2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നോമിനേഷന്‍
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കരിയറില്‍ ടൊവിനോ തോമസിനോളം വളര്‍ച്ച നേടിയിട്ടുള്ള അഭിനേതാക്കള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്. ശ്രദ്ധേയ ചിത്രങ്ങളിലെ ചെറുവേഷങ്ങളിലൂടെ ആദ്യം പ്രേക്ഷകശ്രദ്ധ നേടിയ ടൊവിനോ ഇന്ന് ഭാഷാതീതമായും ശ്രദ്ധ നേടിയ താരമാണ്. മിന്നല്‍ മുരളി പോലുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ സ്വീകാര്യതയാണ് അദ്ദേഹം നേടിയത്. ഇപ്പോഴിതാ ഏതൊരു നടനും കൊതിക്കുന്ന ഒരു പുരസ്കാരത്തിനായുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് അദ്ദേഹം.
നെതര്‍ലാന്‍ഡ്‍സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വര്‍ഷാവര്‍ഷം നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളായ സെപ്റ്റിമിയസ് അവാര്‍ഡ്സിലാണ് ടൊവിനോ നോമിനേഷന്‍ നേടിയിരിക്കുന്നത്. മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്കാരമാണിത്. മികച്ച ഏഷ്യന്‍ നടന്‍ പുരസ്കാരത്തിനായുള്ള നോമിനേഷനിലാണ് ടൊവിനോ ഇടംപിടിച്ചിരിക്കുന്നത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയ്ക്ക് നോമിനേഷന്‍ നേടിക്കൊടുത്തത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരിക്കുന്നത്. യുട്യൂബര്‍ കൂടിയായ ഭുവന്‍ ബാം ആണ് അത്. ഇറാഖി നടന്‍ വസിം ദിയ, സിംഗപ്പൂരില്‍ നിന്നുള്ള മാര്‍ക് ലീ, ഇറാനിയന്‍ നടന്‍ മൊഹ്സെന്‍ തനബന്ദേ, ഇന്തോനേഷ്യന്‍ നടന്‍ റിയോ ദേവാന്തോ, സൌദി നടന്‍ അസീസ് ബുഹൈസ്, യെമെനി നടന്‍ ഖാലിദ് ഹംദാന്‍ എന്നിവരാണ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടിയിരിക്കുന്ന മറ്റുള്ളവര്‍. സെപ്റ്റംബര്‍ 26- 26 ദിവസങ്ങളിലാണ് പുരസ്കാരനിശ. അതേസമയം ബോക്സ് ഓഫീസിലും വലിയ വിജയം നേടിയ ചിത്രമായിരുന്നു 2018. മുന്‍ സൈനികനായ അനൂപ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്.
ALSO READ : 40 ഹൗസ്‍ഫുള്‍ ഷോകള്‍! 'ജയിലര്‍' നേടിയ കളക്ഷന്‍ പുറത്തുവിട്ട് തൃശൂര്‍ രാഗം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക