
പറയുമ്പോള്‍ അവസാനത്തില്‍ നിന്നും തുടങ്ങാം, മലയാളത്തിന്‍റെ സ്വന്തം 'മോഹന്‍ലാല്‍ തുടരും' എന്ന വാചകത്തിലാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും അവസാനിക്കുന്നത്. ഒരോ പ്രേക്ഷകനും മനസില്‍ ആഗ്രഹിച്ചത് ആ രണ്ടര മണിക്കൂറിനുള്ളില്‍ ലഭിച്ചു കഴിഞ്ഞു. മോഹന്‍ലാല്‍ എന്ന നടന പ്രതിഭയുടെ ശരിയായ ഉപയോഗമാണ് ചിത്രത്തില്‍ പ്രേക്ഷകന് അനുഭവമായി മാറുന്നത്.
'ബെന്‍സ്' എന്ന് നാട്ടുകാരും ഭാര്യയും എന്തിന് സ്വന്തം മക്കളും വിളിക്കുന്ന ഷണ്‍മുഖന്‍ റാന്നിക്കാരനായ ടാക്സി ഡ്രൈവറാണ്. തന്‍റെ പഴയ അംബാസഡര്‍ കാറിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ബെന്‍സ്, കുടുംബത്തിനൊപ്പം സന്തോഷമായി ജീവിക്കുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ ഒരു പ്രശ്നത്തില്‍പ്പെട്ട് കാര്‍ പൊലീസ് സ്റ്റേഷനിലാകുന്നു. ഇവിടെ മുതലാണ് അപ്രതീക്ഷിതമായ വഴിയിലൂടെ ചിത്രം കടന്നുപോകുന്നത്.
ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയ സമയത്ത് എന്തോ ഒളിപ്പിച്ചുവച്ചിട്ടുണ്ട് ചിത്രത്തില്‍ എന്ന് പൊതുവില്‍ വിലയിരുത്തലുകള്‍ വന്നതാണ്. അത് സര്‍പ്രൈസിന്‍റെ ഒരു ഉരുള്‍പൊട്ടല്‍ പോലെയാണ് തീയറ്ററില്‍ പ്രേക്ഷകന് സിനിമ അനുഭവമായി വരുന്നത്. ഷണ്‍മുഖന്‍റെ മുന്‍കാലം തൊട്ട് ഇതുവരെ ചിത്രത്തിന്‍റെ ഒരു ഘട്ടത്തിലും പുറത്തുവിടാതിരുന്ന കാസ്റ്റിംഗുകള്‍ വരെ ശരിക്കും അനുഭവമാകുന്നു.
മോഹന്‍ലാല്‍ അവതരിപ്പിക്കാത്തതായി മലയാളിക്ക് മുന്നില്‍ ഒരു റോളും ബാക്കി കാണില്ല. എങ്കിലും അദ്ദേഹം എന്നും പുതുമ തരും. അത്തരത്തില്‍ നൈസര്‍ഗിക അഭിനയത്തിന്‍റെ ആ പ്രതിഭ വിലാസത്തെ ഏതുതരത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഒരു ഫിലിംമേക്കറുടെ വെല്ലുവിളി. തരുണ്‍ മൂര്‍ത്തി തന്‍റെ മൂന്നാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിനെ പരമാവധി ഉപയോഗിച്ചിരിക്കുന്നു. വിന്‍റേജ് ലാലേട്ടന്‍ മോഡലില്‍ നിന്നും ഇമോഷണല്‍ പീക്കിലേക്കും, പിന്നീട് ചിലയിടത്ത് ഒജി ലാലേട്ടനായും ഒക്കെ പ്രേക്ഷകന് കൈയ്യടിക്കാനും, ഒന്ന് ഇമോഷണലാകാനും ഒക്കെ അവസരം നല്‍കുന്നുണ്ട് തുടരും.
കെആര്‍ സുനിലുമായി ചേര്‍ന്ന് തരുണ്‍ മൂര്‍ത്തി ഒരുക്കിയ സ്ഥിരതയുള്ള തിരക്കഥ ചിത്രത്തിന്‍റെ എലിവേഷനുകള്‍ കൃത്യമായി പ്രേക്ഷകനില്‍ എത്തിക്കുന്നതാണ്. ചിത്രത്തിന്‍റെ തുടക്കത്തിലെ ഫാമിലി മോമന്‍റില്‍ നിന്നും കത്തികയറി ചിത്രത്തിന്‍റെ വേഗത്തിനൊപ്പം സഞ്ചരിക്കുന്ന ജെക്സ് ബിജോയിയുടെ സംഗീതവും ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്.
ശോഭന മോഹന്‍ലാല്‍ കോംബോയുടെ രസകരമായ നിമിഷങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കിലും അതില്‍ മാത്രം തളച്ചിടുന്നില്ല സിനിമ. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. ഇതില്‍ പ്രകാശ് വര്‍മയുടെ റോള്‍ ശരിക്കും ചിത്രത്തിന് വലിയൊരു ഇംപാക്ട് തന്നെയാണ് ഉണ്ടാക്കുന്നത്.
മോഹന്‍ലാല്‍ എന്ന നടനെ ആഘോഷിക്കുന്നവര്‍ക്ക് വേണ്ട ഫുള്‍ പാക്ക്ഡ് ചിത്രമാണ് തുടരും. ചിത്രത്തിന്‍റെ പ്രമോഷനില്‍ സംവിധായകന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാഴാകുന്നില്ലെന്ന് ചിത്രം കണ്ടിറങ്ങുമ്പോള്‍ വ്യക്തമാണ്.
പ്രതീക്ഷ കാത്തോ?, എങ്ങനെയുണ്ട് തുടരും?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
'അതേ അതിശയം തന്നെ, എനിക്ക് മോഹൻലാൽ': 'തുടരും' അനുഭവം വിവരിച്ച് ഇര്‍ഷാദ് അലി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ