ചിത്രീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ഈ ചിത്രം
അജിത്ത് കുമാറിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. തൃഷയാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവേളയില്‍ എടുത്ത ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് തൃഷ. അജിത്ത് കുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ജയും ചിത്രങ്ങളില്‍ തൃഷയ്ക്കൊപ്പം ഉണ്ട്.
അതേസമയം ചിത്രീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് വിടാമുയര്‍ച്ചി. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ചിത്രീകരണം വൈകിയതിനാല്‍ അത് സാധിക്കുമോ എന്ന് ആരാധകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അജിത്ത് കുമാറിന്‍റെ മാനേജര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ഈ വര്‍ഷത്തെ ദീപാവലി റിലീസ് ആയി എത്തുമെന്ന് അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
undefined
തടം, കലഗ തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി. ചിത്രത്തില്‍ റെഗിന കസാന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയ്ക്കുമാണ്. എച്ച് വിനോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തുനിവ് ആയിരുന്നു അജിത്ത് കുമാറിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. വലിയ ഹൈപ്പോടെയെത്തിയ ചിത്രം അതിനൊത്ത ആദ്യ പ്രതികരണങ്ങള്‍ നേടിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
ALSO READ : ത്രില്ലടിപ്പിക്കാന്‍ ഷാജി കൈലാസിന്‍റെ 'ഹണ്ട്'; സ്‍നീക്ക് പീക്ക് എത്തി