ലീല സിനിമയാക്കേണ്ടിയിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഉണ്ണി ആർ

By Web Team  |  First Published Dec 2, 2023, 7:04 AM IST

കഥകൾ  സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 കോഴിക്കോട്: ലീല സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നെന്നും കഥ സിനിമയാക്കിയതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ഉണ്ണി. ആർ. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം ദിനത്തിൽ നടന്ന 'കഥകൾകൊണ്ട് മാത്രം' എന്ന സെഷനിലായിരുന്നു ഉണ്ണി ആർ മനസ്സുതുറന്നത്.

കഥകൾ  സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അത്  ഞാൻ എഴുതാൻ പാടില്ലായിരുന്നു. ലീല സിനിമയെന്ന നിലയ്ക്ക് ഞാൻ ഒട്ടും തൃപ്തനല്ല.ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്" ഉണ്ണി ആർ പറഞ്ഞു.

Latest Videos

രഞ്ജിത്ത് നിർമ്മിച്ചു സംവിധാനം ചെയ്ത് 2016 ല്‍ റിലീസ് ചെയ്ത സിനിമയാണ് ലീല. മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്‍റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയായാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്. ബിജു മേനോൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വിജയരാഘവൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, കരമന സുധീർ, പാർവതി നമ്പ്യാർ, ജഗദീഷ്, പ്രിയങ്ക എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.

തന്‍റെ  കഥകളിൽ സിനിമയായി വന്നത് പ്രതി പൂവൻ കോഴി,  ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയവായാണെന്നും ബാക്കിയുള്ള ബിഗ്ബിയും ചാർളിയുമെല്ലാം സിനിമകളായി എഴുതിയതാണെന്നും ഉണ്ണി ആർ പറഞ്ഞു.

"സ്വന്തം കഥകൾ സിനിമയാക്കാതിരിക്കുന്നതാണു  നല്ലതെന്ന് പിന്നീട് തിരിച്ചറിവുണ്ടായിട്ടുണ്ട്. കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നു പോകുമെന്നും തോന്നിയിട്ടുണ്ട്", ഉണ്ണി ആർ കൂട്ടിച്ചേർത്തു.

കടൽ മുഖ്യപ്രമേയമായി വരുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ രണ്ടാം ദിവസത്തിലെ പരിപാടിയിൽ ഉണ്ണി ആറിനെ കൂടാതെ കഥാകൃത്തുകളായ പി കെ പാറക്കടവ്, ഷാഹിന കെ റഫീഖ്, ഫ്രാൻസിസ് നെറോണ എന്നിവരും പങ്കെടുത്തു. ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മുനീർ അഗ്രഗാമി മോഡറേഷൻ നടത്തി.

click me!