആകാംക്ഷ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം വിടാ മുയര്‍ച്ചിയുടെ അപ്‍ഡേറ്റ് നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്‍റെ അസര്‍ബൈജാന്‍ ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ്. ചിത്രീകരണസംഘം ഇനി പുതിയ ലൊക്കേഷനിലേക്ക് നീങ്ങുമെന്നും നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. അജിത്ത് കുമാറിന്‍റെ ഒരു ചിത്രത്തിനൊപ്പമാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് എക്സിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. തടം, കലഗ തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ആളാണ് മഗിഴ് തിരുമേനി. തൃഷയാണ് ചിത്രത്തിലെ നായിക. ലിയോയ്ക്ക് ശേഷം തൃഷ നായികയാവുന്ന ചിത്രമാണിത്. 

Latest Videos

ചിത്രത്തില്‍ റെഗിന കസാന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. 

പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയ്ക്കുമാണ്. എച്ച് വിനോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തുനിവ് ആയിരുന്നു അജിത്ത് കുമാറിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. വലിയ ഹൈപ്പോടെയെത്തിയ ചിത്രം അതിനൊത്ത ആദ്യ പ്രതികരണങ്ങള്‍ നേടിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും അജിത്ത് നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ALSO READ : ഇതുവരെ വിറ്റ ടിക്കറ്റുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും! 'ഹനു മാന്‍' ബിസിനസ് കണക്കുകളുമായി നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!