റീ റിലീസ് ചെയ്ത് വൻ വിജയം നേടിയ തുമ്പാടിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് റാഹി അനിൽ ബാർവെ ആയിരിക്കില്ല.
മുംബൈ: റാഹി അനിൽ ബാർവെ സംവിധാനം ചെയ്ത് ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് തുമ്പാട്. ഇപ്പോള്‍ റീരിലീസ് ചെയ്ത ചിത്രം വന്‍ വിജയമാണ് തീയറ്ററില്‍ നേടുന്നത്. പുത്തൻ റിലീസുകള്‍ എത്തിയപ്പോഴും തുമ്പാടിന്റെ കളക്ഷനില്‍ ഇടിവുണ്ടാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആദ്യം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 15 കോടിയാണ് ആകെ നേടിയത്. ചിത്രം രണ്ടാമത് എത്തിയപ്പോള്‍ 18.98 കോടി രൂപ ആഗോളതലത്തില്‍ ആകെ ഒമ്പത് ദിവസത്തിനുള്ളില്‍ നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
തുമ്പാഡ് 2018നാണ് ആദ്യം റിലീസ് ചെയ്‍തത്. തുമ്പാഡിന്റെ ബജറ്റ് കേവലം അഞ്ച് കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ വൻ പ്രേക്ഷക പ്രീതി ചിത്രത്തിന് നേടാനായി. രാഹി അനില്‍ ബാര്‍വെയുടെ സംവിധാനത്തിലുള്ള ചിത്രം മഹാരാഷ്ട്രയിലെ തുമ്പാഡെന്ന ഗ്രാമത്തിലാണ് ചിത്രീകരിച്ചത്. വിഷ്വല്‍ എഫക്റ്റ്സിനെ അധികമായി ആശ്രയിച്ചിട്ടുമില്ല. മഴയടക്കം തുമ്പാഡില്‍ യഥാര്‍ഥമായാണ് ചിത്രീകരിച്ചത്. അതിനായി നാല് മണ്‍സൂണ്‍ കാലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.
ചിത്രത്തിന്‍റെ റീ റിലീസ് വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. റീ റിലീസ് പടത്തിന്‍റെ അവസാന ക്രെഡിറ്റിലാണ് ചിത്രത്തിന് ഒരു തുടര്‍ഭാഗം വരുന്നുവെന്ന് നിർമ്മാതാക്കൾ അറിയിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ ഒന്നാം ഭാഗം സംവിധാനം ചെയ്ത റാഹി അനിൽ ബാർവെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഒപ്പം രണ്ടാം ഭാഗത്തിന്‍റെ നിർമ്മാതാവും നടനുമായ സോഹം ഷായ്ക്കും സഹസംവിധായകനായ ആദേശ് പ്രസാദിനും ആശംസകൾ നേരുകയും ചെയ്തു ഇദ്ദേഹം.
ശനിയാഴ്ച രാഹി തന്‍റെ സോഷ്യൽ മീഡിയ ഹാൻഡില്‍ വഴി ഔദ്യോഗികമായി തുമ്പാട് 2 ചെയ്യാനില്ലെന്ന് അറിയിച്ചു “പതിറ്റാണ്ടുകളായി,ഒരു ഭ്രാന്തൻ ട്രൈലോജിയുടെ പിന്നാലെയായിരുന്നു ഞാന്‍. ആദ്യം പുരുഷാധിപത്യത്തിന്‍റെയും അത്യാഗ്രഹത്തിന്‍റെതുമായിരുന്നു. അതാണ് തുംബാട്. രണ്ടാമത്തേത് സ്ത്രീത്വകത്തിന്‍റെ ഉദയവും പഹദ്പംഗിര എന്നാണ് അതിന്‍റെ പേര്. മൂന്നാമതായി, ഈ ത്രയത്തിലെ അവസാനത്തെ പടം പക്ഷിതീർത്ഥ. ഇതായിരുന്നു ആ ആശയം, ഇത്രയെ അതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റൂ"
“തുംബാട് 2 സോഹുവിനും ആദേശിനും എല്ലാ ആശംസകളും നേരുന്നു. അത് മികച്ച വിജയമാകുമെന്നതിൽ എനിക്ക് സംശയമില്ല. ഈ വർഷാവസാനത്തോടെ ഗുൽക്കണ്ട ടെയില്‍സിം രക്തബ്രഹ്മണ്ഡും പൂർത്തിയാക്കിയ ശേഷം, 2025 മാർച്ചിൽ പഹദ്പംഗിരയുടെ നിർമ്മാണം ആരംഭിക്കാൻ ഞാൻ പദ്ധതിയിടുന്നു, ” റാഹി അനിൽ ബാർവെ കൂട്ടിച്ചേർത്തു.