'കൊത്ത'യ്ക്ക് ശേഷം ദുല്‍ഖര്‍ കമല്‍ ഹാസനൊപ്പം; ചിത്രീകരണം ആരംഭിച്ചു

By Web Team  |  First Published Jan 24, 2024, 12:53 PM IST

ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്‍മിയും ഒപ്പം


തമിഴിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ മലയാളി താരങ്ങള്‍ എത്തുന്നത് ഇപ്പോള്‍ സാധാരണമാണ്. ആ ലിസ്റ്റിലെ പുതിയ എന്‍ട്രിയാണ് കമല്‍ ഹാസന്‍ നായകനാവുന്ന തഗ് ലൈഫ്. മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരാണ് അവര്‍. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. 

കരിയറില്‍ രണ്ടാമത്തെ തവണയാണ് മണി രത്നവും കമലും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന്‍ ആണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ച ഒരേയൊരു ചിത്രം. ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന.

Latest Videos

രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ്  മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ : ഫഹദ് മലയാളത്തില്‍ പുനരവതരിക്കുന്നു! ഒപ്പം 'ലിയോ'യിലെ ഹൃദയരാജ്; ആവേശം ടീസര്‍

click me!