മലയാളത്തില്‍ അടക്കം നിരവധി സിനിമകള്‍ റീ റിലീസ് ചെയ്ത വര്‍ഷം കൂടിയാണ് 2024.
2024 അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ വർഷം സിനിമാ ഇന്റസ്ട്രികളെ സംബന്ധിച്ച് പുതിയൊരു ട്രെന്റ് വന്ന വർഷം കൂടിയാണ്. റീ റിലീസ്. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ സിനിമകളാണ് ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തിച്ചത്. റിലീസ് വേളയിൽ വിജയിക്കാത്ത ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകളാണ് ഇവ എന്നത് ഏറെ ശ്രദ്ധേയമാണ്. പുത്തൻ സാങ്കേതിക മികവിൽ ഫോർകെ ഡോൾബി അറ്റ്മോസിലാണ് പടങ്ങള്‍ പുറത്തിറക്കിയത്. അതുകൊണ്ട് തന്നെ ആ സിനിമകൾ തിയറ്ററിൽ കണ്ടവർക്കും കാണാത്തവർക്കും പുത്തൻ ദൃശ്യവിസ്മയം തന്നെ സിനിമകൾ സമ്മാനിച്ചു. മലയാളത്തിൽ അടക്കം നിരവധി സിനിമകൾ റീ റിലീസ് ചെയ്തു കഴിഞ്ഞു. പുത്തൻ വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ വീണ്ടും തിയറ്ററിൽ എത്തി വിജയപരാജയങ്ങൾ നേടിയ ഏതാനും സിനിമകളെ പരിചയപ്പെടാം.
രണ്ടാം വരവിൽ ഞെട്ടിച്ച വിശാൽ കൃഷ്ണമൂർത്തി
undefined
2000ത്തിൽ റിലീസ് ചെയ്ത് പരാജയം നേരിട്ട സിനിമയായിരുന്നു ദേവദൂതന്‍. സിബി മലയിലിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന്റെ ആഗോള റീ റിലീസ് കളക്ഷൻ 5.4 കോടിയാണ്. റിപ്പോർട്ടുകൾ പ്രകാരം മലയാളം റീ റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ദേവദൂതൻ തന്നെ.
തെക്കിനി വീണ്ടും തുറന്നപ്പോൾ..
മണിച്ചിത്രത്താഴാണ് റീ റിലീസിനായി ഓരോ മലയാളികളും കാത്തിരുന്നൊരു ചിത്രം. ടെലിവിഷനിൽ പലയാവർത്തി കണ്ട സിനിമയാണെങ്കിലും മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റായ ചിത്രം തീയറ്ററിൽ എത്തിയപ്പോൾ കാണാൻ കാഴ്ച്ചക്കാർ ഏറെ. ഫാസിന്റെ സംവിധാനത്തിൽ മുപ്പത് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഈ ചിത്രം 4.4 കോടിക്ക് മുകളിലാണ് നേടിയിരിക്കുന്നത്.
മമ്മൂട്ടിയുടെ പാലേരിമാണിക്യം
മമ്മൂട്ടിയുടേതായി ആദ്യം റീ റിലീസിന് എത്തിയ ചിത്രമാണ് പാലേരിമാണിക്യം. 2009ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. വലിയ ആവേശത്തോടെയാണ് ഫോർ കെയിൽ പാലേരിമാണിക്യം റിലീസ് ചെയ്തതെങ്കിലും ആദ്യദിനം മുതൽ തന്നെ വളരെ തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. ഇതുവരെ റി- റിലീസ് ചെയ്ത സിനിമകളിൽ നിന്നും ഏറ്റവും കുറഞ്ഞ പ്രതികരണവും ബുക്കിങ്ങും ലഭിച്ച ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ നാലിന് ആയിരുന്നു ചിത്രം തിയറ്ററിൽ വീണ്ടും എത്തിയത്. നാല് ദിവസത്തിൽ ഒരു ലക്ഷത്തിന് താഴെ കളക്ഷൻ മാത്രമായിരുന്നു പാലേരിമാണിക്യത്തിന് നേടാനായിരുന്നത്.
വല്ല്യേട്ടന്‍റെ രണ്ടാം വരവ്
ഇരുപത്തി നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററിൽ എത്തിയ മമ്മൂട്ടി ചിത്രമാണ് വല്ല്യേട്ടൻ. നവംബർ 29ന് ആയിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത വല്ല്യേട്ടന്റെ റീ റിലീസ്. പുത്തൻ സാങ്കേതിക മികവിൽ എത്തിയ ചിത്രം കാണാൻ നിരവധി പേർ തിയറ്ററുകളിൽ എത്തിയിരുന്നുവെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. റിപ്പോർട്ടുകൾ പ്രകാരം ആദ്യദിനം ഏകദേശം 24 ലക്ഷം രൂപയാണ് വല്ല്യേട്ടൻ നേടിയത്. പിന്നീടുള്ള കണക്കുകൾ പുറത്തുവന്നിരുന്നില്ല.
റീ റിലീസ് കിംഗ് 'തുമ്പാട്' തന്നെ
2024ൽ റീ റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷാ സിനിമകളിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ് തുമ്പാട്. 2018ൽ ആയിരുന്നു ഈ ഹിന്ദി ചിത്രം റിലീസ് ചെയ്തത്. തുമ്പാടിന്‍റെ ബജറ്റ് കേവലം അഞ്ച് കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ വൻ പ്രേക്ഷക പ്രീതി ചിത്രത്തിന് നേടാനായി. രണ്ടാം വരവിലും അതിന് കോട്ടം തട്ടിയില്ല. റീ റിലീസിന്റെ ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ വൻ കളക്ഷൻ സ്വന്തമാക്കിയ ചിത്രം ആഗോളതലത്തിൽ 39 കോടിയാണ് ആകെ നേടിയതെന്നാണ് റിപ്പോർട്ട്.
ദളപതി നിറഞ്ഞാടിയ ഗില്ലി
റീ റിലീസ് ചെയ്യപ്പെട്ട സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മറ്റൊരു ചിത്രം വിജയിയുടെ ഗില്ലിയാണ്. 2004ൽ തെലുങ്ക് ചിത്രമായ ഒക്കഡുവിൻ്റെ തമിഴ് റീമേക്കായി എത്തിയ ചിത്രം അക്കാലത്ത് തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. പുത്തൻ സാങ്കേതിക മികവിൽ സിനിമ എത്തിയപ്പോഴും കാണാൻ കാഴ്ച്ചക്കാർ ഏറെയായിരുന്നു. ഏപ്രിൽ 20ന് ആയിരുന്നു ഗില്ലിയുടെ റീ റിലീസ്. 26.50 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് റിപ്പോർട്ട്.
രജനികാന്തിന്റെ ബാഷ, ദളപതി, പടയപ്പ, ബാബ
രജനികാന്തിന്റേതായി നാല് സിനിമകളാണ് റീ റിലീസ് ചെയ്യപ്പെട്ടത്. ബാഷ, ദളപതി, പടയപ്പ, ബാബ എന്നിവയാണ് അവ. ഇതിൽ ബാബയാണ് ആദ്യം റിലീസ് ചെയ്തത്. 75 ലക്ഷമാണ് ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ പടയപ്പ റീ റിലീസ് ചെയ്തുവെങ്കിലും വേണ്ടത്ര ബോക്സ് ഓഫീസ് പ്രതികരണം നേടാൻ ചിത്രത്തിനായില്ല. ബാഷ 90 ലക്ഷമാണ് നേടിയതെന്നാണ് കണക്കുകൾ. ദളപതി രണ്ടാം വരവില്‍ 2 കോടിയാണ് നേടിയത്. 2023ൽ മുത്തു റീ റിലീസ് ചെയ്തിരുന്നു.
കമൽഹാസന്റെ 'ആളവന്താൻ'
2001ൽ റിലീസ് ചെയ്ത കമൽഹാസൻ ചിത്രമാണ് 'ആളവന്താൻ'. അന്ന് വൻ പരാജയം നേരിട്ട ചിത്രത്തിൽ ഡബിൾ റോളിൽ ആയിരുന്നു കമൽഹാസൻ എത്തിയത്. 25 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍, ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു. പുത്തൻ സാങ്കേതിയ മികവിൽ വീണ്ടും ചിത്രം എത്തിയപ്പോൾ 15 ലക്ഷമാണ് നേടാനായത്. 2023ൽ റീ റിലീസ് ചെയ്ത ചിത്രം 2024ൽ യുട്യൂബിൽ പുതുക്കിയ വെർഷൻ റിലീസ് ചെയ്തു.
പണമിറക്കി പണംവാരല്‍; 2024 ലും ബോളിവുഡിനെ നിഷ്പ്രഭമാക്കിയ തെലുങ്ക് സിനിമ
മുകളിൽ പറഞ്ഞ ചിത്രങ്ങൾക്ക് പുറമെ വിവിധ ഭാഷകളിൽ വേറെയും ചില സിനിമകൾ റീ റിലീസ് ചെയ്തിരുന്നു. സൂര്യയുടെ വാരണം ആയിരം രണ്ടാം വരവിൽ മൂന്ന് കോടിയാണ് നേടിയത്. ഹിന്ദി ചിത്രം ലൈല മജ്നു 9 കോടി, ഷാരൂഖ് ഖാൻ ചിത്രം കൽ ഹോന ഹോ 5.60 കോടി, രൺബീർ കപൂർ ചിത്രം റോക്ക്സ്റ്റാർ 10-12 കോടി വരെ നേടിയെന്നുമാണ് വിവരം. ഒരു വടക്കൻ വീരഗാഥ, ആവനാഴി എന്നീ സിനിമകളാണ് മലയാളത്തിൽ ഇനി റീ റിലീസിന് ഒരുങ്ങുന്ന പടങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..