അജിത്തോ വിജയ്‍യോ? കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗില്‍ മുന്നില്‍ ആര്?

By Web Team  |  First Published Jan 6, 2023, 8:01 PM IST

ചിത്രങ്ങളുടെ റിലീസിന് ശേഷമുള്ള ആദ്യ അഭിപ്രായങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് തിയറ്റര്‍ വ്യവസായം


തമിഴ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ ആണ് ഇത്തവണത്തെ പൊങ്കല്‍. വര്‍ഷത്തിലെ ഏതെങ്കിലുമൊക്കെ പ്രധാന റിലീസുകള്‍ പൊങ്കലിന് ഉണ്ടാവുക സാധാരണമാണെങ്കിലും ഇത്തവണത്തേതുപോലെ ഒരു താരപ്പോര് ബോക്സ് ഓഫീസില്‍ ഇതിനു മുന്‍പ് അടുത്തൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ഈ കാത്തിരിപ്പിന് കാരണം. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങള്‍ വിജയ്‍യുടെയും അജിത്ത് കുമാറിന്‍റെയും പുതിയ ചിത്രങ്ങളാണ് ഇത്തവണത്തെ പൊങ്കലിന് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക.

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. അതേസമയം അജിത്തിന്‍റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെ (നേര്‍കൊണ്ട പാര്‍വൈ, വലിമൈ) സംവിധായകന്‍ എച്ച് വിനോദ് ആണ് തുനിവിന്‍റെ സംവിധായകന്‍. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക എന്നത് മലയാളികളെ സംബന്ധിച്ച് കൌതുകമുണര്‍ത്തുന്ന ഘടകമാണ്. ഒരേ ദിവസമാണ് രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തുന്നത്. ജനുവരി 11 ന്. രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ കേരളത്തിലും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Latest Videos

 

ബുക്ക് മൈ ഷോയില്‍ വാരിസിനേക്കാള്‍ ലൈക്കുകള്‍ തുനിവിന് ആണ്. വാരിസിന് 2.72 ലക്ഷം ലൈക്കുകള്‍ ആണെങ്കില്‍ തുനിവിന് ലഭിച്ചിരിക്കുന്നത് 5.59 ലക്ഷത്തിലേറെ ലൈക്കുകളാണ്. എന്നാല്‍ ഇതുവരെ ബുക്ക് ചെയ്യപ്പെട്ട സീറ്റുകളുടെ കാര്യം നോക്കിയാല്‍ തുനിവിനേക്കാള്‍ ബഹുദൂരം മുന്നില്‍ വിജയ്‍യുടെ വാരിസ് ആണ്. തിരുവനന്തപുരം നഗരത്തില്‍ ഇതുവരെ ചാര്‍ട്ട് ചെയ്യപ്പെട്ട ഷോകളില്‍ വാരിസിന്‍റെ ആദ്യ ഷോകള്‍ ആരംഭിക്കുന്നത് 11 ന് പുലര്‍ച്ചെ നാലിന് ആണ്. തുനിവിന്‍റേത് രാവിലെ 7.45 നും. തിരുവനന്തപുരത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ആയ ഏരീസ് പ്ലെക്സില്‍ മാത്രം പുലര്‍ച്ചെ നാലിന് ആറ് ഷോകള്‍ ഉണ്ട് വാരിസിന്. ഇതെല്ലാം ഇതിനകം ഹൌസ്ഫുള്‍ ആയിട്ടുമുണ്ട്. ഏരീസിലെ 22 ഷോകള്‍ അടക്കം തിരുവനന്തപുരം നഗരത്തില്‍ റിലീസ് ദിനത്തില്‍ വാരിസിന് ഇതിനകം ചാര്‍ച്ച് ചെയ്യപ്പെട്ടിരിക്കുന്നത് 34 ഷോകള്‍ ആണ്. അതേസയമയം അജിത്ത് നായകനാവുന്ന തുനിവിന് തിരുവനന്തപുരം സിറ്റിയില്‍ റിലീസ് ദിനത്തില്‍ ഇതുവരെ ചാര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 14 പ്രദര്‍ശനങ്ങളാണ്. 

ALSO READ : ഒടുവില്‍ പ്രഖ്യാപനം വന്നു; 'നന്‍പകല്‍' റിലീസ് തീയതി അറിയിച്ച് മമ്മൂട്ടി

അതേസമയം റിലീസിന് ശേഷമുള്ള ആദ്യ അഭിപ്രായങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് തിയറ്റര്‍ വ്യവസായം. എത്ര വലിയ സൂപ്പര്‍താരം ആയാലും ആദ്യ ഷോകള്‍ക്കു ശേഷം നെഗറ്റീവ് പബ്ലിസിറ്റി ലഭിച്ചാല്‍ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് സമീപകാല യാഥാര്‍ഥ്യം.

click me!