Udal Movie Review : മനുഷ്യ മനസ്സിലേക്ക് ഒളിഞ്ഞുനോക്കുന്ന ആധുനിക സിനിമ; ഉടല്‍ റിവ്യൂ

By K V Madhu  |  First Published May 24, 2022, 11:30 AM IST

കോടിക്കണക്കിന് സംഘര്‍ഷങ്ങള്‍ കഴിഞ്ഞ് ചോരചിന്തിയ യുദ്ധങ്ങള്‍ കടന്ന് കടന്നാണ്, മനുഷ്യമനസ്സ് ഇന്നത്തെ മനസ്സായത്. പ്രാകൃതചോദനകളുടെ അടിമച്ചങ്ങലയില്‍ നിന്ന് ഉയര്‍ന്ന് ഓരോഘട്ടത്തിലും കഴുകിയുണക്കിയുണര്‍ത്തിയ മനസ്സായത്. എത്ര മനുഷ്യന്‍ ആക്രമിച്ചും വെട്ടിപ്പിടിച്ചും കാമാര്‍ത്തിയില്‍ ആര്‍ത്തലച്ചും സ്‌നേഹിച്ചും കടന്നുപോയി. ഉടല്‍ എന്ന ചിത്രവും അതാണ് ഓര്‍മിപ്പിക്കുക


ഒരു മനുഷ്യനും ആധുനിക മനുഷ്യനല്ല. നിരന്തരം അടിച്ചമര്‍ത്തപ്പെട്ട കാമനകളുടെ ഒരുടല്‍ അവന്‍ ഒളിപ്പിച്ചുവയ്ക്കുന്നു. പരിഷ്‌കരിക്കപ്പെട്ട ഉടലായി അവതരിക്കുമ്പോഴും ആധുനികമനുഷ്യനായി ജീവിക്കുമ്പോഴും ഏത് നിമിഷവും തടവ് ചാടാനൊരുങ്ങി നില്‍ക്കുന്ന ഒരുജൈവചോദനയുടെ ഉടല്‍ അവനിലമര്‍ന്ന് കിടക്കുന്നു. ആ ഉടല്‍ കുറ്റകൃത്യത്തിന്‍റെയും കാമചോദനകളുടെയും ആക്രമണാത്മകതയുടെയും ഒക്കെ ഉടലാണ്. ഒരര്‍ത്ഥത്തില്‍, കാണപ്പെടുന്ന മനുഷ്യന്‍ തന്നെയാണ് ഉടല്‍. അതുമല്ലെങ്കില്‍ കാണപ്പെടുന്ന ഉടലാണ് മനുഷ്യന്‍. ഉടലിന്‍റെ ചോദനകളെ നിയന്ത്രിത വലയത്തില്‍ നിര്‍ത്തി ആധുനികനാകുമ്പോഴും എപ്പോഴും ഉണരാവുന്ന പ്രാകൃതമനുഷ്യന്‍ അവനിലൊളിച്ചിരിക്കുന്നു. പുറത്തുചാടപ്പെടുന്ന ഉടലിന്‍റെ പ്രാകൃതചോദനയ്ക്ക് മേല്‍ മറ്റൊരുടല്‍ യുദ്ധം പ്രഖ്യാപിക്കും. അത് ഒരുപക്ഷേ അവനിലെ പരിഷ്‌കൃതചോദനകളുടെ അപരമുഖം തന്നെയാകും. അതുമല്ലെങ്കില്‍ ഒരു അപരത്വമുള്ള മറ്റൊരു ഉടലുമാകാം. എന്തായാലും മനുഷ്യന്‍റെ ഉടലിലെ പ്രാകൃത- ആധുനികതകളുടെ സംഘര്‍ഷങ്ങളാവിഷ്‌കരിക്കുന്ന മികച്ച സൃഷ്ടിയാണ് രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടല്‍ (Udal) എന്ന ചിത്രം. മനുഷ്യമനസ്സിന്‍റെയും വേലിയേറിയിറങ്ങുന്ന വൈകാരികതകളുടെയും ആഴങ്ങളിലേക്ക് ഉടലുകള്‍ വഴി ഈ ചിത്രം പറന്നിറങ്ങുന്നു.

ഏകാന്ത ഉടല്‍

Latest Videos

undefined

നാമെല്ലാം ഏകാന്തതയുടെ ഒരുടലാണ്. തൊട്ടടുത്ത് മറ്റൊരുടലുണ്ടെങ്കില്‍ പോലും ഏകാന്തതയുടെ ഒരുവലയം ഓരോരുത്തര്‍ക്കുമിടയിലുണ്ട്. ആ വലയത്തിനുള്ളില്‍ അവന്‍ സ്വയം യുദ്ധം പ്രഖ്യാപിക്കുകയും അവന്‍റെ ആന്തരിക ദ്വന്ത്വങ്ങള്‍ ഏറ്റുമുട്ടുകയും സംഘര്‍ഷത്തിലകപ്പെടുകയും ചെയ്യുന്നതാണ് മനുഷ്യജീവിതം. ഏതാണോ ജീവിക്കപ്പെടുന്നത് അതാണ് ജീവിതം എന്നുണ്ടല്ലോ. ഉടലില്‍ മനുഷ്യമനസ്സ് ഒരു വീടാണ്. ഏകാന്തതയുടെ ഒരു ദ്വീപ്. സിനിമയുടെ ആരംഭത്തിലേ ആ വീട്ടിന്‍റെ ഭീകരമായ ഏകാന്തതയിലേക്ക് നമ്മെ സംവിധായകന്‍ കൂട്ടിക്കൊണ്ടുപോകും. അതിനകത്തേക്ക് നാം ഒളിച്ചുനോക്കും. ആ മനസ്സിനകത്ത്, അല്ല വീടിനകത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ പിന്നെ നമ്മുടെ തന്നെ സംഘര്‍ഷങ്ങളാകുകയാണ്. പ്രായത്തിന്‍റെ അസ്വസ്ഥതകളില്‍ വലഞ്ഞ് സംസാരശേഷി പോലും നഷ്ടപ്പെട്ട് ശരീരം തളര്‍ന്ന  'കൊച്ചും' 'കൊച്ചി'നെ സ്‌നേഹാര്‍ദ്രദയില്‍ പൊതിയുന്ന ഭര്‍ത്താവ് കുട്ടിച്ചനും. കുട്ടിച്ചന്‍റെയും ഭാര്യയുടെയും ഏകാന്തതകള്‍ അവര്‍ പരസ്പരസാന്നിധ്യത്തിലൂടെയാണ് പരിഹരിക്കുന്നത്. വീട്ടില്‍ അമ്മയുടെ വിസര്‍ജ്യവും തൊലിയടരുന്ന ശരീരവും വൃത്തിയാക്കാന്‍ കുട്ടിയച്ചന് സഹായമെന്നോണം മകന്‍റെ ഭാര്യ ഷൈനി, പിന്നെ ചെറുമകന്‍. ഈ ഭാരമൊന്നും താങ്ങാന്‍ നില്‍ക്കാതെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ ഭാര്യയോട് എല്ലാം താങ്ങിക്കോളാന്‍ നിര്‍ദേശിച്ച് വീട് വിട്ട് പുറത്തുപോയി 'മാന്യ'നായി ജീവിക്കുന്ന മകന്‍.  ഏത് കാലത്തെയും അടയാളങ്ങളായി അവശേഷിക്കുന്ന ജീവതങ്ങള്‍. ഈ ഉടലുകളുടെ വീടാണ് നമ്മള്‍ ആദ്യം കണ്ടത്.

 

ലൈംഗികതയുടെ ഉടല്‍

സ്വന്തം ഉടല്‍ ഈ വിസര്‍ജ്യങ്ങളുടെ ദുര്‍ഗന്ധത്തിനകത്ത് തളച്ചിടപ്പെട്ടതിന്‍റെ നിരാശയും രോഷവും ഉള്ളിലൊതുക്കി നഷ്ടബോധത്തിന്‍റെ തീവ്രതയില്‍ സ്വയം ക്രൗര്യമായി തീരാവുന്ന ഒരാളാണ് ഷൈനി. ഷൈനിയുടെ ഉടലില്‍ കത്തിജ്ജ്വലിക്കുന്ന കാമത്തിന്‍റെ മുള്‍പ്പടര്‍പ്പുകള്‍. അതിലേക്ക് പറന്നിറങ്ങിയ കിരണിന്‍റെ ജാരത്വം. കാമചോദനകളുടെ തുടര്‍ച്ചയില്‍ ഏത് കുറ്റകൃത്യത്തിലേക്കും കടന്നുചെല്ലാന്‍ കെല്‍പ് നേടുന്ന മനുഷ്യന്‍. ഏകാന്തതചോദനകളും ദുര്‍ഗന്ധപൂരിതമായ പരിസരപ്രേരണകളും ദുരിതക്കൂടില്‍ നിന്ന് രക്ഷപ്പെട്ടോടിയൊളിക്കുന്ന ഭര്‍ത്താവിനോടുള്ള രോഷവും എല്ലാം കിച്ചനുമായുള്ള സംഗമത്തില്‍ ഷൈനിയെ കൊണ്ടെത്തിക്കുന്നു. ആ ലൈംഗികത, ഒരാശ്വാസവും രോഷപ്രകടനവും അക്രാമകമായ ആവേശവുമെല്ലാമായി തീരുന്നു. കാമാവേഗത്തില്‍ നിന്നുരുവമെടുത്ത രക്ഷാബുദ്ധികള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള കുറ്റകൃത്യയാത്രയായി മാറി.

അക്രാമകമായ ഉടല്‍

ദുര്‍ഗന്ധലോകത്തില്‍ നിന്ന് രക്ഷതേടിയുള്ള ഷൈനിയുടെ അക്രാമകമായ പ്രവൃത്തിയുടെ ഉപകരണമാകുകയായിരുന്നു കിരണ്‍. താല്‍ക്കാലിക കാമപൂരണത്തിന്‍റെ ആവേശത്തില്‍ കിരണിന്‍റെ ഉള്ളിലെ കുറ്റവാളിയും ഉണര്‍ന്നപ്പോള്‍ ഐക്യപ്പെട്ട മനസ്സുകളുടെ ആവേഗം പ്രത്യക്ഷമായി. അന്തിമമായി ഒന്നുമില്ലെന്ന് പറഞ്ഞതുപോലെ പ്രതികാരത്തിന്‍റെ അഗ്നിയായി കുട്ടിച്ചന്‍ ഉണര്‍ന്നെണീക്കുമ്പോള്‍ ആക്രമാസക്ത ചോദനകള്‍ യുദ്ധത്തിനിറങ്ങുന്നു. സംഘര്‍ഷാനന്തരം വിജയവും തോല്‍വിയും അനിവാര്യമാണല്ലോ. ഫ്രോയിഡാണ് പറഞ്ഞത് നമ്മുടെ ജൈവിക ചോദനകളെ, ഇദിനെ, ഈഗോ നിയന്ത്രിക്കുന്നു എന്ന്. ആധുനിക മനശ്ശാസ്ത്രജ്ഞര്‍ പിന്നെയും കടന്ന്‌പോയെങ്കിലും മനസ്സിനുള്ളിലെ സംഘര്‍ഷാനന്തരം ഒരു ഈഗോ ജയിക്കുന്നു എന്നത് ശാസ്ത്രസത്യമാണ്. അല്ലെങ്കില്‍ ഒരു ജൈവ ചോദന കൊടി നാട്ടും. അതുമല്ലെങ്കില്‍ സംഘര്‍ഷത്തിനിടെ എത്തപ്പെട്ട കലുഷിതമായ വൈകാരിക മണ്ഡലത്തില്‍ ആടിക്കളിക്കുന്ന ഒരു ഊഞ്ഞാലായി, തളര്‍ന്നും എണീറ്റും വീണും തുടരുന്ന കടങ്കഥയായി മനസ്സ് അവശേഷിക്കും. അവിടെ ആധുനിക മനുഷ്യന്‍റെ ഭാഷയില്‍ നന്മതിന്മകളുടെ പോരാട്ടം കനക്കും.

 

അതിജീവനത്വരയുടെ ഉടല്‍

ഒരു വീഴ്ചയില്‍ നിന്ന് രക്ഷതേടിയാണ് അടുത്ത പടി ചവിട്ടുന്നത്. ഷൈനിയും കിരണും ആദ്യം ആക്രമിക്കാനുള്ള പടയാളികളായി സ്വയം അവതരിക്കുന്നു. എന്നാല്‍ കുട്ടിച്ചന്‍റെ നഷ്ടനിമിഷത്തിന്‍റെ, ഒറ്റപ്പെട്ടു എന്ന തിരിച്ചറിവിന്‍റെ സന്നിഗ്ദ്ധതയില്‍ നിന്നുടലെടുത്ത കരുത്തിന്‍റെ ഉടല്‍ പ്രായത്തെ അതിജീവിച്ച് തിരിച്ചടിക്കൊരുങ്ങുകയാണ്. ആക്രമിക്കാന്‍ തുനിഞ്ഞവര്‍, തങ്ങളാണ് ആക്രമിക്കപ്പെടുന്നത് എന്ന് തിരിച്ചറിയുന്നു. മരണത്തെ സംഭാവന ചെയ്തവര്‍ മരണഭയത്തിന് കീഴ്‌പ്പെടുന്നു. എന്നാലും അതിജീവനത്തിന്‍റെ അനിവാര്യതയില്‍ അവര്‍ ശ്രമം തുടരുകയും ചെയ്യുന്നു. അവിടെ ഓരോ പടിയും കുറ്റകൃത്യത്തിന്‍റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. അപ്പോഴും കുട്ടിച്ചന്‍റെ അതിജീവനം ജയിക്കാനായി ജനിച്ചവന്‍റെ പതിഞ്ഞ ഗാനം പാടുകയായിരുന്നു.

വിശുദ്ധ മുഖംമൂടിയുടെ ഉടല്‍

എല്ലാദുര്‍ഗന്ധത്തിന്‍റെയും ഉപഭോക്താക്കള്‍ ഇസ്തിരി ചുളിയാത്ത ഷര്‍ട്ടുമിട്ട് നന്മവര്‍ത്തമാനങ്ങള്‍ നിറച്ച് നടക്കുന്ന വിശുദ്ധിയുടെ മുഖംമൂടിയണിഞ്ഞ ഉടലുകളായിരിക്കും. അവര്‍ സകല സംഘര്‍ഷങ്ങളുടെയും ഫലം തിന്നാനെത്തും. അങ്ങനെ ഒടുവില്‍ കുട്ടിയച്ചന്‍റെ മകന്‍ എത്തുകയാണ്. അപ്പോഴേക്കും നന്മതിന്മകളുടെ സംഘട്ടനം അവസാനിച്ചിരുന്നു. മനസ്സ് ശാന്തമായിരുന്നു. വീട് നിശ്ശബ്ദമായിരുന്നു. പിന്നെ നാം ആ വീടിന്, പുറത്തുകടക്കുകയാണ്.

 

തിരിച്ചറിവിന്‍റെ ആസ്വാദക ഉടല്‍

ചിലപ്പോള്‍ സ്‌നേഹാര്‍ദ്രം, തൊട്ടടുത്ത നിമിഷം കാമാര്‍ദ്രം, അതുംകഴിഞ്ഞ് ആക്രാമകം... മനുഷ്യമനസ്സ് ഇങ്ങനെ ഏതെല്ലാം തലത്തിലൂടെയാണ് കടന്നുപോകുന്നത്. ഉടല്‍ ആണെങ്കില്‍ ആകെയൊരു ഉടലാണ്. ഉടലുകള്‍ പലതാണെന്ന് തോന്നിപ്പിക്കുന്ന മാന്ത്രികതയാണ് മനസ്സ്. ഒരിക്കല്‍ ചിരിക്കുന്നയാള്‍ അടുത്ത നിമിഷം കരയും, സ്‌നേഹിക്കും, പിന്നെ കൊല്ലും, ഒടുവില്‍ പശ്ചാത്തപിക്കും. ശാന്തമാകും. കോടിക്കണക്കിന് സംഘര്‍ഷങ്ങള്‍ കഴിഞ്ഞ് ചോരചിന്തിയ യുദ്ധങ്ങള്‍ കടന്ന് കടന്നാണ്, മനുഷ്യമനസ്സ് ഇന്നത്തെ മനസ്സായത്. പ്രാകൃതചോദനകളുടെ അടിമച്ചങ്ങലയില്‍ നിന്ന് ഉയര്‍ന്ന് ഓരോഘട്ടത്തിലും കഴുകിയുണക്കിയുണര്‍ത്തിയ മനസ്സായത്. എത്ര മനുഷ്യന്‍ ആക്രമിച്ചും വെട്ടിപ്പിടിച്ചും കാമാര്‍ത്തിയില്‍ ആര്‍ത്തലച്ചും സ്‌നേഹിച്ചും കടന്നുപോയി. ഉടല്‍ എന്ന ചിത്രവും അതാണ് ഓര്‍മിപ്പിക്കുക. ഒരുമനസ്സിന്‍റെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഒളിഞ്ഞുനോട്ടക്കാരന്‍റെ ക്ഷീണത്തിലായിരിക്കും ആസ്വാദകന്‍. ആ വീടിന് പുറത്തുകടന്നാല്‍ ഉടല്‍ പലതല്ല ഒരുടലാണെന്ന് നാം തിരിച്ചറിയും. ഇന്ദ്രന്‍സിന്‍റെ അപാര പ്രകടനവും ദുര്‍ഗയുടെ ഞെട്ടിച്ച അഭിനയശേഷിയും നമ്മെ അന്തിപ്പിക്കും. രതീഷ് രഘുനന്ദന്‍ എന്ന പുതുമുഖസംവിധായകന്‍റെ ക്രാഫ്റ്റ് അതിശയിപ്പിക്കും. ഉടല്‍ മനുഷ്യമനസ്സിലേക്ക് ഒളിഞ്ഞുനോക്കി രൂപപ്പെടുത്തിയ ഒരു ആധുനിക സിനിമയാണെന്ന് നാം തിരിച്ചറിയും.

click me!