'നിനക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ലജ്ജിക്കാന്‍ ഇടവരുത്തരുത്': ഷെയ്നിനോട് വി എ ശ്രീകുമാര്‍

By Web Team  |  First Published Nov 27, 2019, 10:01 PM IST

ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി വി എ ശ്രീകുമാര്‍. 


തിരുവനന്തപുരം: ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ ശക്തമായ നടപടി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍. ഷെയ്ന്‍ ചെയ്യുന്നത് തെറ്റാണെന്നും ഇത്രനേരവും വെള്ളം കോരിയിട്ട് കലമുടയ്ക്കുകയാണെന്നും വി എ ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

Latest Videos

undefined

ഷെയ്ന്‍,
കഴിവിനോടുള്ള സ്‌നേഹം കൊണ്ട്, അച്ഛനോടുള്ള സ്‌നേഹവും സൗഹൃദവും കൊണ്ട്, അച്ഛന്‍ നിന്നെക്കുറിച്ച് എത്രമാത്രം സ്‌നേഹിച്ചിരുന്നു, വേവലാതിപ്പെട്ടിരുന്നു എന്നെല്ലാം നേരിട്ട് അറിയുന്ന ആള്‍ എന്ന നിലയ്ക്ക് പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കുക എന്ന കടമയാണ് ഞാന്‍ മുൻപ് ചെയ്തത്.

ഇപ്പോള്‍ ഷെയ്ന്‍ ചെയ്യുന്നത് തെറ്റാണ്.

ഇത്രനേരവും വെള്ളം കോരിയിട്ട് കുടം ഉടയ്ക്കുകയാണ്. സിനിമ എന്ന വ്യവസായത്തിലെ ഒരു കണികയാണ് അഭിനേതാവ്. ഏറ്റവും വലുത് നിര്‍മ്മാതാവും. കാരണം അയാള്‍ക്ക് സിനിമ നിര്‍മ്മിക്കുന്ന കാശുകൊണ്ട് വേണമെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാം. കലയോടും സിനിമയോടുമുള്ള സ്‌നേഹം കൊണ്ടു തന്നെയാണ് അവര്‍ കാശുമുടക്കുന്നത്. ഷെയ്‌ന്റെ പേരില്‍ ഒരു നിര്‍മ്മാതാവ് കാശ് മുടക്കുമ്പോള്‍, അത് ഷെയ്‌നോടുള്ള അയാളുടെ വിശ്വാസത്തിന്റെ കൂടി തെളിവാണ്.

സിനിമയില്‍ മാ്ത്രമല്ല, സൗഹൃദത്തിലായാലും മറ്റു ബന്ധങ്ങളിലായാലും മുന്നോട്ടുള്ള യാത്രയില്‍ പലപ്പോഴും പലരീതിയിലുള്ള ഏറ്റുമുട്ടലുകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ വ്യവസായത്തിന്റെ നിലനില്‍പ്പിനും ഷെയ്‌നിന്റെ കലയെ വിശ്വാസിച്ച് കാശുമുടക്കിയ നിര്‍മ്മാതാവിനോടുള്ള കൂറിനുമാണ് പ്രാമുഖ്യം നല്‍കേണ്ടത്. കാരണം പറഞ്ഞ കാശ് തന്ന ഒരാള്‍ക്ക്, അഭിനയിച്ചു കൊടുക്കാമെന്ന് ഏറ്റ ദിവസങ്ങള്‍ അതു ചെയ്തു കൊടുക്കാന്‍ തയ്യാറാകണം. നിര്‍മ്മാതാവിനോടും സംവിധായകനോടും അഭിപ്രായ വ്യത്യാസമുണ്ടായി നടന്മാരൊക്കെ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ മമ്മൂക്കയുടേയും ലാലേട്ടന്റെയുമെല്ലാം നൂറുകണക്കിന് സിനിമകള്‍ മുടങ്ങുമായിരുന്നു. അതുപോലെ എല്ലാ നടന്മാരുടേയും. കൂട്ടായ ഉത്തരവാദിത്തമാണല്ലോ സിനിമ. അഭിനയിച്ചു വരുമ്പോള്‍ ചിലപ്പോള്‍ സിനിമ ഇഷ്ടമല്ലാതാകുന്നുണ്ടാകാം... സംവിധായകനോടുള്ള ഇഷ്ടം പോകുന്നുണ്ടായിരിക്കാം... അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. മേലില്‍ അവരുടെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാതിരിക്കാം. അഭിനയിക്കാതിരിക്കാം. നിലവിലുള്ള സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തീകരണവും മുടക്കുകയല്ല മര്യാദ.

മുടിവെട്ടിയ ശേഷമുള്ള ഫോട്ടോ ശരതിനോടും ജോബിജോര്‍ജ്ജിനോടും മാത്രമുള്ള വെല്ലുവിളിയല്ല. മറിച്ച്, സിനിമാ രംഗത്ത് ഷെയ്‌നെ വിശ്വാസിച്ച് കാശുമുടക്കാനും സംവിധാനം ചെയ്യാനും വരുന്ന എല്ലാവരോടുമുള്ള വെല്ലുവിളിയാണ്. എത്രയോ ശക്തമായി ഇതെല്ലാം ചെയ്യാനാവുന്ന മഹാരഥന്മാര്‍ പോലും അതൊന്നും ചെയ്തിട്ടില്ല. ഇപ്പോഴും ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നതു പോലെ ഓരോ ഷോട്ടിലേയ്ക്കും വരുന്ന ലാലേട്ടന്റെ കൂടെ 138 ദിവസം ജോലി ചെയ്തയാളാണ് ഞാന്‍. ലാലേട്ടനൊക്കെ എന്തുവേണമെങ്കിലും കാണിക്കുകയോ തിരുത്തുകയോ ഒക്കെ ചെയ്യാമല്ലോ. അവരതൊന്നും ചെയ്യില്ല. സംവിധായകനെ വിശ്വസിച്ച് നിര്‍മ്മാതാവിന് ഡേറ്റ് നല്‍കിയാല്‍ ഏതുവിധേനയും പൂര്‍ത്തിയാക്കുന്നത് കടമയായി ഏറ്റെടുക്കുന്നവരാണ് അവരെല്ലാം. മമ്മൂക്കയും അങ്ങനെ തന്നെയാണ്.

ദൈവം കനിഞ്ഞ് അനുഗ്രഹിച്ച കഴിവുകളുള്ള നടനാണ് ഷെയ്ന്‍. നിന്റെ ഉള്ളില്‍ അഭിനയമുണ്ട്. ഇപ്പോള്‍ ചെയ്യുന്നത് തെറ്റാണ്. അത് തിരുത്തുക. ജോബിയോടും ശരതിനോടും ക്ഷമ പറയുക. അവരുടെ സിനിമകള്‍ പൂര്‍ത്തീകരിക്കുക.

ഷെയ്ന്‍,
നിനക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ കൂടെ നിന്നവര്‍ ലജ്ജിക്കാന്‍ ഇടവരുത്തരുത്.

click me!