ഇതിന് മുൻപ് ബാഹുബലി മാത്രം, ഇനി മാർക്കോയും ആ രാജ്യത്തേക്ക്; തെന്നിന്ത്യൻ സിനിമയ്ക്ക് അഭിമാനം

By Web Desk  |  First Published Jan 2, 2025, 1:36 PM IST

ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യൻ ചിത്രം കൊറിയയിൽ റിലീസ് ചെയ്യപ്പെടുന്നത്. 


റിലീസ് ദിനം മുതൽ സിനിമാ പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ സ്വപ്നനേട്ടത്തിൽ. ചിത്രം കൊറിയയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഇപ്പോൾ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വൻ ദൃശ്യവിസ്മയം തീർത്ത ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യൻ ചിത്രം കൊറിയയിൽ റിലീസ് ചെയ്യപ്പെടുന്നത്. 

ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻ നിർമ്മാണ കമ്പനിയായ നൂറി പിക്ചേഴ്സ് ആണ് മാർക്കോ കൊറിയയിൽ വിതരണത്തിന് എത്തിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരു ഇന്ത്യൻ സിനിമയ്ക്ക് കൊറിയയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിങ്ങും കൂടിയാണ് മാർക്കോയ്ക്ക് ലഭിക്കാൻ പോകുന്നത്. ഏപ്രിലിൽ ആകും ചിത്രത്തിന്റെ കൊറിയൻ റിലീസ്. 100 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാർക്കോയുടെ ഈ നേട്ടത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ​ഗോപാൽ വർമയും രം​ഗത്തെത്തിയിട്ടുണ്ട്. 

Latest Videos

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ആയിരുന്നു മാര്‍ക്കോ റിലീസ് ചെയ്തത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന ലേബലില്‍ ആയിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പ്രമോഷന്‍ മെറ്റീരിയലുകളും ഇക്കാര്യം ഊട്ടി ഉറപ്പിച്ചിരുന്നു. ഒടുവില്‍ തിയറ്ററില്‍ എത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സും സിനിമയുമായി മാര്‍ക്കോ മാറുകയായിരുന്നു. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്‌സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ജഗദീഷ്, അഭിമന്യു എസ് തിലകൻ, കബീർ ദുഹാൻ സിംഗ്, ആൻസൺ പോൾ,യുക്തി തരേജ, സിദ്ദീഖ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു. 

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ, സം​ഗീതം സുഷിൻ ശ്യാം; പ്രതീക്ഷയേറ്റി പ്രഖ്യാപനം

1993 ൽ സ്ഥാപിതമായ നൂറി പിക്ചേഴ്സ് ദക്ഷിണ കൊറിയൻ ചലച്ചിത്ര വിതരണത്തിലെ ഒരു പ്രമുഖ ശക്തിയാണ്. കൊറിയൻ പ്രേക്ഷകർക്ക് ആകർഷകമായ അന്താരാഷ്ട്ര, ഹോളിവുഡ് ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും ഇവർ മുന്നിലുണ്ട്. വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ സിനിമകളോടുള്ള കമ്പനിയുടെ സമർപ്പണം ഏഷ്യൻ ചലച്ചിത്ര വ്യവസായത്തിലെ ഒരു വിശ്വസനീയമായ പേരായി നൂറി പിക്ചേഴിസിനെ മാറ്റിയെടുത്തു. 

"ഞങ്ങളുടെ ആദ്യ ഇന്ത്യൻ പങ്കാളിത്തമായി 'മാർക്കോ' യെ കൊറിയൻ സിനിമാലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ലോകോത്തരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന മാർക്കോയിലെ ആക്ഷൻ രംഗങ്ങൾ ഞങ്ങളെ 
വല്ലാതെ ആകർഷിച്ചു. ഈ ചിത്രത്തിന് അന്താരാഷ്ട്ര വേദിയിൽ ഒരു ഗെയിം ചെയ്ഞ്ചർ ആകാനുള്ള കഴിവുണ്ട്. ലോക സിനിമയിലെ ഈ ധീരമായ പുതിയ ശബ്‍ദം കൊറിയൻ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ ചിത്രം കൊറിയൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ", എന്നാണ്  നൂറി പിക്ചേഴ്സ് സ്ഥാപകനും സിഇഒയുമായ യോങ്ഹോ ലീ  പറഞ്ഞത്. 

അതേസമയം, ആഗോള ബോക്സ് ഓഫീസില്‍ മാര്‍ക്കോ എഴുപത്തി അഞ്ച് കോടിയിലേറെ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളത്തിനൊപ്പം ഹിന്ദിയിലും റിലീസ് ചെയ്ത ചിത്രം വന്‍ പ്രകടനമാണ് നോര്‍ത്ത് ഇന്ത്യയിലും കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം തെലുങ്ക് പതിപ്പ് റിലീസ് ചെയ്തിരുന്നു. ജനുവരി 3(നാളെ)ന് മാര്‍ക്കോയുടെ തമിഴ് പതിപ്പും തിയറ്ററുകളില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!