വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; 'വരിശ്' റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

By Web Team  |  First Published Oct 24, 2022, 12:56 PM IST

വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം


ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. ചിത്രം തിയറ്ററുകളിലെത്തുക അടുത്ത വര്‍ഷത്തെ പൊങ്കലിന് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും അടുത്തിടെ ഇക്കാര്യം ശരിവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. ദീപാവലി സംബന്ധിച്ച് പുറത്തിറക്കിയ സ്പെഷല്‍ പോസ്റ്ററിലാണ് ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉള്ളത്. ചിത്രം പൊങ്കല്‍ റിലീസ് ആയി ലോകമാകമാനം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.

വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

Latest Videos

ALSO READ : ഫ്രീക്ക് ലുക്കില്‍ ചിരഞ്ജീവി, ഇനി 'വാള്‍ട്ടര്‍ വീരയ്യ': ടൈറ്റില്‍ ടീസര്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മാസ്റ്റര്‍, ബീസ്റ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. കൊവിഡ് ലോക്ക് ഡൌണിനു പിന്നാലെ തിയറ്ററുകള്‍ തുറന്നപ്പോള്‍ എത്തിയ മാസ്റ്റര്‍ വന്‍ വിജയം നേടിയിരുന്നെങ്കില്‍ ബീസ്റ്റിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

Happy Diwali nanba 🧨

Next week la irundhu summa pattasa irukum 🔥 sir pic.twitter.com/M9KuWSfhuE

— Sri Venkateswara Creations (@SVC_official)

അതേസമയം വരിശിന്‍റെ റിലീസ് പ്രഖ്യാപനത്തോടെ ബോക്സ് ഓഫീസില്‍ ഒരു താരമത്സരത്തിനു കൂടി കളമൊരുങ്ങുമെന്ന് ഉറപ്പായി. തെലുങ്ക് താരം പ്രഭാസിന്‍റെ, ബോളിവുഡില്‍ നിന്നെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷുമായാണ് വരിശിന് മത്സരിക്കേണ്ടിവരിക. ജനുവരി 12 ആണ് ആദിപുരുഷിന്‍റെ റിലീസ് തീയതി. അടുത്ത വര്‍ഷത്തെ പൊങ്കലും ഇതേ സമയത്താണ്. പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് മിത്തോളജിക്കല്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ആദിപുരുഷ് ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. 

tags
click me!