വിജയ് ദേവരകൊണ്ടയ്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനു പാപ്പച്ചന്‍; കാരണം തേടി ആരാധകര്‍

By Web Team  |  First Published Feb 4, 2023, 8:04 PM IST

ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് ഈ ചിത്രം


ലിജോ പെല്ലിശ്ശേരി സ്കൂളില്‍ നിന്ന് എത്തി, രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന നിലയില്‍ സ്വന്തം അസ്തിത്വം അടയാളപ്പെടുത്തിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയ ചിത്രങ്ങള്‍. ഇവ രണ്ടും വിജയങ്ങളുമായിരുന്നു. ജോയ് മാത്യുവിന്‍റെ രചനയില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ചാവേര്‍ ആണ് ടിനുവിന്‍റെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രം. അതേസമയം സ്വതന്ത്ര സംവിധായകന്‍ ആയതിനു ശേഷവും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി സഹകരിക്കാറുണ്ട് ടിനു പാപ്പച്ചന്‍. ലിജോയുടെ സംവിധാനം പുരോഗമിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലും ടിനു ഉണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്ക്കും പുഷ്പ അടക്കമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച തെലുങ്കിലെ പ്രശസ്ത നിര്‍മ്മാതാവ് നവീന്‍ യെര്‍നേനിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ടിനു പാപ്പച്ചന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന മലയാളം സിനിമാപ്രേമികളും വിജയ് ദേവരകൊണ്ട ആരാധകരും ഒരുപോലെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ അര്‍ഥം എന്തായിരിക്കുമെന്ന വിവിധങ്ങളായ സാധ്യതകളാണ് പലരും മുന്നോട്ടുവെക്കുന്നത്. മലൈക്കോട്ടൈ വാലിബനില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖരും ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിജയ് ദേവരകൊണ്ട മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥിവേഷത്തിലെങ്കിലും എത്തുമോ എന്നാണ് ഒരുവിഭാഗം സിനിമാപ്രേമികളുടെ ചോദ്യം. എന്നാല്‍ പുഷ്പ നിര്‍മ്മാതാവും ഒപ്പമുള്ളതിനാല്‍ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരു ടിനു പാപ്പച്ചന്‍ ചിത്രം വരുമോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്. ചിത്രത്തിന് താഴെ കുഞ്ചാക്കോ ബോബനും ജസ്റ്റിന്‍ വര്‍ഗീസും അടക്കമുള്ളവരും കമന്‍റുകളുമായി എത്തുന്നുണ്ട്.

Latest Videos

ALSO READ : 'ഏതോ ജന്മകല്‍പനയില്‍'; വാണി ജയറാം അഥവാ എവര്‍ഗ്രീന്‍ ഹിറ്റ് ചാര്‍ട്ട്

അതേസമയം മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ഷിബു ബേബിജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ഒന്നാണ്. 

click me!