'പാൻ വേൾഡ്' ആവാൻ 'ടോക്സിക്'; വിദേശ റിലീസിന് ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോയുമായി ചര്‍ച്ച

By Web Desk  |  First Published Jan 1, 2025, 6:15 PM IST

യഷും കെവിഎന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്


ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ടോക്സിക്. കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ ആക്കിയ കെജിഎഫ് ഫ്രാഞ്ചൈസിയിലെ നായകന്‍ യഷ് അഭിനയിക്കുന്ന അടുത്ത ചിത്രം എന്നതാണ് അതിന് കാരണം. ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം എന്നത് മലയാളികളെ സംബന്ധിച്ച് ഈ പ്രോജക്റ്റിന്മേല്‍ താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കുന്ന ഘടകമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ടോക്സിക്കിന്‍റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ വിദേശ റിലീസിന് വേണ്ടി നിര്‍മ്മാതാക്കള്‍ ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ട്വന്‍റിയത് സെഞ്ചുറി സ്റ്റുഡിയോയുമായി ചര്‍ച്ചകള്‍ നടത്തുകയാണ് എന്നതാണ് അത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഷും കെവിഎന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ അന്തര്‍ദേശീയ വിതരണക്കാരെ കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ചര്‍ച്ചയുടെ മുന്‍നിരയിലുള്ളത് ട്വന്‍റിയത് സെഞ്ചുറി സ്റ്റുഡിയോസ് ആണെന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആദ്യ ഘട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും.

Latest Videos

ചിത്രത്തിന്‍റെ അവതരണവും ദൃശ്യങ്ങളുമൊക്കെ അന്തര്‍ദേശീയ നിലവാരത്തില്‍ ഉള്ളതാണെന്നാണ് യഷ് വിശ്വസിക്കുന്നതെന്നും അതിനാലാണ് വിദേശ റിലീസിനെ പ്രാധാന്യത്തോടെ സമീപിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ഇന്ത്യന്‍ സ്ക്രീനുകളില്‍ എത്തേണ്ട പ്രധാന ചിത്രങ്ങളിലൊന്നാണ് ടോക്സിക്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്രിസ്മസ് റിലീസ് ആയാവും ചിത്രം എത്തുക. സിനിമയുടെ ചിത്രീകരണം നിലവില്‍ അവസാന ഘട്ടത്തില്‍ ആണ്. കെജിഎഫ് 2 കഴിഞ്ഞ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ഇപ്പുറമാണ് ഒരു യഷ് ചിത്രം എത്തുന്നത്. 

ALSO READ : സംഗീതം നവനീത്; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!