വിജയ് എല്‍സിയുവിലേക്ക് എത്തിയതുപോലെ ആര്‍സിയുവിലേക്ക് (രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സ്) പുതിയൊരു താരം കൂടി എത്തുകയാണ്
എല്‍സിയു എന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ആയിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ സജീവ ചര്‍ച്ച. പുതിയ വിജയ് ചിത്രം ലിയോ ഈ യൂണിവേഴ്സിന്‍റെ ഭാഗമാവുമോ എന്ന ആകാംക്ഷയാണ് ആ ചര്‍ച്ചകളെ മുന്നോട്ട് നയിച്ചത്. ഇപ്പോഴിതാ അതിന് ഉത്തരം ആയിരിക്കുകയാണ്. എല്‍സിയുവിലെ മൂന്നാം ചിത്രമായാണ് ലോകേഷ് ലിയോ ഒരുക്കിയിരിക്കുന്നത്. ലിയോയുടെ റിലീസ് ദിനത്തില്‍ ബോളിവുഡില്‍ നിന്നുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സും പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുകയാണ്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ പൊലീസ് കഥകളുടെ ഫ്രാഞ്ചൈസിയായ രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സ് ആണ് അത്.
വിജയ് എല്‍സിയുവിലേക്ക് എത്തിയതുപോലെ ആര്‍സിയുവിലേക്ക് (രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സ്) പുതിയൊരു താരം കൂടി എത്തുകയാണ്. ബോളിവുഡ് യുവനിരയില്‍ തന്‍റേതായ വഴിയിലൂടെ സഞ്ചരിക്കുന്ന ശ്രദ്ധേയ താരം ടൈഗര്‍ ഷ്രോഫ് ആണ് അത്. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമായി ഒരുങ്ങുന്ന അഞ്ചാം ചിത്രം സിംഗം എഗെയ്നിലാണ് ടൈഗര്‍ ഷ്രോഫും എത്തുന്നത്. ഇന്‍സ്പെക്ടര്‍ ബജിറാവു സിംഗമായി അജയ് ദേവ്ഗണ്‍ എത്തുന്ന ചിത്രത്തില്‍ സൂര്യവന്‍ശിയായി അക്ഷയ് കുമാറും സിംബയായി രണ്‍വീര്‍ സിംഗും എത്തുന്നുണ്ട്. ശക്തി ഷെട്ടിയായി ദീപിക പദുകോണും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഓഫീസര്‍ എസിപി സത്യ എന്ന കഥാപാത്രത്തെയാണ് ടൈഗര്‍ ഷ്രോഫ് ചിത്രത്തില്‍ അവതരിപ്പിക്കുക. പ്രഖ്യാപനത്തിനൊപ്പം ടൈഗര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. കരീന കപൂറും അര്‍ജുന്‍ കപൂറും ചിത്രത്തില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അര്‍ജുന്‍ കപൂര്‍ പ്രതിനായകനായിരിക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
ALSO READ : റിലീസിന് മുന്‍പ് അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ആകെ എത്ര? 'ലിയോ' നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക