ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 1950 കളിലെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ്ണകാലമാണ് ചിത്രം ആവിഷ്കരിക്കുന്നത്.
മുംബൈ: അജയ് ദേവ്ഗൺ മൈദാൻ എന്ന ചിത്രം ഈ ഈദ് സീസണില്‍ തീയറ്ററുകളില്‍ എത്തും. ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ കായികരംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്രശസ്ത ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്‍റെ ബയോപികാണ് ചിത്രം. ബദായ് ഹോ ഫെയിം അമിത് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 1950 കളിലെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ്ണകാലമാണ് ചിത്രം ആവിഷ്കരിക്കുന്നത്. അന്നത്തെ വളരെ ശുഷ്കമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ലോക വേദിയില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം എത്തിയ കഥയാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം.
ചിത്രത്തില്‍ പ്രിയമണിയാണ് നായിക. അജയ് ദേവഗണ്‍ അവതരിപ്പിക്കുന്ന ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്‍റെ ഭാര്യയായണ് പ്രിയമണി എത്തുന്നത്. നേരത്തെ ഈ വേഷത്തിനായി കണ്ടിരുന്നത് കീര്‍ത്തി സുരേഷിനെ ആയിരുന്നു എന്നാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകനായ അമിത് ശർമ്മ വെളിപ്പെടുത്തുന്നത്.
“അബ്ദുൾ റഹിമിയുടെ ഭാര്യ വേഷത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എന്‍റെ മനസില്‍ ഒരു കൃത്യമായ രൂപം ഉണ്ടായിരുന്നു. ആ സ്ത്രീ കഥാപാത്രം അങ്ങനെ തന്നെ പ്രത്യക്ഷപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. കീര്‍ത്തിയെ ആദ്യം ഈ വേഷത്തിലേക്ക് ആലോചിച്ചു എന്നാൽ ആ സമയത്ത് കീർത്തി തീരെ ഭാരം കുറഞ്ഞ അവസ്ഥയിലായിരുന്നു. അതിനാല്‍ കഥാപാത്രത്തിന് യോജിക്കാത്തതിനാല്‍ മാറ്റി" സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഗജരാജ് റാവു, രുദ്രനിൽ ഘോഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോണി കപൂർ, സീ സ്റ്റുഡിയോയുമായി സഹകരിച്ചാണ് ചിത്രം നിർമ്മിച്ചത്.
ബോളിവുഡ് താരം നേഹ ശര്‍മ്മ ബിഹാറില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചേക്കും; പാര്‍ട്ടി ഇതാണ്